സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനം. അൽഷിമേഴ്സ് അടക്കമുള്ള ഡിമെൻഷ്യ രോഗങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും രോഗ ബാധിതർക്കും അവരെ പരിചരിക്കുന്നവർക്കും സമൂഹത്തിന്‍റെ കരുതൽ ഉറപ്പാക്കുന്നതിനുമായാണ് എല്ലാവർഷവും ഈ ദിനാചരണം. ലോക അൽഷിമേഴ്സ് ദിനം ഡിമെൻഷ്യ ബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും അനുകമ്പയും പിന്തുണയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നേരത്തെയുള്ള രോഗനിർണയം, പരിചരണം, തുടർ ഗവേഷണം എന്നിവയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്നു. ഈ വർഷത്തെ ലോക അൽഷിമേഴ്‌സ് ദിന പ്രമേയം "ഡിമെൻഷ്യയെക്കുറിച്ച് ചോദിക്കൂ. അൽഷിമേഴ്‌സിനെക്കുറിച്ച് ചോദിക്കൂ" എന്നതാണ്. ഇത് ഡിമെൻഷ്യയെക്കുറിച്ചുള്ള അവബോധവും അറിവും വർധിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നു.
നമ്മുടെ അസ്ഥിത്വം തന്നെ ഓർമകളിലാണ്. അത് നഷ്ടപ്പെടുക എന്നാൽ സ്വന്തത്തെ നഷ്ടപ്പെടുക എന്നാണ്. തലച്ചോറിനെ ബാധിക്കുന്ന മറവി രോഗങ്ങളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന രോഗമാണ് അൽഷിമേഴ്സ്. മറവിയാണ് പ്രധാന രോഗ ലക്ഷണമെങ്കിലും രോഗം ബുദ്ധിശക്തിയെയും ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള കഴിവിനെയും ബാധിക്കുന്നു. പതിയെ ഇത് രോഗിയെ മരണത്തിലേക്ക് നയിക്കുന്നു. നമ്മുടെ മാനസികവും ശാരീരികവുമായ കഴിവുകൾ നഷ്ടപ്പെടുക, മാതാപിതാക്കളെയും പങ്കാളിയെയും മക്കളെയും തിരിച്ചറിയാൻ കഴിയാതിരിക്കുക, സ്വന്തം ഇഷ്ടങ്ങൾ മറന്നു പോവുക തുടങ്ങി രോഗം സമ്മാനിക്കുന്ന ഭീകരതകൾ ഏറെയാണ്. രോഗിയെക്കാൾ ഇവിടെ മാനസികമായും ശാരീരികമായും സാമൂഹികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് അവരെ പരിചരിക്കുന്നവരാണ്.
തലച്ചോറിൽ അമിലോയിഡ് പ്ലാക്കുകളുടെയും ന്യൂറോഫിബ്രില്ലറി ടാംഗിളുകളുടെയും രൂപത്തിൽ പ്രോട്ടീനുകൾ അടിഞ്ഞുകൂടുന്നത് കാലക്രമേണ മസ്തിഷ്കത്തിലെ നാഡി കോശങ്ങളുടെ നാശത്തിന് കാരണമാകുന്നു. പതിയെ തലച്ചോറ് ചുരുങ്ങുന്നു. 65 വയസ് പിന്നിട്ടവരിലാണ് രോഗ സാധ്യത കൂടുതൽ. അടുത്തിടെ നടന്ന കാര്യങ്ങൾ മറന്നു പോവുന്നതിൽ തുടങ്ങി ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ പറ്റാത്ത ഗുരുതര മറവി രോഗത്തിലേക്ക് രോഗി എത്തുന്നു. അൽഷിമേഴ്സ് രോഗത്തിന് ചികിത്സയോ മരുന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ല. തലച്ചോറിന്‍റെ പ്രവർത്തന ശേഷികൾ ഓരോന്നായി നഷ്ടപ്പെടുന്നത് നിർജലീകരണത്തിനും, പോഷകക്കുറവിനും അണുബാധകൾക്കും കാരണമാകുന്നു. ഇതാണ് രോഗിയെ പെട്ടെന്ന് മരണത്തിലെത്തിക്കുന്നത്. മരുന്നുകൾ കൊണ്ടും പരിചരണം കൊണ്ടും രോഗം മൂർഛിക്കുന്നതിൻെ വേഗത കുറക്കാൻ കഴിയും എന്നു മാത്രം.
ഓർമകുറവാണ് പ്രാരംഭ ലക്ഷണം. ഓർത്തെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ആദ്യ ഘട്ടത്തിൽ രോഗിക്ക് തന്നെ മനസിലാകും. പിന്നീടങ്ങോട്ട് ചുറ്റുമുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങും. ഓർമകുറവ് സാധാരണയായി മിക്കവരിലും ഉണ്ടാകും. എന്നാൽ എന്നന്നേക്കുമായി ഓർമകൾ നഷ്ടപ്പെടുന്ന അവസ്ഥയാണ് അൽഷിമേഴ്സ്. ചോദിച്ച കാര്യങ്ങൾ വീണ്ടും വീണ്ടും ചോദിക്കുക, സാധനങ്ങൾ സ്ഥലം മാറി വെക്കുക, പരിചിതമായ സ്ഥലങ്ങളിൽ പോലും വഴി മനസിലാകാതെ അലയുക, പ്രിയപ്പെട്ടവരുടെ പേരുകൾ മറക്കുക, സംസാരത്തിൽ വാക്കുകൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടുക, അടുത്തിടെ ചെയ്ത കാര്യങ്ങൾ മറന്നുപോവുക. ആരോടൊക്കെ സംസാരിച്ചു, എന്താണ് സംസാരിച്ചത്, ഭക്ഷണം കഴിച്ചത് തുടങ്ങിയ കാര്യങ്ങൾ മറക്കുന്നു. രോഗത്തിൻെ ഓരോ ഘട്ടങ്ങളിലായി എഴുതുക, വായിക്കുക, ആശയവിനിമയം നടത്തുക തുടങ്ങിയ ഭാഷാപരമായ കഴിവുകളും സ്ഥലകാല ബോധവും നഷ്ടമാകുന്നു.
ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും ചിന്തിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകുന്നു. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനും നിശ്ചിത സമയത്ത് ബില്ലുകളടക്കാനും കാലക്രമേണ നമ്പറുകൾ പോലും മറന്നുപോകുന്ന അവസ്ഥയിലെത്തുന്നു. തലച്ചോറിന്‍റെ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതോടുകൂടി സന്ദർഭത്തിന് അനുയോജ്യമായ വസ്ത്രം തിരഞ്ഞെടുക്കാൻ പോലും കഴിയാതാകുന്നു. പല്ലുതേക്കുക, കുളിക്കുക, വസ്ത്രം ധരിക്കുക, ശൗചാലയം ഉപയോഗിക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ പോലും ചെയ്യാൻ രോഗികൾക്ക് സാധിക്കാതെ വരുന്നു.
സ്ഥിതിഗതികൾ വഷളാകുന്നുണ്ടെങ്കിലും അൽഷിമേഴ്‌സ് രോഗമുള്ള ആളുകൾക്ക് ചില കഴിവുകൾ നിലനിർത്താൻ കഴിയും. ഇവ സംരക്ഷിത കഴിവുകൾ എന്നറിയപ്പെടുന്നു. പുസ്തകങ്ങൾ വായിക്കുക, പാടുക, നൃത്തം ചെയ്യുക, വരക്കുക, കരകൗശലവസ്തുക്കൾ നിർമിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടും. രോഗത്തിന്‍റെ അവസാന ഘട്ടങ്ങളിൽ മാത്രം ബാധിക്കപ്പെടുന്ന തലച്ചോറിന്‍റെ ഭാഗങ്ങളാണ് സംരക്ഷിക്കപ്പെട്ട കഴിവുകൾ കൈകാര്യം ചെയ്യുന്നത് എന്നതിനാൽ അവ കൂടുതൽ കാലം നിലനിൽക്കും.
അൽഷിമേഴ്‌സ് രോഗത്തിന്റെ കൃത്യമായ കാരണങ്ങൾ പൂർണ്ണമായി മനസിലാക്കാൻ ശാസ്ത്ര ലോകത്തിന് ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ അടിസ്ഥാന തലത്തിൽ, തലച്ചോറിലെ ചില പ്രോട്ടീനുകൾ പതിവുപോലെ പ്രവർത്തിക്കാതിരിക്കുകയും ഇത് ന്യൂറോണുകൾ എന്നറിയപ്പെടുന്ന മസ്തിഷ്ക കോശങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതാണ് രോഗ കാരണം. ന്യൂറോണുകൾ തകരാറിലാകുകയും അവ തമ്മിലുള്ള സംവേദന ക്ഷമത നഷ്ടമാവുകയും ഒടുവിൽ അവ എന്നന്നേക്കുമായി നശിക്കുകയും ചെയ്യുന്നു.
ജനിതക, ജീവിതശൈലി, പാരിസ്ഥിതിക ഘടകങ്ങളുടെ സംയോജനമാണ് അൽഷിമേഴ്‌സ് രോഗത്തിന് മൂല കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഒരു ശതമാനത്തിൽ താഴെ മാത്രം ആളുകളിൽ അൽഷിമേഴ്‌സ് ഉണ്ടാക്കുന്നത് ജനിതക മാറ്റങ്ങളാണ്. ഈ ഗ്രൂപ്പിലെ ആളുകൾക്ക് രോഗം സാധാരണയായി മധ്യവയസ്സിലാണ് ആരംഭിക്കുന്നത്. ആദ്യ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിനും വർഷങ്ങൾക്ക് മുമ്പ് രോഗം ആരംഭിക്കുന്നു. തലച്ചോറിന്‍റെ ഓർമ കൈകാര്യം ചെയ്യുന്ന മേഖലയിലാണ് കേടുപാടുകൾ മിക്കപ്പോഴും ആരംഭിക്കുന്നത്. ന്യൂറോണുകളുടെ നഷ്ടം തലച്ചോറിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. രോഗത്തിന്‍റെ അവസാന ഘട്ടമെത്തുമ്പോഴേക്കും തലച്ചോറ് ചുരുങ്ങിയിട്ടുണ്ടാവും.
വാർദ്ധക്യത്തിന്‍റെ ഭാഗമല്ല അൽഷിമേഴ്‌സ്. എന്നാൽ നിങ്ങൾ പ്രായമാകുമ്പോൾ, രോഗം വരാനുള്ള സാധ്യത വർധിക്കുന്നു. 65 നും 74 നും ഇടയിൽ പ്രായമുള്ള 1,000 പേരിൽ ഓരോ വർഷവും നാല് പുതിയ രോഗനിർണയങ്ങൾ ഉണ്ടാകുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. 75 നും 84 നും ഇടയിൽ പ്രായമുള്ളവരിൽ 1,000 പേരിൽ 32 പുതിയ രോഗനിർണയങ്ങൾ ഉണ്ടാകുന്നു. 85 വയസോ അതിൽ കൂടുതലോ പ്രായമുള്ള 1,000 പേരിൽ 76 പുതിയ രോഗനിർണയങ്ങൾ ഉണ്ടായിരുന്നു.
പുരുഷൻമാരെക്കാൾ ആയുർദൈർഘ്യം സ്ത്രീകൾക്കായതിനാൽ രോഗം പിടിപെടുന്നവരിൽ കൂടുതലും സ്ത്രീകളാണ്. തലക്കേറ്റ ഗുരുതര ആഘാതങ്ങൾ, വായു മലിനീകരണം, മദ്യപാനം, ക്രമരഹിതമായ ഉറക്കശീലം, പുകവലിക്കുന്നതോ അതിന്‍റെ പുക ശ്വസിക്കുകയോ ചെയ്യുന്നത്, വ്യായാമക്കുറവ്, പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, കേൾവിക്കുറവ് തുടങ്ങിയവയും അൽഷ്മേഴ്സിൻെ കാരണങ്ങളായി കണ്ടെത്തിയിട്ടുണ്ട്.
അൽഷിമേഴ്സ് രോഗം തടയാൻ കഴിയില്ല. എന്നാൽ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നത് രോഗം വരാനുള്ള സാധ്യത കുറക്കും. പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ എണ്ണകൾ, പൂരിത കൊഴുപ്പ് എന്നിവ കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുക, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാൻ ശ്രമിക്കുക, പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മത്സ്യം, മാംസം, നട്‌സ്, ഒലിവ് ഓയിൽ തുടങ്ങിയ ആഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുക, വെണ്ണ, ചീസ്, റെഡ് മീറ്റ്, വറുത്ത ഭക്ഷണം, പേസ്ട്രികൾ തുടങ്ങിയ പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും കൂടുതലുള്ള ഭക്ഷണങ്ങൾ കുറക്കുക. മാനസികമായും സാമൂഹികമായും മറ്റുള്ളവരുമായി ഇടപഴകുന്നത് അൽഷിമേഴ്‌സ് രോഗത്തിനുള്ള സാധ്യത കുറക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സാമൂഹിക പരിപാടികളിൽ പങ്കെടുക്കൽ, വായന, നൃത്തം, ബോർഡ് ഗെയിമുകൾ കളിക്കൽ, കല, സംഗീത ഉപകരണം വായിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.