സര്‍ക്കാര്‍ ആശുപത്രിയില്‍ വിതരണമില്ല; രണ്ട് ജീവന്‍രക്ഷാ മരുന്നുകളുടെ വില താങ്ങാനാവാതെ രോഗികള്‍

കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ വിതരണം ചെയ്യേണ്ട രണ്ട് ജീവന്‍രക്ഷാ മരുന്നുകള്‍ അവശ്യമരുന്ന് പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനാല്‍  ഉയര്‍ന്ന വില നല്‍കി പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികള്‍. പ്രതിരോധശേഷി കുറഞ്ഞ അതിഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് നല്‍കുന്ന ഇന്‍ട്രാവീനസ് ഇമ്യൂണോഗ്ളോബുലിന്‍ (ഐ.വി.ഐ.ജി), ഹ്യൂമന്‍ ആല്‍ബുമിന്‍ എന്നീ ഇന്‍ജക്ഷനുകളാണ് സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് ആയിരങ്ങള്‍ നല്‍കി വാങ്ങേണ്ടിവരുന്നത്.

കഴിഞ്ഞവര്‍ഷം ഇവയുടെ ലഭ്യതക്കുറവുമൂലം അവശ്യമരുന്നുകളുടെ പട്ടികയില്‍നിന്ന് സര്‍ക്കാര്‍ നീക്കിയിരുന്നു. ഇവ വാങ്ങാനുള്ള ഉയര്‍ന്ന സാമ്പത്തികച്ചെലവും മരുന്ന് ഒഴിവാക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചു. റിലയന്‍സ് പോലുള്ള കമ്പനികളില്‍നിന്ന് കുപ്പിക്ക് 8400 രൂപ നിരക്കിലാണ് സര്‍ക്കാര്‍  ഐ.വി.ഐ.ജി ഇന്‍ജക്ഷന്‍ വാങ്ങിയിരുന്നത്. സര്‍ക്കാറിന്‍െറ അവശ്യമരുന്ന് പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ള ഇനമായിരുന്നു ഇത്. അഞ്ച് ഗ്രാം ബോട്ടിലിന് 10000 രൂപ വരെയാണ് സ്വകാര്യ ഫാര്‍മസികളിലെ വില. രോഗത്തിന്‍െറ തീവ്രതക്കനുസരിച്ച് ആറു മുതല്‍ 20 ഇന്‍ജക്ഷന്‍വരെ പ്രയോഗിക്കേണ്ടിവരും. ഇത്തരത്തില്‍ 20 ബോട്ടില്‍ ഉപയോഗിക്കുന്നയാള്‍ക്ക് രണ്ടു ലക്ഷത്തോളം രൂപ മരുന്നിനുതന്നെ ചെലവാകും. സ്വകാര്യ ഫാര്‍മസികളിലെ ഹ്യൂമന്‍ ആല്‍ബുമിന്‍ ബോട്ടിലിന്‍െറ വില 4000 മുതലാണ്. കാരുണ്യയില്‍ 3280 രൂപക്ക് ലഭിക്കും.

പ്രതിരോധശേഷിക്കുറവുമൂലം രക്തവാതം പോലുള്ള നാഡീസംബന്ധമായ അസുഖങ്ങള്‍, ഗില്ലന്‍ബാരി സിന്‍ഡ്രം പോലുള്ള അതിഗുരുതമായ രോഗങ്ങള്‍ ഉള്ളവര്‍ക്കാണ് ഐ.വി.ഐ.ജി നിര്‍ദേശിക്കുന്നത്. കരള്‍, വൃക്ക, ഹൃദയം, അര്‍ബുദ രോഗികള്‍ക്കെല്ലാം ഗുരുതരാവസ്ഥയില്‍ ഈ മരുന്ന് നല്‍കും. കരള്‍ രോഗങ്ങള്‍, ശരീരത്തില്‍ രക്തം കൂടിയതോതില്‍ കുറഞ്ഞതുമൂലമുള്ള ശാരീരികാഘാതങ്ങള്‍ തുടങ്ങിയവക്കാണ് ഹ്യൂമന്‍ ആല്‍ബുമിന്‍ ഇന്‍ജക്ഷന്‍ നല്‍കുന്നത്.
വിലക്കൂടുതലുള്ള മരുന്നായതിനാല്‍ കാരുണ്യ ഫാര്‍മസിയിലും കേന്ദ്രസര്‍ക്കാറിന്‍െറ വിലനിയന്ത്രണം മൂലം സ്വകാര്യ ഫാര്‍മസികളിലും ഹ്യൂമന്‍ ആല്‍ബുമിന്‍െറ ലഭ്യതക്കുറവുണ്ട്. അടുത്തകാലം വരെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യമായി ലഭിച്ചിരുന്ന ഐ.വി.ഐ.ജിയും ഹ്യൂമന്‍ ആല്‍ബുമിനും അവശ്യ മരുന്നുകളുടെ ലിസ്റ്റ് തയാറാക്കിയ സര്‍ക്കാര്‍ കമ്മിറ്റിയുടെ പിഴവുമൂലം ഒഴിവാക്കപ്പെടുകയായിരുന്നു എന്ന് ആക്ഷേപമുണ്ട്.

സാധാരണ സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ മരുന്നുകള്‍ അത്യാവശ്യമല്ളെങ്കിലും മെഡിക്കല്‍ കോളജുകളെ സംബന്ധിച്ചിടത്തോളം ഇവ ഏറെ ആവശ്യമുള്ളവയാണ്. ഒരുദിവസം അഞ്ചുപേര്‍ക്കെങ്കിലും ഈ മരുന്നുകള്‍ മെഡിക്കല്‍ കോളജുകളില്‍ നിര്‍ദേശിക്കുന്നുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ മരുന്നുകള്‍ക്കുള്ള ഇന്‍ഡന്‍റ് സര്‍ക്കാറില്‍ സമര്‍പ്പിച്ചപ്പോള്‍ രോഗികളുടെ ആവശ്യം പരിഗണിച്ച് ഈ മരുന്നിന്‍െറ പേരുകൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കനിഞ്ഞാലേ രോഗികള്‍ക്ക് ആശ്വാസമാവൂ.

Tags:    
News Summary - govt hospital pharmacy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.