ചോറല്ല യഥാർഥ വില്ലൻ

പൊണ്ണത്തടിക്കും അമിത ഭാരത്തിനും മറ്റ് രോഗങ്ങൾക്കും എല്ലാം ഈയിടെയായി നാമെല്ലാം കുറ്റപ്പെടുത്തുന്നത് നമ്മുടെ ദൈനംദിന ജീവിതത്തിലെ ഏറ്റവും പ്രധാന ഭക്ഷണമായ ചോറിനെയാണ്. ചപ്പാത്തിയോ ചോറോ ധാന്യങ്ങളടങ്ങിയ ഭക്ഷണക്രമമോ ഒന്നുമല്ല യഥാർഥ വില്ലൻ എന്ന് മനസ്സിലാക്കാതെയാണ് ചോറും ചപ്പാത്തിയും ഈ ശാപം ഏറ്റുവാങ്ങുന്നത് എന്നതാണ് സത്യം. ഇന്ത്യൻ ഭക്ഷണക്രമത്തിൽ കാർബോഹൈഡ്രേറ്റുകൾക്കാണ് മുൻതൂക്കം.

ചോറ്, റൊട്ടി, ധാന്യങ്ങൾ അടങ്ങിയ ഭക്ഷണം എന്നിവയോടെല്ലാം ഇന്ത്യക്കാർക്ക് അമിതമായ ഇഷ്ടവുമുണ്ട്. മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് ഐ.സി.എം.ആർ നടത്തിയ പുതിയ പഠനത്തിൽ രാജ്യത്തെ പ്രധാന ഭക്ഷണങ്ങളെ ഒറ്റയടിക്ക് വില്ലന്മാരാക്കി ചിത്രീകരിക്കുന്നുവെന്ന വിമർശനം ഉയർന്നുവരുന്നുണ്ട്.

മൈദ, റവ, വെർമിസെല്ലി പോലുള്ള മറ്റ് ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾ, കരിമ്പ് പഞ്ചസാര എന്നിവയുൾപ്പെടെ കാർബോഹൈഡ്രേറ്റുകളുടെ എല്ലാ സ്രോതസ്സുകളും ഒരുമിച്ച് ചേർത്ത് ഇന്ത്യക്കാരുടെ മൊത്തം കലോറി ഉപഭോഗത്തിന്റെ 62 ശതമാനം കാർബോഹൈഡ്രേറ്റുകളാണെന്ന് കണക്കാക്കുന്നത് ഒരു തെറ്റായ രീതിയാണ്. രാജ്യത്ത് വിപണി ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുന്ന സോഫ്റ്റ് ഡ്രിങ്കുകളിൽ നിന്നുള്ള പഞ്ചസാര ഉപഭോഗം, ഫ്രക്ടോസ് കോൺ സിറപ്പ് ഉപഭോഗം പോലും കണക്കിലെടുക്കാതെയാണ് ഈ കുറ്റപ്പെടുത്തൽ എന്നതാണ് പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇന്ത്യയിൽ പ്രമേഹത്തിന്റെയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും വർദ്ധനവിന് കാരണം ഭക്ഷണം മാത്രമല്ല എന്നതും ശ്രദ്ധിക്കണം. ഇതിൽ ഒരു ഘടകം മാത്രമാണ് ഭക്ഷണം. സമ്മർദ്ദവും വ്യായാമവും വൈവിധ്യമാർന്ന ജൈവ ഭക്ഷണങ്ങൾ ഉൾപ്പെടുത്താതിരിക്കുന്നതും ജീവിതശൈലി ഘടകങ്ങൾ എന്നിവയൊന്നും രോഗങ്ങൾക്ക് കാരണമായി വിലയിരുത്തപ്പെട്ടിട്ടില്ല എന്നത് പഠനത്തിന്‍റെ പ്രധാന ന്യൂനതയാണെന്ന് വിദഗ്ധർ പറയുന്നു.

പൊണ്ണത്തടിക്കും വർദ്ധിച്ചുവരുന്ന ഉപാപചയ രോഗങ്ങളുടെയും അമിതവണ്ണത്തിനും ധാന്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങൾ മാത്രമല്ല കാരണം. നമ്മുടെ ഭക്ഷണത്തിലെ അമിതമായി സംസ്കരിച്ചതും പഞ്ചസാര അടങ്ങിയതുമായ ഭക്ഷണങ്ങളാണ് യഥാർഥ വില്ലൻ. ഗവേഷണങ്ങളിൽ നിന്ന് സാമാന്യവൽക്കരിച്ചതും തെറ്റിദ്ധരിപ്പിക്കുന്നതുമായ നിഗമനങ്ങളിൽ എത്തിച്ചേരുന്നത് ആരോഗ്യ അപകടങ്ങളിലേക്ക് നയിക്കുന്നതിന് പുറമെ കർഷകരെയും പരിസ്ഥിതിയെയും ഗണ്യമായി ബാധിക്കുകയും ചെയ്യും.

Tags:    
News Summary - The real villain is not the rice.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.