കുട്ടികളിലെ തക്കാളിപ്പനി നിസ്സാരമല്ല; മാതാപിതാക്കൾ അറിയാൻ...

തക്കാളിപ്പനി (Tomato Flu) എന്നത് പ്രധാനമായും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെ ബാധിക്കുന്ന വൈറൽ അസുഖമാണ്. ഇതിന് കൈകളിലും കാലുകളിലും വായിലും തക്കാളിക്ക് സമാനമായ ചുവന്ന, വേദനാജനകമായ കുമിളകൾ ഉണ്ടാകുന്നു. പനി, നിർജ്ജലീകരണം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളും കാണിക്കാം. ഇത് വളരെ എളുപ്പത്തിൽ പടരുന്നതാണ്. ശുചിത്വം പാലിക്കുക, ജലാംശം നിലനിർത്തുക, രോഗം പടരാതിരിക്കാൻ ശ്രദ്ധിക്കുക എന്നിവയാണ് പ്രതിരോധ മാർഗങ്ങൾ.

മിക്കവാറും കേസുകളിൽ കോക്സാക്കി വൈറസ് (Coxsackievirus A16) എന്ന വൈറസാണ് ഇതിന് കാരണമാകുന്നത്. ഇത് സാധാരണയായി കണ്ടുവരുന്ന കൈ-കാൽ-വായ് രോഗത്തിന്റെ (Hand, Foot, and Mouth Disease - HFMD) വകഭേദമാണെന്നാണ് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നത്. ഇതൊരു പകർച്ചവ്യാധിയാണ്. രോഗബാധിതരായ കുട്ടികളുടെ സ്പർശനത്തിലൂടെയോ, അവർ ഉപയോഗിച്ച വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവയിലൂടെയോ വൈറസ് മറ്റുള്ളവരിലേക്ക് പടരാം.

ഡെങ്കിപ്പനിയോ ചിക്കുൻഗുനിയയോ ബാധിച്ച കുട്ടികളിൽ അതിന്റെ ആഫ്റ്റർ ഇഫക്ട് ആയി ഇത്തരം ചുവന്ന കുരുക്കൾ വരാൻ സാധ്യതയുണ്ട്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ പ്രതിരോധശേഷി കുറവായതിനാലാണ് വൈറസ് ബാധ അവരെ പെട്ടെന്ന് ബാധിക്കുന്നത്. തക്കാളിപ്പനിക്ക് പ്രത്യേക മരുന്നുകളില്ല, ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നൽകുന്നത്. അതിനാൽ പനി കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കി ഒരു ഡോക്ടറുടെ നിർദേശം തേടേണ്ടതാണ്.

പ്രധാന ലക്ഷണങ്ങൾ

ചുവന്ന കുമിളകൾ: തക്കാളി പോലെയുള്ള തിണർപ്പും കുമിളകളും ചർമത്തിൽ പ്രത്യക്ഷപ്പെടുന്നു.

പനി: ഉയർന്ന പനി ഉണ്ടാകാം

നിർജ്ജലീകരണം: ശരീരത്തിൽ ജലാംശം കുറയുന്നു

ക്ഷീണം: കടുത്ത ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടുന്നു

കൈകാൽ വേദന: കൈകളിലും കാലുകളിലും വേദനയും തടിപ്പും ഉണ്ടാകാം

മറ്റ് ലക്ഷണങ്ങൾ: വയറുവേദന, ഛർദ്ദി, ചുമ, ജലദോഷം എന്നിവയും കാണിക്കാം

തക്കാളിപ്പനി പ്രധാനമായും കണ്ടുവരുന്നത് വേനൽക്കാലത്തും മഴക്കാലത്തിന്റെ തുടക്കത്തിലുമാണ്. മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിൽ ഈ രോഗം കൂടുതൽ കണ്ടുവരാറുണ്ട്. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ വൈറസ് പടരാൻ അനുകൂലമാണ്. മെയ്, ജൂൺ മാസങ്ങളിൽ കേരളത്തിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. 2022ൽ കേരളത്തിൽ മെയ് മാസത്തിലാണ് ആദ്യമായി ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തക്കാളിപ്പനി ഉണ്ടാക്കുന്ന എന്ററോവൈറസുകൾ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ വേഗത്തിൽ വളരുകയും പടരുകയും ചെയ്യും. ഡിസംബർ-ജനുവരി മാസങ്ങളിലും കേരളത്തിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം ഇപ്പോൾ ഒരു രോഗവും ഒരു പ്രത്യേക സീസണിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല എന്നതാണ് വാസ്തവം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐസൊലേഷൻ: കുട്ടിക്ക് രോഗമുണ്ടെന്ന് കണ്ടാൽ മറ്റു കുട്ടികളുമായി ഇടപഴകാൻ അനുവദിക്കരുത്. ഒരാഴ്ചയെങ്കിലും വിശ്രമം നൽകണം.

ശുചിത്വം: കുട്ടിയുടെ വസ്ത്രങ്ങളും പാത്രങ്ങളും വെവ്വേറെ സൂക്ഷിക്കുക. കുമിളകളിൽ ചൊറിയാൻ അനുവദിക്കരുത്.

ധാരാളം വെള്ളം കുടിക്കുക: ശരീരത്തിലെ ജലാംശം നിലനിർത്താൻ തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം നൽകുക.

കുളിപ്പിക്കുമ്പോൾ: ഇളം ചൂടുവെള്ളത്തിൽ കുളിപ്പിക്കുന്നത് ചർമത്തിലെ അസ്വസ്ഥതകൾ കുറക്കാൻ സഹായിക്കും.

Tags:    
News Summary - Tomato flu in children is not trivial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.