പ്രമേഹമുണ്ടെന്നു കണ്ടെത്തിയാൽ ഉടൻ എന്തു ചെയ്യുമെന്നാണ് ഒരാളുടെ മനസ്സിൽ ആദ്യം ഉയരുന്ന ചോദ്യം. പ്രമേഹം കണ്ടെത്തിയാൽ ആദ്യപടിയെന്നു പറയുന്നത് പരിഭ്രാന്തരാകാതിരിക്കുക എന്നതാണ്. പ്രമേഹം തന്നെ പിടികൂടിയെന്ന് കണ്ടെത്തുമ്പോൾ മനസ്സിൽ വല്ലാത്ത പ്രയാസം തോന്നാം. പക്ഷേ, ശരിയായ പരിഹാരമാർഗങ്ങൾ ആദ്യഘട്ടത്തിൽതന്നെ സ്വീകരിക്കുന്നത് ഈ അവസ്ഥ കൈകാര്യം ചെയ്യുന്നതിൽ വലിയ മാറ്റമുണ്ടാക്കും. ഫാസ്റ്റിങ് ഗ്ലൂക്കോസ്, എച്ച്.ബി.എ1സി (HbA1C), ഭക്ഷണത്തിനുശേഷമുള്ള പഞ്ചസാരയുടെ അളവ് എന്നിവ എത്രയാണെന്ന് ആദ്യം മനസ്സിലാക്കണം. അതിനുശേഷം നമ്മുടെ ഭക്ഷണത്തിലും ജീവിതശൈലിയിലും സ്ഥിരമായി മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കണം.
ശരീരത്തിൽ ആവശ്യത്തിന് ഇൻസുലിൽ ഉൽപാദിപ്പിക്കാത്തതിനാലോ കോശങ്ങൾ അതിനോട് പ്രതികരിക്കാത്തതിനാലോ ഉള്ള സാഹചര്യം വരുേമ്പാൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശരീരം പാടുപെടുേമ്പാഴാണ് പ്രമേഹം കണ്ടെത്തുന്നത്. ശരിയായ ചികിത്സ തേടിയില്ലെങ്കിൽ കാലക്രമേണ അവയവങ്ങൾ നിശ്ശബ്ദമായി കേടുവരാൻ ഇടയുണ്ട്. അതിനാൽ, നേരത്തേയുള്ള രോഗനിർണയം ഒരു അവസരമാണ്.
നിങ്ങൾ എന്തു ചെയ്യണം?
‘സമീകൃതവും മുഴുവൻ നാരുകളുമടങ്ങിയ ഭക്ഷണക്രമം ആരംഭിക്കാൻ ശ്രദ്ധിക്കണം. പതിവ് ശാരീരികപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുക. മാനസിക സമ്മർദം കുറക്കുക, ആവശ്യത്തിന് ഉറങ്ങുക, പ്രമേഹരോഗ വിദഗ്ധനെ സമീപിക്കുക എന്നീ കാര്യങ്ങൾ വളരെ പ്രധാനമാണ്. മരുന്നുകൾ കൃത്യമായി കഴിക്കണം.
പ്രമേഹം നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. പക്ഷേ, എല്ലാവർക്കും അനുയോജ്യമായ ഒരു കുറുക്കുവഴിയില്ല. അത് നാം മനസ്സിലാക്കണം. നാരുകൾ അടങ്ങിയ ആഹാരം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. യഥാർഥ പ്രമേഹരോഗനിയന്ത്രണം വ്യക്തിപരവും സുസ്ഥിരവുമായ മാറ്റങ്ങളിൽനിന്നാണുണ്ടാകുന്നത്.
അവബോധവും സ്വയം അച്ചടക്കവുമുണ്ടെങ്കിൽ പ്രമേഹം നിയന്ത്രിക്കാവുന്നതാണ് എന്ന് ഓർക്കുക. ശരിയായ മാർഗനിർദേശങ്ങളും ശീലങ്ങളുമുണ്ടെങ്കിൽ പൂർണവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ സാധിക്കും. രോഗനിർണയം എന്നത് അവസാനമല്ല. അത് നമ്മുടെ ആരോഗ്യസംരക്ഷണത്തിനുള്ള നടപടിയുടെ തുടക്കമാണ്. അതിനാൽ നമ്മുടെ ആരോഗ്യത്തിന് മുൻഗണന നൽകുക.
ശരിയായ രീതിയിലും ഫലപ്രദമായും നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വൃക്കകൾ, ഞരമ്പുകൾ, കണ്ണ് എന്നിവയെ ബാധിക്കുന്ന ഗുരുതര സങ്കീർണതകളിലേക്ക് രോഗം നിശ്ശബ്ദമായി നയിക്കാൻ ഇടയുണ്ട് എന്നത് ഒാർക്കുക. രോഗം നേരത്തേ കണ്ടെത്താനും സമയബന്ധിതമായി ഇടപെടാനും നമുക്ക് സാധിക്കണം. ഒരിക്കലും അവഗണിക്കരുതാത്ത പ്രമേഹത്തിെൻറ ആദ്യഘട്ടങ്ങൾ നമുക്ക് പരിശോധിക്കാം.
ക്ഷീണം
എപ്പോഴും ക്ഷീണം തോന്നുന്നത് പല രോഗങ്ങളുടെയും ഒരു പ്രധാന ലക്ഷണമാണ്. ആവശ്യത്തിന് വിശ്രമിച്ചിട്ടും അസാധാരണമായി ക്ഷീണം തോന്നുന്നുവെങ്കിൽ അത് ‘പ്രീ ഡയബറ്റിസി’ന്റെ സൂചനയായിരിക്കും. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ഊർജത്തിനായി ഗ്ലൂക്കോസ് ഉപയോഗിക്കാനുള്ള ശരീരത്തിെൻറ കഴിവിനെ ബാധിക്കുന്നതാണ് ഇതിന് കാരണം. വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ നിർബന്ധമായും വൈദ്യസഹായം തേടണം.
അമിതമായ ദാഹം
പ്രീ ഡയബറ്റിസിെൻറ പ്രധാന ലക്ഷണങ്ങളിലൊന്നാണ് അമിതമായി ദാഹം അനുഭവപ്പെടുന്നത്. രാവിലെ ഉണരുേമ്പാൾ തൊണ്ട വരളുന്നതായി തോന്നാം. ഇത് നിർജലീകരണത്തിെൻറ ലക്ഷണമാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് കാരണം രാത്രിയിൽ ഇടക്കിടെ മൂത്രമൊഴിക്കേണ്ടിവരും. ഇതിെൻറ ഫലമായി രാവിലെ ഉണരുേമ്പാൾ ദാഹം അനുഭവപ്പെടാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയാൽ, അധികമുള്ള പഞ്ചസാരയെ പുറന്തള്ളാൻ വൃക്കകൾക്ക് കൂടുതൽ പ്രവർത്തിക്കേണ്ടിവരുന്നു. ഇത് ശരീരത്തിൽനിന്ന് കൂടുതൽ ജലാംശം വലിച്ചെടുക്കുകയും നിർജലീകരണത്തിനും ദാഹത്തിനും കാരണമാകുകയും ചെയ്യുന്നു.
ഇടക്കിടെ മൂത്രമൊഴിക്കുക
രാത്രിയിൽ ഒന്നിലധികം തവണ മൂത്രമൊഴിക്കാൻ നിങ്ങൾ എഴുന്നേൽക്കാറുണ്ടെങ്കിൽ ശ്രദ്ധ വേണം. പ്രീ ഡയബറ്റിസ് ഉള്ളവർക്ക് രാത്രിയിൽ ഇടക്കിടെ മൂത്രമൊഴിക്കേണ്ടിവരുന്ന അവസ്ഥ സാധാരണമാണ്.
വരണ്ട ചർമം
ശരീരം പ്രമേഹത്തിലേക്ക് നീങ്ങുന്നതിെൻറ ഏറ്റവും വലിയ ലക്ഷണങ്ങളിലൊന്നാണ് കക്ഷത്തിലും കഴുത്തിനു പിന്നിലും ചർമം ഇരുണ്ടുപോകുന്നത് എന്നാണ് ടൈംസ് ഒാഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്. ‘അക്കാന്തോസിസ് നൈഗ്രിക്കൻസ്’ എന്നാണ് ഇൗ അവസ്ഥയെ പറയുന്നത്. ഇൻസുലിൻ പ്രതിരോധത്തിെൻറ സൂചകമായ ഇൗ ലക്ഷണം ഒരു കാരണവശാലും അവഗണിക്കരുത്.
ശരീരഭാരത്തിലെ വ്യത്യാസം
ഡയബറ്റിസ് ഉള്ളവർക്ക് ശരീരഭാരം കുറയാൻ സാധ്യതയുണ്ട്. ഭക്ഷണക്രമത്തിലോ ജീവിതശൈലിയിലോ ഒരു മാറ്റവും വരുത്താതെ ശരീരഭാരത്തിൽ വ്യത്യാസം വരുന്നുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രമേഹവും കാഴ്ചയും
പ്രമേഹം കാരണം കണ്ണിന്റെ റെറ്റിനയിലെ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിച്ച് കാലക്രമേണ സ്ഥായിയായ കാഴ്ചവൈകല്യങ്ങളിലേക്ക് നയിക്കുന്ന മെഡിക്കൽ അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി. വികസിത രാജ്യങ്ങളിലെ അന്ധതയുടെ കാരണങ്ങളിൽ പ്രധാനമാണിത്. പത്തു വർഷമോ അതിൽ കൂടുതലോ പ്രമേഹമുള്ളവരിൽ 80 ശതമാനം വരെ ആളുകളെ ഡയബറ്റിക് റെറ്റിനോപ്പതി ബാധിക്കുന്നു. ശരിയായ പ്രമേഹചികിത്സയും നേത്രനിരീക്ഷണവും വഴി കുറഞ്ഞത് 90 ശതമാനം പുതിയ കേസുകൾ കുറക്കാൻ സാധിക്കും.
ഒരു വ്യക്തിക്ക് എത്രകാലം പ്രമേഹം നിയന്ത്രണത്തിലല്ലാതെയുണ്ടോ, അത്രത്തോളം ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാകാൻ സാധ്യത കൂടുതലാണ്. 2006-07 കാലയളവിൽ ഒഴിവാക്കാവുന്ന അന്ധതയുടെ കാരണങ്ങൾ കണ്ടുപിടിക്കാൻ ഇന്ത്യയിൽ നടന്ന സർവേയിൽ, രാജ്യത്തെ അന്ധതയുടെ 0.1 ശതമാനം ഡയബറ്റിക് റെറ്റിനോപ്പതി മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അന്ധത ബാധിക്കുന്നതുവരെ ഈ അവസ്ഥ പലപ്പോഴും തിരിച്ചറിയാതെപോകുന്നു. മങ്ങിയ കാഴ്ച, കറുത്ത പാടുകൾ കാണുക, രാത്രി കാണാൻ ബുദ്ധിമുട്ട്, നിറങ്ങൾ വേർതിരിച്ച് അറിയാനുള്ള പ്രയാസം ഇവയൊക്കെ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
പ്രധാനമായും പ്രമേഹം നിയന്ത്രണത്തിൽ നിർത്തുക, കൃത്യമായ ഇടവേളകിൽ നേത്രപരിശോധന നടത്തുക, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, ആവശ്യമെങ്കിൽ ലേസർ തെറാപ്പി, ഇൻട്രാവിട്രിയൽ ഇൻജക്ഷനുകൾ, ശസ്ത്രക്രിയ (Vitrectomy) എന്നിവയും ചെയ്യാവുന്നതാണ്. ചികിത്സ വൈകിയാൽ കാഴ്ച പൂർണമായും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
പ്രമേഹവും ദന്ത വൈകല്യങ്ങളും
പ്രമേഹം കണ്ണ്, കാൽ, കിഡ്നി എന്നീ അവയവങ്ങളെ ബാധിക്കുന്നതുപോലെതന്നെ ദന്തവൈകല്യങ്ങൾക്കും കാരണമാകും. പ്രമേഹരോഗികൾ മറ്റുള്ള അവയവങ്ങൾക്ക് പ്രാധാന്യം നൽകുന്നതുപോലെ പല്ലുകൾക്കും പ്രാധാന്യം നൽകേണ്ടതാണ്. പ്രമേഹരോഗികൾക്ക് അവർ അറിയാതെതന്നെ ദന്തവൈകല്യമുണ്ടാക്കുന്ന വിചത്രരോഗമാണ് പ്രമേഹ ദന്തരോഗം.
പ്രമേഹം ഉമിനീരിലെ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കും. രക്തത്തിലെ ഉയർന്ന അളവിലുള്ള ഗ്ലൂക്കോസ് ഉമിനീരിൽ ഇത് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഗ്ലൂക്കോസ് ദോഷകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുന്നു. ഭക്ഷണാവശിഷ്ടവുമായി സംയോജിച്ച് ‘പ്ലാക്ക്’ എന്ന മൃദുപാളി ഉണ്ടാകുന്നു. ഇത് പറ്റിപ്പിടിക്കും. പ്ലാക്ക് നീക്കം ചെയ്തില്ലെങ്കിൽ ഇത് പല്ലുകളിൽ മോണയുടെ രേഖക്കു സമീപം അടിഞ്ഞുകൂടുകയും ‘ടാർടാർ’ എന്ന കഠിനനിക്ഷേപമായി മാറുകയും ചെയ്യും. മോണരോഗത്തിന് ഇത് കാരണമാകുന്നു. ഫലപ്രദമായി ചികിത്സിച്ചില്ലെങ്കിൽ പല്ല് നഷ്ടപ്പെടും.
പല്ലുകളുടെയും മോണയുടെയും പരിചരണം, പതിവായി വൃത്തിയാക്കൽ, ആവശ്യമായ ചികിത്സ തേടൽ തുടങ്ങിയ കാര്യങ്ങൾ ദന്തസംരക്ഷണത്തിന് സ്വീകരിക്കേണ്ടതാണ്. എല്ലാറ്റിലുമുപരി, പ്രമേഹം നിയന്ത്രണത്തിലാക്കുക. വായ ആരോഗ്യത്തോടെയിരിക്കുന്നത് പ്രമേഹം നിയന്ത്രിക്കാനും ഹൃദ്രോഗം, വൃക്കരോഗം, പ്രമേഹവുമായി ബന്ധപ്പെട്ട വിവിധ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവ തടയാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.