കേരളത്തില്‍ മള്‍ട്ടിപ്പ്ള്‍ മൈലോമ വ്യാപകമാകുകയാണ്. പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന രക്താര്‍ബുദങ്ങളില്‍ അപകടകാരിയായ മള്‍ട്ടിപ്പിള്‍ മൈലോമ ചെറുപ്പക്കാരിലും ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്നു. 180ല്‍ പരം രക്താര്‍ബുദങ്ങള്‍ കണ്ടെത്തിയിട്ടുള്ളതില്‍ ഒന്നാണ് മൈലോമ. പ്ലാസ്മ കോശങ്ങള്‍ (ഒരുതരം രക്താണുക്കള്‍) അനിയന്ത്രിതമായി വളരാന്‍ തുടങ്ങുമ്പോള്‍ മജ്ജയില്‍ നിന്ന് ആരംഭിക്കുന്ന ക്യാന്‍സറാണിത്.

മള്‍ട്ടിപ്പിള്‍ മൈലോമ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതിങ്ങനെ

അര്‍ബുദ കോശങ്ങള്‍ അസ്ഥികളെ ദുര്‍ബലമാക്കുകയും അത് ഒടിവുകള്‍ക്കും നടുവേദനക്കും കാരണമാകുകയും ചെയ്യുന്നു. മാത്രമല്ല വൃക്കയെ ഗുരുതരമായി ബാധിക്കുന്ന ചില മാംസ്യപദാര്‍ഥങ്ങള്‍ (പ്രൊട്ടീനുകള്‍) മള്‍ട്ടിപ്പിള്‍ മൈലോമ കോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു. ഹൃദയം, വൃക്ക, നാഡീ വ്യവസ്ഥ എന്നിവയക്ക് ദോഷകരമായ രീതിയില്‍ കൂടിയ അളവില്‍ കാല്‍സ്യമാണ് ഇവ പുറത്തുവിടുന്നത്. ഇതിന്റെ ഭാഗമായി ഹീമോഗ്ലോബിന്റെ അളവ് ശരീരത്തില്‍ ഗണ്യമായി കുറയും. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും രോഗബാധിതരാകാന്‍ സാധ്യത കൂടുകയും ചെയ്യുന്നു. ഈ ലക്ഷണങ്ങള്‍ മള്‍ട്ടിപ്പിള്‍ മൈലോമയുടെ ലക്ഷണങ്ങള്‍ മാത്രമല്ലാത്തതിനാല്‍ രോഗം ഉറപ്പിക്കാനാവില്ല. പക്ഷേ നടുവേദന, ഹീമോഗ്ലോബിന്റെ കുറവ്, വൃക്കരോഗം, നട്ടെല്ലിന് ചതവ് തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ ഡോക്ടറെ കണ്ട് മള്‍ട്ടിപ്പിള്‍ മൈലോമ അല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.


രോഗം തിരിച്ചറിയാം

രക്തത്തിലെ ക്യാന്‍സര്‍ കണ്ടുപിടിക്കാന്‍ സാധാരണ രക്ത-മൂത്ര പരിശോധനയില്‍ കഴിയും. രക്തത്തിലെ ക്യാന്‍സറിന്റെ അനന്തര വിഭാഗങ്ങള്‍ കണ്ടുപിടിക്കുന്നതിന് മജ്ജ എടുത്ത് പരിശോധിക്കേണ്ടതായി വരും. രക്തത്തിന്റെ ചില ഘടകങ്ങളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ക്യാന്‍സര്‍ കണ്ടുപിടിക്കാന്‍ വളരെ സഹായകരമാണ്. മജ്ജയില്‍ നിന്നെടുക്കുന്ന ചെറുസാമ്പിള്‍ നൂതന മൈക്രോസ്‌കോപിന്റെ സഹായത്തില്‍ സ്‌പെഷലിസ്റ്റ് പരിശോധിക്കുകയും മൈലോമ നിര്‍ണയം നടത്തുകയും ചെയ്യാം.

ചികിത്സ

തുടക്കത്തില്‍ തന്നെ രോഗനിര്‍ണയം നടത്തിയാല്‍ മൈലോമ ചികിത്സിച്ചു ഭേദമാക്കാനാകും. പൂര്‍ണ രോഗ വിമുക്തിയ്ക്കും ചികിത്സയുടെ തീവ്രത കുറയ്ക്കുന്നതിനും ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ഒട്ടാകെ ലഘൂകരിക്കുന്നതിനും ഈ ഘട്ടത്തിലെ ചികിത്സകൊണ്ടാകും. മൈലോമ ചികിത്സയില്‍ ഈയടുത്തകാലത്ത് ഏറെ കണ്ടെത്തലുകള്‍ നടന്നിട്ടുണ്ട്. ഇന്ന് മാര്‍ക്കറ്റില്‍ മൈലോമ ചികിത്സക്കും മൈലോമ വീണ്ടും വരാതിരിക്കാനുമായി ധാരാളം മരുന്നുകള്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെയും പ്രതിരോധ മരുന്നുകളിലൂടെയും മള്‍ട്ടിപ്പിള്‍ മൈലോമയെ വരുതിയിലാക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒട്ടേറെ അവയവത്തെ ബാധിക്കുന്ന രോഗമായതിനാല്‍ രക്താര്‍ബുദ, നട്ടെല്ല്, വൃക്ക രോഗ വിദഗ്ധരുമായി ബന്ധപ്പെട്ടുള്ള സമഗ്ര ചികിത്സ പദ്ധതിയാണ് ആവശ്യമായി വരിക. ചുരുക്കത്തില്‍ മൈലോമ രോഗികള്‍ക്ക് ശുഭകരമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. 


ഓട്ടോലോഗസ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റെഷന്‍ എന്ന ഫലപ്രദ ചികിത്സ

രോഗിയുടെ കേടുപറ്റിയ അല്ലെങ്കില്‍ നശിച്ചുപോയ മജ്ജയിലെ മൂലരക്തകോശങ്ങള്‍ മാറ്റി പുതിയ മജ്ജ വയ്ക്കുകയാണ് ചെയ്യുന്നത്. അഫറിസിസ് യന്ത്രത്തിന്റെ സഹായത്തോടെ സ്വന്തം രക്തത്തില്‍ നിന്ന് രക്തമൂലകോശത്തെ വേര്‍തിരിക്കും. ജീവനു ഭീഷണിയായ രക്താര്‍ബുദം ബാധിച്ച രോഗിയുടെ മൂലകോശങ്ങളെ ഉയര്‍ന്ന ഡോസിലുള്ള കീമോതെറാപ്പിയിലൂടെ റേഡിയേഷന്‍ ഉപയോഗിച്ച് നശിപ്പിക്കുന്നു. രക്തത്തിന്റെ അളവ് കുറക്കുന്ന ക്യാന്‍സര്‍ കോശങ്ങളെ നീക്കം ചെയ്ത് മൂലകോശങ്ങളെ രോഗിക്ക് പുതിയ മജ്ജയില്‍ വെച്ച്പിടിപ്പിക്കും. തുടര്‍ന്ന് രോഗിയെ രോഗപ്രതിരോധനിയന്ത്രണ സംവിധാനമുള്ള സുരക്ഷിതമായ സാഹചര്യത്തില്‍ ശുശ്രൂഷിക്കുന്നു. പുതിയതായി കുത്തിവച്ച മൂലകോശങ്ങള്‍ മജ്ജയില്‍ നിലയുറപ്പിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും തുടര്‍ന്ന് സാധാരണരീതിയുള്ള രക്തകോശങ്ങള്‍ ആവശ്യാനുസരണം ഉത്പാദിപ്പിക്കുകയും അങ്ങനെ രോഗം സുഖമാകുകയും ചെയ്യുന്നു.

സ്വന്തം മൂലരക്തകോശങ്ങള്‍ തന്നെ സ്വീകരിക്കുന്ന ഈ പ്രക്രിയയെ ഓട്ടോലോഗസ് രീതിയെന്നാണ് അറിയപ്പെടുന്നത്. ഓട്ടോലോഗസ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റെഷന്‍ (ബി.എം.ടി) എന്ന ചികിത്സയാണ് ആഗോളതലത്തില്‍ മൈലോമ രോഗികള്‍ക്കുള്ള ഫലപ്രദ ചികിത്സയായി അറിയപ്പെടുന്നത്. പ്രത്യേകം സജ്ജീകരിച്ച രോഗീ സൗഹൃദ മുറികളില്‍ അണുനശീകരണ മാനദണ്ഡങ്ങള്‍ പലിച്ചുകൊണ്ടാണ് ചികിത്സ ഒരുക്കിയിട്ടുള്ളത്. അതിനാല്‍ സുരക്ഷിത ചികിത്സാ രീതിയാണിത്. രോഗി സുഖപ്പെടും വരെ രോഗിക്ക് അണുബാധയുണ്ടാകാതിരിക്കാന്‍ പ്രത്യേകം മുറികളിലെ ചികിത്സ ഉള്‍പ്പെടെ അവലംബിക്കേണ്ടതുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.