സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണ് സർവിക്കൽ കാൻസർ. ഗർഭാശയ ഗളത്തിൽ ഉണ്ടാകുന്ന ഈ രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ഫലപ്രദമായി ചികിത്സിക്കാൻ സാധിക്കും. രോഗം വൈകി തിരിച്ചറിഞ്ഞാൽ അതിന്റെ ആഘാതം കൂടുതലായിരിക്കും.
ഗർഭാശയത്തിന്റെ താഴെയുള്ള ഭാഗത്ത് (സർവിക്സ്) കോശങ്ങൾ അസാധാരണമായി വളരുകയും, ഇവ നിലനിൽക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് സർവിക്കൽ കാൻസർ. പാപിലോമ വൈറസാണ് (HPV) പ്രധാന കാരണം. പുകവലി, അസ്വസ്ഥമായ ലൈംഗിക ജീവിതം, ശുചിത്വക്കുറവ്, ദീർഘകാല മനോസമ്മർദം, ക്ഷയങ്ങൾ എന്നിവ ഇതിന് കാരണമായി കണക്കാക്കപ്പെടുന്നു. ഹോർമോൺ വ്യതിയാനം മൂലം ഗർഭാശയ ഭാഗത്ത് കാണപ്പെടുന്ന മുഴകൾ, പോളിപ്പുകൾ എന്നിവയുടെ ദീർഘകാലസാന്നിധ്യവും പ്രശ്നകാരിയാണ്.
രോഗത്തിന്റെ തുടക്കത്തിൽ വ്യക്തമായ ലക്ഷണങ്ങൾ കാണണമെന്നില്ല. എന്നാൽ, പീരീഡ്സ് സമയത്തെ അമിത രക്തസ്രാവം, യോനീസ്രാവം, ലൈംഗിക ബന്ധത്തിന് ശേഷം രക്തസ്രാവം, അടിവയറ്റിൽ വേദന, മൂത്രസംബന്ധമായ ബുദ്ധിമുട്ടുകൾ, ക്ഷീണം, അസാധാരണമായ ഭാരം കുറയൽ എന്നിവയുണ്ടായാൽ ഉടനെതന്നെ ഡോക്ടറുടെ നിർദേശം തേടേണ്ടതാണ്
പ്രാഥമിക അണുബാധ ഉണ്ടായതിന് ശേഷം ഏകദേശം 10 മുതൽ 15 വരെ വർഷമെടുക്കും ഇത് കാൻസർ ആയി പരിണമിക്കുവാൻ. PAP smear, കോൾപോസ്കോപ്പി പരിശോധനകളിലൂടെ ഈ കാലയളവിൽതന്നെ ഗർഭാശയഗള കാൻസർ നിർണയിക്കാൻ സാധിക്കും.
ആയുർവേദ പ്രകാരം ആരോഗ്യം എന്നത് വാതം, പിത്തം, കഫം എന്നിവയുടെ സന്തുലിതമായ അവസ്ഥയാണ്. ഇതിലുണ്ടാകുന്ന മാറ്റമാണ് രോഗാവസ്ഥയായി മാറുന്നത്. ഗർഭാശയ മേഖലയിൽ ഉണ്ടാകുന്ന രോഗങ്ങൾ പൊതുവെ “യോനീ വ്യാധികൾ ”എന്ന വിഭാഗത്തിലാണ് അറിയപ്പെടുന്നത്. കാൻസറിന്റെ മുമ്പുള്ള കോശ വ്യതിയാന അവസ്ഥയിൽ (CIN)ആയുർവേദത്തിൽ ചികിത്സ ഉണ്ട്. ശരീരത്തിലെ ആമം (പൂർണമായി പാകമാകാതെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന ടോക്സിക് പദാർഥങ്ങൾ ), രക്തത്തിലെ അശുദ്ധി, അഗ്നിമാന്ദ്യം (ദഹന ശക്തിക്കുറവ് )തുടങ്ങിയവ രോഗവസ്ഥയെ വർധിപ്പിക്കുന്നു.
ഔഷധ ഉപയോഗത്താലും സ്ഥാനിക ചികിത്സകളാലും തുടക്കത്തിൽ പൂർണമായും ഭേദമാക്കാവുന്ന രോഗമാണ് സർവിക്കൽ കാൻസർ. ദീർഘകാല രോഗശമനത്തിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമുള്ള രസായനങ്ങൾ ശരീരത്തെ പുതുക്കി പുനർനിർമിക്കാൻ സഹായിക്കുന്നു. വൈദ്യ നിർദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ. ഔഷധത്തോടൊപ്പം ശുദ്ധമായ ഭക്ഷണം, ശരിയായ ഉറക്കം, മനഃശാന്തി എന്നിവയും രോഗമുക്തിക്ക് അത്യാവശ്യമാണ്.
(തയാറാക്കിയത്- ഡോ.വിദ്യ, ഡോ. ആലിയ (ഗവ. ആയുർവേദ കോളജ് കണ്ണൂർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.