ഭക്ഷണത്തിന് ശേഷം മധുരം കഴിക്കുന്നവരാണോ? ഇതിന് പിന്നിൽ ചില കാരണങ്ങളുണ്ട്

ഭക്ഷണം കഴിച്ചതിന് ശേഷം ചോക്ലേറ്റോ അല്ലെങ്കിൽ മധുരമുള്ളത് എന്തെങ്കിലും കഴിക്കാൻ തോന്നാറുണ്ടോ? എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തോന്നൽ ഉണ്ടാകുന്നത്? ​ഭക്ഷണം കഴിച്ച ശേഷം മധുരം കഴിക്കാൻ തോന്നുന്നത് പല കാരണങ്ങൾ കൊണ്ടാണ്. ശാരീരികവും മാനസികവുമായ ഘടകങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണം കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. ഇതിനെ നിയന്ത്രിക്കാൻ ശരീരം ഇൻസുലിൻ ഉത്പാദിപ്പിക്കും. എന്നാൽ ചിലപ്പോൾ ഈ ഇൻസുലിൻ ഉത്പാദനം കൂടുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുകയും ചെയ്യും. ഈ അവസ്ഥയിൽ ശരീരം ഊർജ്ജം ലഭിക്കുന്നതിനായി മധുരം ആവശ്യപ്പെടും.

മധുരം കഴിക്കുമ്പോൾ തലച്ചോറിൽ ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ സന്തോഷവും സംതൃപ്തിയും നൽകുന്ന ഹോർമോണുകളാണ്. ഭക്ഷണം കഴിച്ചതിന് ശേഷം മധുരം തലച്ചോർ ആവശ്യപ്പെടുന്നതിന് ഇതും ഒരു കാരണമാണ്. കുട്ടിക്കാലം മുതൽ ഭക്ഷണം കഴിച്ച ശേഷം മധുരം കഴിക്കുന്നുണ്ടെങ്കിൽ അത് ഒരു ശീലമായി മാറിയേക്കാം. ഈ ശീലം കാരണം ഭക്ഷണം കഴിക്കുമ്പോൾ അടുത്തത് മധുരമാണ് എന്ന തോന്നൽ തലച്ചോറിൽ ഉണ്ടാകുകയും അത് മധുരത്തോടുള്ള ആഗ്രഹം വർധിപ്പിക്കുകയും ചെയ്യുന്നു.

ഓരോ ദിവസവും ശരീരത്തിനാവശ്യമായ മാക്രോ ന്യൂട്രിയന്റുകളായ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫാറ്റ്, ഫൈബര്‍ എന്നിവയുടെ സന്തുലിതാവസ്ഥ പാലിക്കപ്പെട്ടില്ലെങ്കിലും മധുരം കഴിക്കാന്‍ തോന്നാം. മധുരം കഴിക്കുന്നതില്‍ കര്‍ശനമായ നിയന്ത്രണം വെക്കുന്നതും കൂടുതൽ മധുരം കഴിക്കാന്‍ തോന്നും. പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുന്നതിനുപകരം കഴിക്കുന്നത് മിതമാക്കിയാൽ ഭക്ഷണത്തിന് ശേഷമുള്ള ഈ ആസക്തികൾ കുറക്കാൻ സാധിക്കും.

ഭക്ഷണ പരസ്യങ്ങളും സോഷ്യൽ മീഡിയയും മധുരപലഹാരങ്ങളോടുള്ള ആഗ്രഹം വർധിപ്പിക്കും. ഭക്ഷണ സൂചനകൾ തലച്ചോറിന്റെ പ്രതിഫല സംവിധാനത്തെ സജീവമാക്കുന്നു. ഇത് നിങ്ങൾക്ക് ശാരീരികമായി വിശക്കുന്നില്ലെങ്കിലും മധുരമുള്ള ഒരു വിഭവം കഴിക്കാനുള്ള കൊതി കൂട്ടുന്നു. രാത്രിയിൽ അല്ലെങ്കിൽ ജോലി കഴിഞ്ഞ് വിശ്രമിക്കുമ്പോൾ പലപ്പോഴും നമുക്ക് വിരസത തോന്നാം. അത്തരം സന്ദർഭങ്ങളിൽ മധുരം കഴിക്കുന്നത് സ്വാഭാവികമാണ്.

ചെറുതായി മധുരം കഴിക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നതായി തോന്നുന്നുണ്ടെങ്കില്‍ ആരോഗ്യകരമായ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. മധുരം കഴിക്കാൻ തോന്നിയാൽ പകരം പ്രകൃതിദത്തമായ മധുരമുള്ള പഴങ്ങൾ കഴിക്കാം. കൂടാതെ കൊക്കോയുടെ അംശം കൂടുതലുള്ള ഡാർക്ക് ചോക്ലേറ്റ് (80% മുകളിൽ) ചെറിയ അളവിൽ കഴിക്കുന്നത് മധുരത്തോടുള്ള ആഗ്രഹം കുറക്കാൻ സഹായിക്കും.

ഭക്ഷണത്തിൽ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ എന്നിവ ഉൾപ്പെടുത്തുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതും താഴുന്നതും തടയും. അതുവഴി മധുരം കഴിക്കാനുള്ള ആഗ്രഹം കുറയും. ഭക്ഷണം കഴിച്ചതിന് ശേഷം അല്പനേരം നടക്കുന്നത് ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. ഇത് മധുരം കഴിക്കാനുള്ള തോന്നൽ കുറക്കും. ആരോഗ്യസ്ഥിതിക്കനുസരിച്ച് ഡോക്ടറുടെ നിർദേശപ്രകാരം മാറ്റങ്ങൾ വരുത്തുന്നതാണ് നല്ലത്.

Tags:    
News Summary - Do you eat sweets after meals? There are some reasons behind this

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.