സ്ത്രീകളിലെ മൂത്രാശയ പ്രശ്നങ്ങള്‍ക്ക് വ്യായാമവും ശസ്ത്രക്രിയയും

ചെറുതെങ്കിലും ശാരീരികമായി വളരെയേറെ  അലട്ടുന്ന ആരോഗ്യപ്രശ്നമാണ് സ്ത്രീകളിലെ മൂത്രവാര്‍ച്ച. ഒരുപാടുപേര്‍ പ്രായഭേദമെന്യേ രഹസ്യമായി ഈ അസുഖം കൊണ്ടുനടക്കുന്നുണ്ട്. പ്രതീക്ഷിക്കാതെ, പലപ്പോഴും വ്യക്തി അറിയാതെ തന്നെ മൂത്രം ഒഴിഞ്ഞുപോകുന്ന അവസ്ഥയാണിത്. അത് ചിരിക്കുമ്പോഴോ നടക്കുമ്പോഴോ തുമ്മുമ്പോഴോ ആകാം. അതല്ളെങ്കില്‍ മൂത്രമൊഴിക്കണമെന്ന് തോന്നിക്കഴിഞ്ഞാല്‍ ഒട്ടും പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥ.

കാരണങ്ങള്‍
മൂത്രാശയത്തിലെയും മൂത്രനാളിയിലെയും പേശികളുടെ ബലക്കുറവ് അല്ളെങ്കില്‍ നാഡികളുടെ തളര്‍ച്ച ഈ പ്രശ്നത്തിന് കാരണമാകാം. പ്രസവം, ഭാരം ചുമക്കല്‍, മാസമുറ മുടങ്ങുമ്പോള്‍ വരുന്ന ഹോര്‍മാണുകളുടെ അഭാവം മുതലായ കാരണങ്ങളാല്‍ പേശികള്‍ക്ക് ബലക്ഷയം സംഭവിക്കാം. ചിരി, തുമ്മല്‍ തുടങ്ങിയവമൂലം മൂത്രസഞ്ചിയില്‍ സമ്മര്‍ദ്ദം കൂടുമ്പോള്‍  മൂത്രനാളിയുടെ ആദ്യഭാഗം താഴേക്ക് ഇറങ്ങുകയും അതുമൂലം മൂത്രവാര്‍ച്ച ഉണ്ടാവുകയും ചെയ്യും. സാധാരണയായി മൂത്രം 200 മില്ലി മുതല്‍ 500 മില്ലി വരെ നിറയുമ്പോഴാണ് ഒഴിക്കണമെന്ന തോന്നല്‍ ഉണ്ടാകുന്നത്. എന്നാല്‍ ചിലരില്‍ മൂത്ര സഞ്ചിയിലെ പേശികളുടെ തുടര്‍ച്ചയായ സങ്കോചം മൂലം വളരെ കുറച്ച് മൂത്രം നിറയുമ്പോള്‍ തന്നെ ഒഴിക്കാനുള്ള തോന്നലും പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയുമുണ്ടാകുന്നു. മൂത്രത്തിലെ അണുബാധ, പ്രമേഹം, മാനസിക പിരിമുറുക്കങ്ങള്‍, തലച്ചോറിനെ ബാധിക്കു പാര്‍കിന്‍ സോണിസം മുതയലായവമൂലം ഇങ്ങിനെ സംഭവിക്കാം.

പരിശോധനകള്‍
രോഗിക്ക് അനുഭവപ്പെടുന്ന ലക്ഷണങ്ങളും മൂത്രവാര്‍ച്ചയുണ്ടാവുന്ന സമയവും സന്ദര്‍ഭങ്ങളും വിശദമായി രേഖപ്പെടുത്തുന്നു. ബ്ളാഡര്‍ ഡയറി (Bladder Diary) എന്നു പറയുന്ന ഈ പ്രക്രിയയിലൂടെ രോഗത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ ചികിത്സകന് ലഭ്യമാകുന്നു. പ്രമേഹത്തിന്‍െറ സാന്നിധ്യം മൂത്രത്തിലെ അണുബാധ എന്നിവയും ലാബ് പരിശോധനയിലുടെ കണ്ടത്തൊനാവും. അള്‍ട്രാസൗണ്ട് സ്കാനിംഗ് മുഖേന മൂത്രസഞ്ചിക്കും ഗര്‍ഭാശയത്തിനും സംഭവിക്കാവുന്ന തകരാറുകള്‍ മനസ്സിലാക്കാനാവും. മൂത്രം നിറയുമ്പോള്‍ മൂത്രസഞ്ചിയിലുള്ള മര്‍ദ്ദവ്യത്യാസം മനസ്സിലാക്കാന്‍ യൂറോമെട്രി പരിശോധനയും നടത്താറുണ്ട്. ഏത് തരം മൂത്രവാര്‍ച്ചയാണെ് മനസ്സിലാക്കാന്‍ ഇത് സഹായിക്കും.

ചികിത്സ
രോഗത്തിന്‍െറ സ്വഭാവം, തീവ്രത, കൂടാതെ രോഗിയുടെ ദിനചര്യകളെ എത്രത്തോളം ബാധിക്കുന്നു എന്നതിനനുസരിച്ചാണ് ചികിത്സകള്‍ നിര്‍ദ്ദേശിക്കുന്നത്. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമുള്ള മാറ്റങ്ങളും ചികിത്സയുടെ ഭാഗമാണ്.  അമിതവണ്ണം കുറക്കുന്നതും  ആവശ്യത്തിനനുസരിച്ചുള്ള വ്യായാമവും രോഗശമനത്തിന് ഉപകരിക്കും. ധാരാളം നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് മലബന്ധം ഒഴിവാക്കുന്നതിനും, രോഗലക്ഷണങ്ങള്‍ കുറയുന്നതിനും സഹായകരമാകും. ചായ, കാപ്പി എന്നിവ ഒഴിവാക്കുന്നതും രോഗലക്ഷണങ്ങള്‍ കുറയാന്‍ നല്ലതാണ്. പ്രത്യേകതരത്തിലുള്ള വ്യായാമമാണ് ചികിത്സയുടെ ഭാഗമായി നിര്‍ദ്ദേശിക്കുന്നത്. സാധാരണയായി പെല്‍വിക് ഫ്ളോര്‍ എക്സസൈസ് (Pelvic Floor exercises) എന്ന വ്യായമാണ് രോഗശമനത്തിന് ഉത്തമം. ഇടുപ്പിലെ പേശികള്‍ക്കുള്ള ഇത്തരം വ്യായാമം മൂത്രനാളിയിലെയും മൂത്രസഞ്ചിയിലെയും പേശികളെ ശക്തിപ്പെടുത്തും. തുടര്‍ച്ചയായും ക്രമമായുമുള്ള വ്യായാമം ഏതാണ്ട് 60 ശതമാനം പേര്‍ക്ക് രോഗശമനം നല്‍കാറുണ്ട്.

മരുന്നുകള്‍
രോഗശമനത്തിന് ഫലപ്രദമായ മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. പ്രധാനമായും മൂത്രസഞ്ചിയിലെ പേശികളുടെ ക്രമം തെറ്റിയുള്ള സങ്കോചത്തിനും മൂത്രത്തിലെ അണുബാധക്കുമാണ് മരുന്ന് ഉപയോഗിച്ചുള്ള ചികിത്സകള്‍ നല്‍കുന്നത്.

ശസ്ത്രക്രിയ
മൂത്രനാളിയുടെ തുടക്കത്തില്‍ (Bladder Neck) ഒരു നാട ഉപയോഗിച്ച് ഉയര്‍ത്തുന്ന ടി.വി.ടി ശസ്ത്രക്രിയ വളരെ ഫലപ്രദമാണ്. 85 മുതല്‍ 90 ശതമാനം രോഗികള്‍ക്കും ഇതുവഴി രോഗശമനം കണ്ടുവരുന്നുണ്ട്. ബ്ളാഡര്‍നെക്കിന് പുറകിലായി പ്രത്യേകതരം വല (Mesh) ഉപയോഗിച്ച് ശക്തിപ്പെടുത്തുന്ന ശസ്ത്രക്രിയയും ഏറെ ഗുണം ചെയ്യും. മേല്‍പറഞ്ഞ ശസ്ത്രക്രിയകള്‍ പ്രമുഖ ആശുപത്രികളില്‍ ഒറ്റദിവസത്തെ ആശുപത്രിവാസത്തിലൂടെ നടത്താവുന്നതാണ്.

(ലേഖകന്‍ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റും ലാപ്രസ്കോപിക് സര്‍ജനുമാണ്)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.