ഓട്ടിസം നേരത്തെ തിരിച്ചറിയാം; രക്ഷിതാക്കൾ അറിയേണ്ട കാര്യങ്ങൾ

ഏപ്രില്‍ രണ്ട് എല്ലാ വര്‍ഷവും ലോക ഓട്ടിസം ബോധവത്കരണ ദിനമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കുന്നു. ഓട്ടിസം ബാധിച്ച ആളുകളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും അവരുടെ അവകാശങ്ങളും നേട്ടങ്ങളും തിരിച്ചറിയാനും ഇത് ലക്ഷ്യമിടുന്നു. കൂടാതെ ഈ വിഭാഗത്തിലുള്ള ആളുകളെ സമൂഹത്തിന്റെ അഭിവാജ്യ ഘടകമായി അവരുടെ ജീവിത നിലവാരം ഉയര്‍ത്തി അര്‍ഥപൂര്‍ണമായ ജീവിതം നയിക്കാനുള്ള പിന്തുണ നല്‍കേണ്ടതിന്റെ പ്രാധാന്യം ഈ ദിനം നമ്മളെ ഓര്‍മപ്പെടുത്തുന്നു.

ലൈറ്റ് ഇറ്റ് അപ്പ് ബ്ലൂ കാമ്പയിന്‍

ഓട്ടിസത്തെപ്പറ്റി പരസ്യമായി മാധ്യമങ്ങളിലൂടെയും മറ്റും ചിത്രീകരിക്കുമ്പോള്‍ അത് വിവിധ ലക്ഷണങ്ങളുള്ള ഒരു വര്‍ണാഭമായ അവസ്ഥയായാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത്. തന്മൂലം മഴവില്ല് വര്‍ണങ്ങള്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങളെയും കഴിവുകളെയും പ്രതിനിധീകരിക്കുന്നു. ഇതില്‍ നീല നിറം ഓട്ടിസം ബാധിതരുടെ ശാന്തമായ വികാരവും സ്വീകാര്യതയുമായി ബന്ധപ്പെടുന്നു. 'ലൈറ്റ് ഇറ്റ് അപ്പ് ബ്‌ളൂ' (Light it up blue) കാമ്പയിന്‍ ലോകമെമ്പാടുമുള്ള ഓട്ടിസം ബോധവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ആളുകളോട് നീല വസ്ത്രം ധരിച്ച് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരണം നടത്താന്‍ ആഹ്വാനം ചെയ്യുന്നു. ഏകദേശം പതിനായിരത്തില്‍ 23 കുട്ടികള്‍ നമ്മുടെ രാജ്യത്ത് ഓട്ടിസം ബാധിതരാണെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. രണ്ട് ദശാബ്ദക്കാലമായി ഈ സംഖ്യ കൂടി വരുന്നു.

എന്താണ് ഓട്ടിസം

ഓട്ടിസം അഥവാ ഓട്ടിസം സ്‌പെക്ട്രം ഡിസീസ് ആശയ വിനിമയവും പെരുമാറ്റ വെല്ലുവിളികളും ഉള്‍പ്പെടുന്ന സങ്കീര്‍ണമായ അവസ്ഥയാണ്. ജീവിതകാലം മുഴുവനും നീണ്ടു നില്‍ക്കുന്നതും പ്രത്യേക പരിചരണം ആവശ്യമുള്ളതുമായ തലച്ചോറ് സംബന്ധമായ വ്യത്യസ്തതയാണ് ഈ അവസ്ഥ. അതിനാല്‍ ഓട്ടിസം ഒരു ന്യൂറോ ഡെവലപ്‌മെന്റല്‍ രോഗമെന്ന് പറയാം.

സാമൂഹീകരണം, ആശയ വിനിമയം എന്നീ കാര്യങ്ങളില്‍ മറ്റ് കുട്ടികളില്‍ നിന്ന് വളരെ പ്രകടമായ വ്യത്യസ്തതയില്‍ ജീവിക്കുന്ന കുട്ടികളാണ് ഇവര്‍. ചുറ്റുപാടും ശ്രദ്ധിക്കാതെ ആന്തരിക സ്വപ്ന ലോകത്തില്‍ ജീവിക്കുന്ന അവസ്ഥ. ഓട്ടിസം ഡിസോര്‍ഡര്‍ നാഡീവ്യവസ്ഥയെ ബാധിക്കുകയും ഇത് വ്യക്തിയുടെ മൊത്തം വൈജ്ഞാനിക, വൈകാരിക സാമൂഹിക തലങ്ങളില്‍ വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു. മറ്റുള്ളവര്‍ എങ്ങിനെ ചിന്തിക്കുന്നു അല്ലെങ്കില്‍ അനുഭവപ്പെടുന്നു എന്ന് മനസ്സിലാക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടാണ്. കണ്ണില്‍ നോക്കി സംസാരിക്കാനോ, ഒന്ന് മറുപുഞ്ചിരി നല്‍കാനോ ഇവര്‍ക്ക് കഴിയാറില്ല. തെളിച്ചമുള്ള ലൈറ്റുകളോ, ഉച്ചത്തിലുള്ള ശബ്ദങ്ങളോ ഇവരെ അലട്ടാറുണ്ട്.

അപരിചതമായ സാഹചര്യങ്ങളെയും സാമൂഹിക സംഭവങ്ങളെ കുറിച്ചും പലപ്പോഴും ആകുലപ്പെടുകയോ, അസ്വസ്ഥരാകുകയോ ചെയ്യാറുണ്ട്. കൂടാതെ വിവരങ്ങള്‍ മനസ്സിലാക്കാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ രക്ഷിതാക്കള്‍ അവര്‍ക്ക് വേണ്ടി സംഘടിപ്പിക്കപ്പെടുന്ന ബോധവത്കരണ ക്ലാസ്സുകളില്‍ വെച്ച് എന്നോട് പലപ്പോഴും ഈ ആകുലതകള്‍ പങ്ക് വെക്കാറുണ്ട്. ആറ്റുനോറ്റുണ്ടായ കുട്ടിയില്‍ നിന്ന് അച്ഛന്‍, അമ്മ എന്നീ വിളികള്‍ കേള്‍ക്കാന്‍ കഴിയാതെയും പിഞ്ചു കുഞ്ഞുങ്ങളുടെ ഈ അവസ്ഥകളില്‍ വേദനിച്ചും നടക്കുന്ന രക്ഷിതാക്കള്‍. പക്ഷെ ഈ അവസ്ഥയെ ധൈര്യപൂര്‍വം അഭിമുഖീകരിച്ചേ പറ്റൂ.

രോഗനിര്‍ണയം

ഒരു മെഡിക്കല്‍ രോഗ നിര്‍ണയം ആവശ്യമാണ്. DSM 5 അനുസരിച്ച് ASD യുടെ വിശാലമായ രോഗ നിര്‍ണയം Asperger's syndrome പോലുള്ള അവസ്ഥകളെ ഉള്‍ക്കൊള്ളുന്നതാണ്. രോഗലക്ഷണങ്ങളുടെ തീവ്രതയും വ്യാപ്തിയും വളരെ വ്യത്യസ്തമായിരിക്കും. ആശയ വിനിമയത്തിലെയും സാമൂഹിക ബാഹ്യ ഇടപെടലുകളിലെയും ബുദ്ധിമുട്ട്, കൈകളും ശരീര ഭാഗങ്ങളും പ്രത്യേക രീതിയില്‍ ചലിപ്പിക്കല്‍, ആവര്‍ത്തിച്ചുള്ള പെരുമാറ്റങ്ങള്‍ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. പ്രകോപനമില്ലാതെ മറ്റുള്ളവരെ ഉപദ്രവിക്കുക, ഒരേ സ്ഥലത്തേക്കോ വസ്തുക്കളിലേക്കോ കുറേ നേരം നോക്കി നില്‍ക്കുക, കളിപ്പാട്ടങ്ങളും വസ്തുക്കളും നിരനിരയായി വെക്കുക, ആശ്ലേഷണം, ലാളന തുടങ്ങിയ ശാരീരിക സ്പര്‍ശനങ്ങളില്‍ അനിഷ്ടം പ്രകടിപ്പിക്കുക, ഏത് സാധനവും കൈയിലെടുത്ത് മണത്തു നോക്കുക തുടങ്ങിയവും ലക്ഷണങ്ങളാണ്. നേരത്തെ കണ്ടു പിടിക്കുകയാണെങ്കില്‍ വ്യക്തികളില്‍ ഒരു പാട് മാറ്റങ്ങള്‍ വരുത്താവുന്നതാണ്.


ASD മൂന്ന് വയസ്സിന് മുമ്പ് ആരംഭിക്കുകയും ഒരു വ്യക്തിയുടെ ജീവിതത്തിലുടനീളം നിലനില്‍ക്കുകയും ചെയ്യുന്നു. ചില കുട്ടികളില്‍ ജീവിതത്തിന്റെ ആദ്യ 12 മാസത്തിനുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ കാണിക്കുന്നു. എന്നാല്‍ ചിലരില്‍ 24 മാസമോ അതിനു ശേഷമോ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. ഓട്ടിസമുള്ള ചില കുട്ടികള്‍ 18 മാസം മുതല്‍ 24 മാസം വരെ പുതിയ കഴിവുകള്‍ നേടി വികസന നാഴികക്കല്ലുകള്‍ താണ്ടുകയും ചെയ്യുന്നു. തുടര്‍ന്ന് പുതിയ കഴിവുകള്‍ നേടുന്നത് നിര്‍ത്തുകയോ പഴയ കഴിവുകള്‍ ഇല്ലാതാവുകയോ ചെയ്യുന്നു.

പിറന്നു വീണ ആദ്യ നാളുകളില്‍ തന്നെ ഓട്ടിസമുള്ള കുട്ടികള്‍ക്ക് നേത്ര സമ്പര്‍ക്കം നിലനിര്‍ത്തുന്നതില്‍ പ്രയാസമുണ്ടാകുന്നു. ഒമ്പത് മാസത്തിനുള്ളില്‍ പേര് വിളിക്കുമ്പോള്‍ പ്രതികരിക്കുന്നില്ല. ഒന്നരവയസ്സിനുള്ളില്‍ മറ്റുള്ളവര്‍ ചൂണ്ടി കാണിക്കുന്നിടത്ത് ചൂണ്ടുകയോ നോക്കുകയോ ചെയ്യുന്നില്ല, മറ്റു കുട്ടികളെ പോലെ ചെറിയ കളികളില്‍ ഏര്‍പ്പെടുകയോ, കൈകൊണ്ട് ആവശ്യങ്ങള്‍ കാണിക്കുകയോ, കൈ വീശി കാണിക്കുകയോ ചെയ്യുന്നില്ല. രണ്ട് വയസ്സിനുള്ളില്‍ മറ്റുള്ളവര്‍ സങ്കടപ്പെടുന്നത് കണ്ട് വേദനിക്കുകയോ, അത് ശ്രദ്ധിക്കുകയോ ചെയ്യാറില്ല. ഇവര്‍ പാവകളെ പരിപാലിക്കുകയോ, മറ്റ് കുട്ടികളുമായി കൂട്ടുകൂടി കളിക്കാറോ ഇല്ല.

മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ ഇവര്‍ക്ക് വികാരങ്ങളും താൽപര്യങ്ങളും പ്രകടിപ്പിക്കാന്‍ വിഷമകരമാകും. ശരീരഭാഷയിലൂടെ ആശയ വിനിമയവും അസാധ്യമാണ്. ഓട്ടിസം ഉള്ളവരില്‍ സ്റ്റിമ്മിങ് സാധാരണയായി കാണപ്പെടുന്നു. റോക്കിങ്, ഹാന്‍ഡ് ഫ്ലാപ്പിങ് തുടങ്ങിയ പെരുമാറ്റങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സ്റ്റിമ്മിങ് എന്ന സ്വയം ഉത്തേജിപ്പിക്കുന്ന സ്വഭാവ വിശേഷങ്ങള്‍ ഓട്ടിസം ഉള്ള ആളുകള്‍ക്ക് വികാരങ്ങളും അമിതമായ സംവേദനങ്ങളും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഓട്ടിസം ബാധിച്ച പലര്‍ക്കും സ്റ്റിമ്മിങ് നിര്‍ത്താന്‍ ബുദ്ധിമുട്ടാണ്. പലപ്പോഴും ആവര്‍ത്തന ചലനമോ, സംസാരമോ ഇവരില്‍ കാണാറുണ്ട്.

ചികിത്സ

നിങ്ങളുടെ കുട്ടിക്ക് മേല്‍ പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് രോഗ നിര്‍ണയത്തിന് ചൈല്‍ഡ് സൈക്യാടിസ്റ്റ്, സൈക്കോളജിസ്റ്റ്, പീഡിയാട്രിക് ന്യൂറോളജിസ്റ്റ് പോലുള്ള ASD കുട്ടികളെ ചികിത്സിക്കാന്‍ കഴിവുള്ള സ്‌പെഷലിസ്റ്റിന് റെഫര്‍ ചെയ്യാവുന്നതാണ്. എന്നാല്‍ ഓട്ടിസം ചികിത്സിച്ച് ഭേദമാക്കാന്‍ സാധ്യമല്ല. രോഗലക്ഷണങ്ങള്‍ മൂലമുള്ള ബുദ്ധിമുട്ടുകള്‍ കുറക്കുകയും വികസനത്തെയും പഠനത്തെയും പിന്തുണക്കുന്നതിലൂടെയും കുട്ടിയുടെ പ്രവര്‍ത്തനശേഷി പരമാവധി വര്‍ധിപ്പിക്കുകയാണ് ചികിത്സയുടെ ലക്ഷ്യം.


പ്രീ സ്‌കൂള്‍ വര്‍ഷങ്ങളിലെ ആദ്യകാല ഇടപെടല്‍ നിര്‍ണായകമായ സാമൂഹികവും ആശയ വിനിമയപരവുമായ പെരുമാറ്റ രീതികള്‍ പഠിപ്പിക്കാന്‍ ഉതകുന്നതാണ്. ASDക്കുള്ള ഗൃഹാധിഷ്ഠിതവും സ്‌കൂള്‍ അധിഷ്ഠിതവുമായ ചികിത്സകളും ഇടപെടലുകളും അത്യാവശ്യമാണ്. മനശാസ്ത്രജ്ഞന്‍, സംസാര ഭാഷാവിദഗ്ധന്‍, ഒകുപേഷനല്‍ തെറാപ്പിസ്റ്റ് എന്നീ വിദഗ്ധ പരിശീലകര്‍ കുട്ടിയുടെ കഴിവിന്‍റെയും വയസ്സിന്‍റെയും അടിസ്ഥാനത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് അവര്‍ക്കാവശ്യമായ കഴിവുകള്‍ പരിശീലിപ്പിക്കുന്നതാണ്. ബിഹേവിയര്‍, കമ്യൂണിക്കേഷന്‍ തെറാപ്പി, എജുകേഷനല്‍ തെറാപ്പി, ഫാമിലി തെറാപ്പി എന്നിവയിലൂടെ പെരുമാറ്റ രീതികളും സാമൂഹിക ഇടപെടലുകളും ആശയ വിനിമയ രീതികളും മെച്ചപ്പെടുത്താന്‍ സാധിക്കുന്നതാണ്.

പ്രായമാകുമ്പോള്‍ അവര്‍ക്ക് പരിമിതമായ സംസാരശേഷി ഉണ്ടായേക്കാം. എന്നാല്‍ മറ്റ് ചിലര്‍ അസാമാന്യഭാഷാ കഴിവുകള്‍ വികസിപ്പിച്ചേക്കാം. ചില കുട്ടികള്‍ പാട്ട്, ചിത്രകലകള്‍ എന്നീ താൽപര്യമുള്ള വിഷയങ്ങളില്‍ അസാധാരണ കഴിവുകള്‍ ഉണ്ടാക്കാറുണ്ട്. ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ഉള്ള കുട്ടികള്‍ ജീവിതാവസാനം വരെ പ്രശ്‌നങ്ങള്‍ പഠിക്കുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ്. പക്ഷെ ഇവര്‍ക്ക് ശക്തമായ പിന്തുണ ആവശ്യമാണ്. അതോടൊപ്പം കുട്ടിയുടെ ഭാവി അവസരങ്ങള്‍ക്കായി പഠനം, തൊഴില്‍, ജീവിതരീതി, സ്വാതന്ത്ര്യം, മറ്റ് സൗകര്യങ്ങള്‍ എന്നിവയുടെ ആസൂത്രണം കുട്ടിയുടെ മുന്നോട്ടുള്ള പ്രക്രിയയെ സുഗമമാക്കുന്നതാണ്.

തന്റെ ലോകത്ത് താന്‍ മാത്രമെയുള്ളുവെന്നും ചുറ്റുപാടുകള്‍ ശ്രദ്ധിക്കാതെയും ജീവിക്കുന്ന ഈ നിഷ്‌കളങ്കരെ ചേര്‍ത്ത് പിടിച്ച് ആശ്വാസമേകണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.

(കൗണ്‍സലിങ് സൈക്കോളജിസ്റ്റ് ആൻഡ് ചീഫ് കണ്‍സള്‍ട്ടന്‍റ്ഡോ ക്ടര്‍ ലാല്‍സ്, രാമനാട്ടുകര)

Tags:    
News Summary - World Autism Awareness Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.