കഴുത്തിലെ തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന അർബുദമാണ് തൈറോയ്ഡ് കാൻസർ. കഴുത്തിനു സമീപം ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് കാൻസർ അപൂർവമാണെങ്കിലും ഈ അടുത്തകാലത്ത് ഈ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നുണ്ട്. ഏതു പ്രായത്തിലും തൈറോയ്ഡ് കാൻസർ ബാധിക്കാം. എങ്കിലും 30 മുതൽ 60 വയസ്സു വരെയുള്ള സ്ത്രീകളെയാണ് ഇത് സാധാരണയായി ബാധിക്കുന്നത്. കഴുത്തിൽ വേദനയില്ലാത്ത മുഴയോ വീക്കമോ കാണുക, ശബ്ദത്തിന് മാറ്റം വരുക, കഴുത്തിൽ എന്തോ അമർത്തുന്നതുപോലെയുള്ള തോന്നൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പാപ്പില്ലറി, ഫോളികുലാർ, മെഡുള്ളറി, അനാപ്ലാസ്റ്റിക് എന്നിങ്ങനെ നാല് പ്രധാന തരം തൈറോയ്ഡ് കാൻസറുകളുണ്ട്. ആദ്യഘട്ടത്തിൽ കണ്ടെത്തിയാൽ ഇത് സാധാരണയായി ചികിത്സിച്ചു മാറ്റാൻ സാധിക്കുന്ന ഒന്നാണ്.
പാപ്പിലറി കാൻസർ ഏറ്റവും സാധാരണയായി കണ്ടുവരുന്ന കാൻസറാണ്. ഇവ പതുക്കെ വളരുന്നവയാണ്, കൃത്യസമയത്ത് ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ സാധ്യതയുണ്ട്. ഫോളിക്കുലാർ കാൻസർ ഏകദേശം 10 ശതമാനം മുതൽ 15 ശതമാനം വരെ കേസുകളിൽ കാണുന്നു. പാപ്പിലറി കാൻസറിനെ അപേക്ഷിച്ച് മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെങ്കിലും, നല്ല ചികിത്സാ ഫലം നൽകുന്നു. മെഡുല്ലറി കാൻസർ അപൂർവമാണ്. തൈറോയ്ഡ് ഗ്രന്ഥിയിലെ 'സി' കോശങ്ങളിൽ (C cells) നിന്നാണ് ഇത് ഉണ്ടാകുന്നത്. ഇത് കാൽസിടോണിൻ ഹോർമോൺ ഉത്പാദിപ്പിക്കുന്നു. ഇത് പലപ്പോഴും പാരമ്പര്യമായി ഉണ്ടാകാം. അനാപ്ലാസ്റ്റിക് കാൻസർ വളരെ അപൂർവമാണ്. ഏകദേശം ഒരു ശതമാനം കേസുകളാണ് ഉണ്ടാവുന്നത്. ഇതാണ് ഏറ്റവും അപകടകരമായ തരം. ഇത് അതിവേഗം വളരുകയും വ്യാപിക്കുകയും ചെയ്യുന്ന കാൻസറാണ്.
ലോകത്തിന്റെ ചില ഭാഗങ്ങളിൽ തൈറോയ്ഡ് കാൻസർ നിരക്കുകൾ വർധിച്ചു വരുന്നു. മറ്റ് കാൻസറുകളേക്കാൾ വേഗത്തിലാണ് ഈ വർധനവ്. ഇതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. സ്ത്രീകളിൽ ഹോർമോൺ വ്യതിയാനങ്ങൾ, പ്രത്യേകിച്ച് ഈസ്ട്രജന്‍റെ സാന്നിധ്യം, തൈറോയ്ഡ് കാൻസറിന് കാരണമാകാം. ഇത് സ്ത്രീകളിൽ പുരുഷന്മാരേക്കാൾ ഈ രോഗം കൂടുതലായി കാണാനുള്ള ഒരു കാരണമാണ്. പുരുഷന്മാരേക്കാൾ ഏകദേശം മൂന്നിരട്ടിയിലധികം സ്ത്രീകൾക്കാണ് തൈറോയ്ഡ് കാൻസർ ബാധിക്കുന്നത്. 30 വയസ്സിന് താഴെയുള്ളവരിൽ 121ശതമാനം, 30-44 വയസ് പ്രായമുള്ളവരിൽ 107ശതമാനം, 45-59 വയസ് പ്രായമുള്ളവരിൽ 50 ശതമാനം, 15 ശതമാനം എന്നിങ്ങനെയാണ് തൈറോയ്ഡ് കാൻസർ രോഗബാധിതരുടെ ആപേക്ഷിക വർധനവ് എന്ന് റിസർച്ച് ഗേറ്റിന്റെ റിപ്പോർട്ട് പറയുന്നു. ആഗോളതലത്തിൽ മാത്രമല്ല ഇന്ത്യയിലും എല്ലാ അർബുദങ്ങളിലും തൈറോയ്ഡ് കാൻസർ സംഭവങ്ങളും വ്യാപന നിരക്കും വർധിച്ചിട്ടുണ്ട്.
സ്തനാർബുദത്തിന് ശേഷം 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ അർബുദമാണ് തൈറോയ്ഡ് കാൻസറെന്ന് ഫോർട്ടിസ് ഗ്രൂപ്പിലെ മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമറ്റോ-ഓങ്കോളജി ഡയറക്ടർ ഡോ. നിതി റൈസാദ പറയുന്നു. അമിതവണ്ണമുള്ളവരിൽ തൈറോയ്ഡ് കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. കുടുംബത്തിൽ ഇത്തരം അസുഖങ്ങളുടെ ചരിത്രമുണ്ടെങ്കിൽ, തൈറോയ്ഡ് കാൻസറിനുള്ള സാധ്യത വർധിക്കുന്നു. ഭക്ഷണത്തിലെ അയഡിന്‍റെ അളവിലെ വ്യത്യാസങ്ങളും തൈറോയ്ഡ് പ്രവർത്തനങ്ങളെ ബാധിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.