സ്ത്രീകളുടെ ആരോഗ്യത്തിൽ, പ്രത്യേകിച്ച് ഗർഭകാലത്തും അതിന് മുമ്പും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഫോളിക് ആസിഡ് (വിറ്റാമിൻ B9). ഗർഭാവസ്ഥയുടെ ആദ്യ ആഴ്ചകളിൽ ഫോളിക് ആസിഡ് വളരെ പ്രധാനമാണ്. കുട്ടികളിലെ നാഡീവൈകല്യങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. കുഞ്ഞിന്റെ തലച്ചോറിന്റെയും നട്ടെല്ലിന്റെയും ശരിയായ വികാസത്തിന് ഇത് അത്യാവശ്യമാണ്. ശരീരത്തിൽ പുതിയ കോശങ്ങൾ നിർമിക്കാനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ഫോളിക് ആസിഡ് സഹായിക്കുന്നു. ശരീരത്തിലെ ഡി.എൻ.എ നിർമാണത്തിനും കോശങ്ങളുടെ വിഭജനത്തിനും ഇത് ആവശ്യമാണ്. മുടി, നഖം, ചർമം എന്നിവയുടെ ആരോഗ്യകരമായ വളർച്ചക്കും ഇത് ഗുണകരമാണ്.
വിളർച്ച തടയാനും ഫോളിക് ആസിഡ് അത്യാവശ്യമാണ്. രക്തത്തിലെ ഹോമോസിസ്റ്റീൻ എന്ന അമിനോ ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറക്കാൻ ഫോളിക് ആസിഡ് സഹായിക്കുന്നു. സ്ത്രീകൾ ഗർഭധാരണത്തിന് മാസങ്ങൾക്ക് മുമ്പേ ഫോളിക് ആസിഡ് കഴിച്ചു തുടങ്ങുന്നത് നല്ലതാണെന്ന് വിദഗ്ധർ നിർദേശിക്കുന്നു. ആവശ്യത്തിന് ഫോളിക് ആസിഡ് കഴിക്കാത്തവരിൽ അതിന്റെ കുറവുമൂലമുള്ള വിളർച്ച ഉണ്ടാകും.
സ്ത്രീകളിൽ ആർത്തവസമയത്തുണ്ടാകുന്ന രക്തനഷ്ടം മൂലം വിളർച്ച വരാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിൽ പുതിയ ചുവന്ന രക്താണുക്കൾ നിർമിക്കാൻ ഫോളിക് ആസിഡ് സഹായിക്കുന്നു. ഇത് ക്ഷീണം, തളർച്ച എന്നിവ കുറയ്ക്കാനും ഉന്മേഷം നൽകാനും സഹായിക്കും. ശരീരത്തിന്റെ പലഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ആവശ്യമായ ചുവന്ന രക്തകോശങ്ങൾ ഉണ്ടാകുന്നതിൽ കുറവുവരും. അതുകൊണ്ടു തന്നെ ഗർഭിണികളും പാലൂട്ടുന്ന അമ്മമാരും ഫോളിക് ആസിഡ് സപ്ലിമെന്റുകൾ കഴിക്കുകയും വേണം.
ചീര, കാബേജ്, കോളിഫ്ളവർ, മുട്ടമഞ്ഞ, തൊലിയോടുകൂടിയ ഉരുളക്കിഴങ്ങ്, പയർവർഗങ്ങൾ, ലെറ്റൂസ്, കരൾ (ഗർഭിണികൾ കരൾ കഴിക്കരുത്), പഴങ്ങൾ, പാൽ, ഓറഞ്ച്, ഗ്രീൻപീസ്, സൺഫ്ളവർ സീഡ്സ്, ഗോതമ്പു റൊട്ടി തുടങ്ങിയവയിലെല്ലാം ധാരാളം ഫോളിക് ആസിഡ് ഉണ്ട്. ഇലക്കറികൾ അധികം വേവിച്ചാൽ ഫോളിക് ആസിഡ് നഷ്ടപ്പെടും. ഫോളിക് ആസിഡ് സപ്ലിമെന്റുകൾ കഴിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ നിർദേശം തേടേണ്ടതാണ്. ഓരോരുത്തരുടെയും ആരോഗ്യനില അനുസരിച്ച് ആവശ്യമായ അളവിൽ മാറ്റമുണ്ടാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.