ഹൃദയരോഗങ്ങളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ പുരുഷൻമാരെ കൂടുതലായി കേന്ദ്രീകരിക്കുന്ന ഒരു പ്രവണത പണ്ട് മുതലേ ഉണ്ട്. സ്ത്രീകളെ കുറിച്ച് ഈ ചർച്ചകളിൽ അധികം പ്രതിപാദിക്കാറില്ല. അതുകൊണ്ട് തന്നെ പുരുഷൻമാരുടെ ഹൃദയം സ്ത്രീകളെക്കാൾ ദുർബലമാണന്നുള്ള ധാരണ പൊതുവെ ഉണ്ടായിട്ടുണ്ട്. എന്നാൽ എന്താണ് യാഥാർഥ്യം ? സ്ത്രീകളിൽ ഏറ്റവും കൂടുതലുണ്ടാകുന്ന മരണകാരണം ഹൃദയ രോഗങ്ങളാണ്. എന്നാൽ ഈ യാഥാർഥ്യം അറിയാത്തതുകൊണ്ട് തന്നെ ഇവർ രോഗ ലക്ഷണങ്ങളെ അവഗണിക്കുകയോ വേണ്ടത്ര പരിചരണം ഹൃദയത്തിന് നൽകാതെ പോവുകയോ ചെയ്യുന്നു.
പുരുഷൻമാർക്ക് നെഞ്ചു വേദനയായി തന്നെ രോഗ ലക്ഷണം കാണിക്കുമ്പോൾ സ്ത്രീകളിൽ വയറു വേദന, ഓക്കാനം, ശ്വാസ തടസ്സം, നടു വേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് പ്രത്യക്ഷപ്പെടുക. അതുകൊണ്ട് തന്നെ ദഹന പ്രശ്നമെന്നോ, മാനസിക സമർദ്ദമെന്നോ കരുതി ഈ രോഗ ലക്ഷണങ്ങൾ അവഗണണിക്കുകയാണ് ചെയ്യാറ്. പലപ്പോഴും സ്ത്രീകളുടെ രോഗ ലക്ഷണങ്ങൾ ആങ്സൈറ്റി ആയി തെറ്റിദ്ധരിക്കപ്പെടുന്നത് അവർക്ക് ചികിത്സ ലഭിക്കുന്നത് വൈകുന്നതിനും മരണത്തിലേക്കും നയിക്കുന്നു.
ഹൃദയരോഗങ്ങളുടെ സങ്കീർണത വർധിപ്പിക്കുന്നതിൽ ഹോർമോണുകളുടെ പങ്കും എടുത്തു പറയണം. സ്ത്രീകൾക്ക് അവരുടെ പ്രത്യുൽപ്പാദന കാലയളവിൽ ഈസ്ട്രജൻ ഒരു പരിധിവരെ സ്വാഭാവിക സംരക്ഷണം നൽകുന്നുണ്ടെങ്കിൽപോലും എക്കാലവും ഇതിന്‍റെ സംരക്ഷണം ഉണ്ടാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. മധ്യവയസ്സിലെത്തുന്ന സ്ത്രീകളിൽ ആർത്തവ വിരാമം എത്തുന്നതോടെ ഈസ്ട്രജൻ ഹോർമോൺ ഉൽപ്പാദനം നിലക്കും. ഈ സമയത്തുണ്ടാകുന്ന വയറു വേദന, ക്ഷീണം, ശരീര വേദന തുടങ്ങിയവ ഹൃദ്രോഗ ലക്ഷണങ്ങൾക്ക് സമാനമായതിനാൽ യഥാർഥ കാരണം തിരിച്ചറിയപ്പെടാതെ പോവുകയും ചെയ്യുന്നു.
അതേസമയം, ആധുനിക ജീവിതശൈലി സ്ത്രീകളുടെ ഹൃദയാരോഗ്യത്തിന് ഭീഷണി ഉയർത്തുന്നു. ഉയർന്ന സമ്മർദ്ദമുള്ള ജോലികൾ, അമിതമായ വ്യായാമങ്ങൾ, വർദ്ധിച്ചുവരുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം എന്നിവയെല്ലാം ഉയർന്ന അപകടസാധ്യതക്ക് കാരണമാകുന്നു.
വർഷങ്ങളായി സ്ത്രീകളുടെ ഹൃദയാരോഗ്യത്തിന് അർഹമായ ശ്രദ്ധ ലഭിച്ചിട്ടില്ല. ആർത്തവവിരാമം ഹൃദയാഘാത സാധ്യതകൾ വർദ്ധിപ്പിക്കുന്ന ഒരു നിർണായക ഘട്ടമാണ്. എന്നാൽ ക്ലിനിക്കുകളിലും സമൂഹങ്ങളിലും ഇത് ചർച്ച ചെയ്യപ്പെടാതെ കിടക്കുന്നുവെന്നാണ് ഐവിഎഫ് സ്പെഷ്യലിസ്റ്റായ ഡോ. തേജശ്രീ ശ്രോത്രി പറയുന്നത്. ഇവിടെ ഈ വിഷയത്തെക്കുറിച്ച് കൂടുതൽ തുറന്ന സംഭാഷണങ്ങൾ ആവശ്യമാണ്. ഹൃദയാരോഗ്യ പരിശോധനകൾ സ്ഥിരമായി നടത്തുന്നതിന് സ്ത്രീകളെ പ്രോത്സാഹിപ്പിക്കണം.
ജീവിതശൈലി ഘടകങ്ങൾ, സാംസ്കാരിക പക്ഷപാതങ്ങൾ, ആർത്തവ വിരാമത്തിന്‍റെ ലക്ഷണങ്ങൾ എന്നിവയെല്ലാം സ്ത്രീകളെ ഹൃദയാരോഗ്യത്തിൽ നിർണായക ഘടകമാണ്. കൃത്യമായി അവബോധം, പതിവ് പരിശോധനകൾ, എന്നിവയിലൂടെ മാത്രമേ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ. ഹൃദ്രോഗത്തിന് സ്ത്രീ പുരുഷ വിവേചനമില്ലെങ്കിലും അതിന്‍റെ പരിചരണത്തിൽ കാണിക്കുന്ന വിവേചനമാണ് മരണ സാധ്യത കൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.