ഫാറ്റി ലിവര്‍ ജീവിതശൈലികൊണ്ട് കീഴ്‌പെടുത്താം

മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഫാറ്റി ലിവര്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. പ്രായവ്യത്യാസമില്ലാതെ ഈ രോഗാവസ്ഥ ബാധിക്കുന്നുവെന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്. ശാരീരികപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നതിന് കരള്‍ വഹിക്കുന്ന പങ്ക് പ്രധാനമാണ്. എന്നാല്‍, പല കാരണങ്ങളാല്‍ കരളില്‍ അമിതമായി കൊഴുപ്പടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍ എന്നറിയപ്പെടുന്നത്. അഞ്ചു ശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവര്‍ എന്ന രോഗാവസ്ഥയായി പരിഗണിക്കുന്നത്.

ഫാറ്റി ലിവര്‍ രണ്ടുതരം

അമിതമായി മദ്യം കഴിക്കുന്നവരില്‍ കണ്ടുവരുന്ന ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, മദ്യപാനം മൂലമല്ലാത്ത നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്നിങ്ങനെ രണ്ടു തരത്തില്‍ ഫാറ്റി ലിവര്‍ കണ്ടുവരുന്നുണ്ട്. പൊണ്ണത്തടിയുള്ളവരിലും അമിതമായി മദ്യപിക്കുന്നവരിലുമാണ് പ്രധാനമായും ഫാറ്റി ലിവര്‍ കണ്ടുവരുന്നത്. എന്നാല്‍ പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോള്‍ പോലുള്ള ജീവിതശൈലീരോഗങ്ങള്‍ അനുഭവിക്കുന്നവരിലും ഫാറ്റി ലിവര്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, ചില മരുന്നുകളുടെ പാര്‍ശ്വഫലംകൊണ്ടും വിൽസണ്‍ ഡിസീസ് പോലുള്ള അസുഖങ്ങളുടെ ഭാഗമായും ചിലരില്‍ ഫാറ്റി ലിവര്‍ കണ്ടുവരുന്നുണ്ട്.

സാധാരണ മധ്യവയസ്സിനോട് അടുക്കുന്ന ഘട്ടത്തിലാണ് ഫാറ്റി ലിവര്‍ കണ്ടുവരാറുള്ളത്. എന്നാല്‍, കഴിഞ്ഞ 10 വര്‍ഷത്തിനിടെ വളരെ പ്രായം കുറഞ്ഞവരിലും ചെറിയ കുട്ടികളിലും ഫാറ്റി ലിവര്‍ എന്ന അവസ്ഥ കണ്ടുവരുന്നുണ്ട്. പ്രാരംഭഘട്ടത്തില്‍തന്നെ രോഗനിര്‍ണയം നടത്തി ചികിത്സിക്കാതിരുന്നാല്‍ ഇത് ലിവര്‍ സിറോസിസ് പോലുള്ള ഗുരുതരാവസ്ഥയിലേക്കു നയിക്കും.

പ്രകടമായ ലക്ഷണങ്ങളില്ല

ഫാറ്റി ലിവര്‍ ബാധിച്ച മിക്കവരിലും പ്രകടമായ ലക്ഷണങ്ങള്‍ അനുഭവപ്പെടാറില്ല. എന്നാല്‍, ചിലരില്‍ വയറിന്‍റെ വലതു വശത്ത്‌ മുകളിലായി അസാധാരണ വേദന അനുഭവപ്പെടാം. ഇതോടൊപ്പം ശരീരത്തിന് ക്ഷീണവും ഉണ്ടായേക്കാം. എന്നാല്‍, ചിലരില്‍ ഫാറ്റി ലിവര്‍ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ ഒന്നുംതന്നെ അനുഭവപ്പെടാതിരിക്കുകയും ലിവര്‍ സിറോസിസിലേക്ക് വഴിമാറിയശേഷം മാത്രം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്യും. കാലുകള്‍, വയര്‍ എന്നിവിടങ്ങളില്‍ നീരുകെട്ടുന്നത് ലിവര്‍ സിറോസിസ് ബാധിച്ചശേഷം കണ്ടുവരുന്ന ചില ലക്ഷണങ്ങളാണ്.

ജീവിതശൈലി മുഖ്യം

ചികിത്സയോടൊപ്പം ആരോഗ്യകരമായ ജീവിതശൈലികൂടി ക്രമപ്പെടുത്തിയാല്‍ ഫാറ്റി ലിവര്‍ നിയന്ത്രിക്കാന്‍ കഴിയും. ആഴ്ചയില്‍ കുറഞ്ഞത് അഞ്ചു ദിവസം 30 മിനിറ്റ് നേരമെങ്കിലും ശരീരം വിയര്‍ക്കുംവിധത്തില്‍ വ്യായാമം ചെയ്യുന്നത് പതിവാക്കണം. ഇതോടൊപ്പം ഭക്ഷണരീതിയിലും കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. പ്രധാനമായും കാര്‍ബോഹൈഡ്രേറ്റ് അല്ലെങ്കില്‍ അന്നജമടങ്ങിയ അരിഭക്ഷണംപോലുള്ളവയുടെ അളവ് പരമാവധി കുറക്കണം. കൂടാതെ, പഞ്ചസാര, റെഡ് മീറ്റ്‌, എണ്ണയില്‍ വറുത്തെടുത്ത ആഹാരങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുന്നത് ഗുണം ചെയ്യും.

പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍ എന്നിവ ധാരാളമായി കഴിക്കുന്നത് നല്ലതാണ്. ഒരു ദിവസം കഴിക്കുന്ന അന്നജത്തിന്റെ അളവ് 20 ശതമാനത്തില്‍ താഴെ മാത്രമായി ചുരുക്കുന്നതാണ് അഭികാമ്യം. ഇത്തരത്തില്‍ വ്യായാമവും ഭക്ഷണവും ക്രമീകരിക്കുകയും മരുന്നുകള്‍ കഴിക്കുകയും ചെയ്‌താല്‍ കുറഞ്ഞ കാലംകൊണ്ടുതന്നെ ഫാറ്റി ലിവര്‍ മാറ്റിയെടുക്കാന്‍ സാധിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.