മദ്യപിക്കുന്നവർക്ക് മാത്രമേ കരൾ രോഗങ്ങൾ വരൂ എന്ന ധാരണ തിരുത്തേണ്ട കാലമായിരിക്കുന്നു. ഇന്ന് ആശുപത്രികളിൽ എത്തുന്നവരിൽ വലിയൊരു വിഭാഗം മദ്യപിക്കാത്തവരും ലഹരി ശീലങ്ങൾ ഇല്ലാത്തവരുമാണ്. സാധാരണ ആഹാരരീതി പിന്തുടരുന്നവർ പോലും തങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടെന്ന് കേൾക്കുമ്പോൾ അമ്പരക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിലെ ചില നിശബ്ദ ശീലങ്ങളാണ് കരളിൽ കൊഴുപ്പടിഞ്ഞു കൂടാൻ കാരണമാകുന്നത്. മദ്യപാനം മൂലമല്ലാതെ കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ (NAFLD). നഗരപ്രദേശങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരിൽ ഈ രോഗം അതിവേഗം പടരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. മദ്യപാനം ഒരു കാരണമാണെങ്കിലും മറ്റു പല ജീവിതശൈലി ഘടകങ്ങളും കരളിലെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ഡോ. അമ്രപാലി പാട്ടീൽ പറയുന്നു.
വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും അതിൽ അടങ്ങിയിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കാറില്ല. മൈദ, കൃത്രിമ മധുരം, പാക്കറ്റ് ഭക്ഷണങ്ങൾ, തുടർച്ചയായി പുറത്തുനിന്ന് ഓർഡർ ചെയ്യുന്ന വിഭവങ്ങൾ എന്നിവ കരളിലെ കൊഴുപ്പ് വർധിപ്പിക്കുന്നു. ശരീരത്തിലേക്ക് എത്തുന്ന അമിതമായ പഞ്ചസാരയെയും കൊഴുപ്പിനെയും സംസ്കരിക്കാൻ കഴിയാതെ വരുമ്പോൾ കരൾ അവയെ കൊഴുപ്പായി സംഭരിച്ചു തുടങ്ങുന്നു. ഇത് പുറമെ തടി ഇല്ലാത്തവരിലും സംഭവിക്കാം. ശരീരത്തിന് ആവശ്യമായ ചലനം ലഭിക്കാത്തത് കരളിലെ മെറ്റബോളിസത്തെ ബാധിക്കും. മണിക്കൂറുകളോളം ഇരുന്നുള്ള ജോലി, കുറഞ്ഞ ശാരീരിക അധ്വാനം, ഉറക്കമില്ലായ്മ എന്നിവ ഇൻസുലിൻ റെസിസ്റ്റൻസിന് കാരണമാകുന്നു. ഇത് ഫാറ്റി ലിവറിലേക്കുള്ള പ്രധാന വഴിയാണ്.
ചില സാധാരണ ശീലങ്ങളും കരളിൽ സമ്മർദം ഉണ്ടാക്കാം. ചില മരുന്നുകളുടെ ദീർഘകാല ഉപയോഗം, പെട്ടെന്ന് തടി കുറക്കാനായി ചെയ്യുന്ന കഠിനമായ ഡയറ്റുകൾ, ക്രമരഹിതമായ ഭക്ഷണസമയം, സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗം എന്നിവ ഫാറ്റി ലിവറിന് കാരണമാകാം. തുടക്കത്തിൽ കരൾ രോഗങ്ങൾ വലിയ ലക്ഷണങ്ങൾ കാണിക്കില്ല എന്നതാണ് ഇതിന്റെ അപകടം. എപ്പോഴും അനുഭവപ്പെടുന്ന തളർച്ച, അസ്വസ്ഥത, വയറിന്റെ മുകൾ ഭാഗത്തായി അനുഭവപ്പെടുന്ന നേരിയ വേദന എന്നിവ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാകാം. ഗുരുതരമായ ലക്ഷണങ്ങൾ പുറത്തുവരുമ്പോഴേക്കും രോഗം വല്ലാതെ വർധിച്ചിട്ടുണ്ടാകാം.
ഭക്ഷണത്തിലും ജീവിതശൈലിയിലും വരുത്തുന്ന ലളിതമായ മാറ്റങ്ങൾ കരളിലെ കൊഴുപ്പ് കുറക്കാൻ സഹായിക്കും. ദിവസവും കുറഞ്ഞത് 30 മിനിറ്റ് വേഗത്തിലുള്ള നടപ്പ് ശീലമാക്കുക. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. അമിതമായി മധുരം കലർന്ന പാനീയങ്ങളും സ്നാക്സുകളും ഒഴിവാക്കുക. പെട്ടെന്നുള്ള മാറ്റങ്ങൾക്ക് പകരം കൃത്യസമയത്ത് ആഹാരം കഴിക്കാനും ഉറങ്ങാനും ശ്രദ്ധിക്കുക. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക. കഴിക്കുന്ന ഭക്ഷണത്തിലും എത്രമാത്രം ചലിക്കുന്നു എന്നതിലുമാണ് കരളിന്റെ ആരോഗ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.