ഹെഡ് & നെക്ക് ക്യാൻസർ; അറിയാം, പ്രതിരോധിക്കാം.

"പുക വലിക്കരുത്, വലിക്കാൻ അനുവദിക്കരുത്". നിങ്ങളൊരു സിനിമ പ്രേമിയാണെങ്കിൽ ചിത്രം തുടങ്ങുന്നതിന് മുമ്പ് ലഹരിക്ക് എതിരെയുള്ള ഇത്തരം ബോധവൽക്കരണ പരസ്യങ്ങൾ നിരവധി തവണ കണ്ടിട്ടുണ്ടാകും. അതൊരു തമാശയാക്കി അവഗണിക്കുന്നതിന് അപ്പുറം, വിഷയത്തിന്റെ ഗൗരവം എത്ര പേർ ഉൾക്കൊണ്ടിട്ടുണ്ടാവുമെന്നത് സംശയമാണ്. ഹെഡ് ആൻഡ് നെക്ക് ക്യാൻസർ എന്ന ജീവൻ ആപത്തിലാക്കുന്ന രോഗത്തിന്റെ പ്രധാന വില്ലൻ ഇത്തരം ലഹരി വസ്തുക്കൾ തന്നെയാണ്. രാജ്യത്തെ ക്യാൻസർ രോഗികളുടെ മുപ്പത് ശതമാനമാണ് ഹെഡ് & നെക്ക് കാൻസർ ബാധിതർ.

ചെവി, മൂക്ക്, വായ, ചുണ്ടുകൾ, നാവ്, തൊണ്ട,കവിൾ, ഉമിനീർ ഗ്രന്ധികൾ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാൻസറിനെയാണ് ഹെഡ് ആൻഡ് നെക്ക് ക്യാൻസർ എന്ന പേരിൽ വിശേഷിപ്പിക്കുന്നത്. രോഗം ബാധിക്കുന്ന അവയവത്തിന് അനുസരിച്ച് രോഗലക്ഷണങ്ങളിൽ മാറ്റം വരാം. നാവിനും, കവിളിലുമുണ്ടാകുന്ന നിറ വ്യത്യാസം, വിട്ടുമാറാത്ത തൊണ്ട വേദന, പുണ്ണ്, ഉണങ്ങാത്ത മുറിവുകൾ, ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ അനുഭവപ്പെടുന്ന തടസ്സം, ശ്വാസ തടസ്സം, ശബ്ദത്തിലുണ്ടാകുന്ന വ്യത്യാസം, മുഴകൾ തുടങ്ങിയവയാണ് പൊതുവേ കാണപ്പെടുന്ന രോഗലക്ഷണങ്ങൾ.

ഇനി ആദ്യം പറഞ്ഞതിലേക്ക് വരാം. ഹെഡ് ആൻഡ് നെക്ക് ക്യാൻസർ മിക്കപ്പോഴും നമ്മൾ ക്ഷണിച്ചു വരുത്തുകയാണ് എന്നതാണ് വസ്‌തുത. സിഗരറ്റ്, ബീഡി, വെറ്റില ഉൾപ്പടെയുള്ള പുകയില ഉൽപന്നങ്ങളുടെ ഉപയോഗം തന്നെയാണ് പ്രധാന വില്ലൻ. നിരന്തരമായുള്ള മദ്യപാനവും നിങ്ങളെ ഒരു ഹെഡ് ആൻഡ് നെക്ക് ക്യാൻസർ രോഗിയാക്കാൻ പ്രാപ്തമാണ്. ഇവ രണ്ടുമല്ലാതെ പൊതുവെ കാണപ്പെടുന്ന മറ്റൊരു കാരണമാണ് മൂർച്ച കൂടിയ പല്ലുകൾ വായിൽ സൃഷ്ടിക്കുന്ന ഉണങ്ങാത്ത മുറിവുകൾ. നീണ്ട കാലം ഉണങ്ങാതെ നിലനിൽക്കുന്ന ഇത്തരം മുറിവുകൾ ക്യാൻസർ ആയി രൂപാന്തരപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മൂർച്ചയുള്ള പല്ലുകൾ നേരെയാക്കാൻ വൈദ്യ സഹായം തേടേണ്ടതാണ്. ഹ്യൂമൻ പാപ്പിലോമ എന്ന വൈറസും, വിരളമെങ്കിലും ഹെഡ് & നെക്ക് കാൻസറിന്റെ ഒരു കാരണമായി കണ്ടെത്തിയിട്ടുണ്ട്. ഓറൽ സെക്സ് വഴി ഈ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഹ്യുമൻ പാപ്പിലോമ വെെറസിനെ നേരിടാൻ ഇന്ന് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്.

പുകവലിയും മദ്യപാനവും ഉള്ള ആളാണ് നിങ്ങളെങ്കിൽ വർഷത്തിൽ ഒരിക്കലെങ്കിലും ഓറൽ കാവിറ്റി പരിശോധന നടത്തുന്നത് നല്ലതാണ്. ദീർഘകാലം നീണ്ടുനിൽക്കുന്ന പുണ്ണ്, കഴുത്തിലെ മുഴകൾ എന്നിവയ്ക്ക് ബയോപ്സി ചെയ്യുകയുമാവാം. ആദ്യ ഘട്ടത്തിൽ തന്നെ ക്യാൻസർ കണ്ടെത്താനും ചികിൽസിച്ചു ഭേദമാക്കാനും ഇതുവഴി സാധിക്കും.

ക്യാൻസർ ബാധ പ്രാരംഭ ഘട്ടത്തിൽ ആണെങ്കിൽ ശസ്ത്രക്രിയയിലൂടെ രോഗമുക്തി നേടാം. സർജറി ചെയ്‌ത ഭാഗത്തിന്റെ വിശദമായ പാത്തോളജി റിപ്പോർട്ട് എടുത്തതിന് ശേഷമാണ് തുടർചികിത്സാ എങ്ങനെ വേണം എന്ന് തീരുമാനിക്കുക. റേഡിയേഷൻ, കീമോ തെറാപ്പി എന്നിവയാണ് സാധാരണയായി സ്വീകരിക്കാറുള്ള തുടർചികിൽസ രീതികൾ. ഇനി രോഗം മൂർച്ഛിച്ച്, അതായത് 3,4 ഘട്ടങ്ങളിൽ എത്തിയെങ്കിൽ റേഡിയേഷനും കീമോ തെറാപ്പിയും കൂടിയുള്ള ചികിത്സയാണ് നടത്താറുള്ളത്.

ക്യാൻസർ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച് കൂടുതൽ വഷളായ സാഹചര്യമാണ് എങ്കിൽ പാലിയേറ്റീവ് കീമോ തെറാപ്പി, ടാർഗറ്റ് തെറാപ്പി, ഇമ്യൂണോ തെറാപ്പി എന്നീ ചികിത്സ രീതികളും ലഭ്യമാണ്. മെഡിക്കൽ വിദഗ്ദ്ധരുടെ നിർദേശപ്രകാരം മാത്രമാണ് ഏതു തരം ചികിത്സ വേണമെന്ന് തീരുമാനിക്കേണ്ടത്. ഹെഡ് & നെക്ക് സർജിക്കൽ ഓങ്കോളജിസ്റ്റ്, മെഡിക്കൽ ഓങ്കോളജിസ്റ്റ്, റേഡിയേഷൻ ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ന്യൂക്ലിയർ മെഡിസിൻ സ്പെഷ്യലിസ്റ്റ് എന്നീ വിഭാഗങ്ങളിലെ വിദഗ്ധർ ചേർന്നാണ് പൊതുവെ രോഗിയുടെ ചികിൽസ വിധിയിൽ തീരുമാനം എടുക്കുന്നത്.

കേട്ടു തഴമ്പിച്ച വാക്യമാണ് 'പ്രിവൻഷൻ ഈസ് ബെറ്റർ ദാൻ ക്യുവർ' എന്നത്. ഹെഡ് ആൻഡ് നെക്ക് ക്യാൻസറുകളെ പ്രതിരോധിക്കാൻ അടിസ്ഥാനപരമായി ചെയ്യേണ്ടതും അതു തന്നെയാണ്. പുകയില ഉൽപന്നങ്ങളും, മദ്യപാനവും ജീവിത ശൈലിയിൽ നിന്ന് പുറത്തെടുത്തു കളയുക. നമ്മൾ പറഞ്ഞു തുടങ്ങിയിടത്തു തന്നെ അവസാനിപ്പിക്കാം. പുക വലിക്കരുത്. വലിക്കാൻ അനുവദിക്കരുത്.

എഴുതിയത്: ഡോ. മയൂരി രാജപൂർക്കർ, കൺസൾട്ടന്റ് ഹെഡ് ആന്റ് നെക്ക് സർജറി ആസ്റ്റർ മെഡ്സിറ്റി കൊച്ചി

Tags:    
News Summary - head and neck cancer; Know and defend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.