ഡിഫ്തീരിയയെ കരുതിയിരിക്കുക...

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഡിഫ്തീരിയ രോഗവും മരണങ്ങളും ജനങ്ങളെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ലോക ആരോഗ്യ സൂചികയില്‍ തന്നെ മുന്‍നിരയില്‍ നില്‍ക്കുന്ന കേരളത്തില്‍ നിര്‍മാര്‍ജനം ചെയ്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു രോഗം തിരിച്ചത്തെുന്നത് അസാധാരണമാണ്. മാത്രമല്ല, ഈ രോഗം എന്താണെന്നോ ഇതിന്‍റെ ലക്ഷണങ്ങളെന്താണെന്നോ പോലും അറിയാത്ത അവസ്ഥയിലാണ് ഇന്ന് സാധാരണ ജനം. 

20ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ബാലമരണങ്ങളുടെ കാരണക്കാരായ രോഗങ്ങളില്‍ നാലാം സ്ഥാനത്തായിരുന്നു ഡിഫ്തീരിയ. വോണ്‍ ബെറിംഗ് എന്ന ശാസ്ത്രജ്ഞനാണ് ഡിഫ്തീരിയക്കെതിരായി ഒരു വാക്സിന്‍ വികസിപ്പിച്ചത്. അതുവരെ ഈ രോഗം തടയാനോ വന്നാല്‍ ഫലപ്രദമായി ചികില്‍സിക്കാനോ സാധിച്ചിരുന്നില്ല. വൈദ്യശാസ്ത്രത്തിനുള്ള ആദ്യത്തെ നോബല്‍ സമ്മാനം (1901ല്‍) ലഭിച്ചത് ബെറിംഗിനായിരുന്നു. സമ്മാനം സ്വീകരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു, 'ഈ വാക്സിന്‍ കൊണ്ട് ഡിഫ്തീരിയയെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പറ്റുമോ എന്ന് എനിക്കറിയില്ല, എന്നാല്‍ ചുരുങ്ങിയത് ഇന്ന് പൊരുതാന്‍ നമുക്ക് ഒരായുധമെങ്കിലും ഉണ്ട്'. എന്നാല്‍ ആ വാക്സിന്‍ ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ ഉണ്ടായ മാറ്റം അതിശയിപ്പിക്കുന്നതായിരുന്നു.

കൊറൈന്‍ ബാക്ടീരിയം ഡിഫ്തീരിയെ എന്ന ഒരു ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു മാരക രോഗമാണ് ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള്. രണ്ടു തരത്തിലാണ് ഡിഫ്തീരിയ കണ്ടുവരുന്നത്. തൊലിപ്പുറത്ത് എക്സിമ പോലെ വ്രണങ്ങള്‍ ഉണ്ടാകുകയും ഇവ ഉണങ്ങാന്‍ കാലതാമസം എടുക്കുകയും ചെയ്യുന്നു. ഇത് അത്ര ഗുരുതരമായ ഡിഫ്തീരിയ അല്ല. രണ്ടാമത്തെ വിഭാഗം ശ്വാസകോശ വ്യൂഹത്തെയാണ് ബാധിക്കുന്നത്. മരണത്തിലേക്കുവരെ കൊണ്ടത്തെിക്കുന്നത് ഈ ഡിഫ്തീരിയയാണ്. റെസ്പിറേറ്ററി സിസ്റ്റത്തെ ബാധിക്കുന്ന ഈ രോഗാണു ശരീരത്തെ മുഴുവന്‍ അണുബാധയിലാക്കുന്നു. ഇതോടെ കോശങ്ങള്‍ നശിക്കുകയും ചില ഭാഗങ്ങളില്‍ നീര് ഉണ്ടാകുകയും ചെയ്യുന്നു. ശ്വാസം എടുക്കുമ്പോള്‍ തടസം അനുഭവപ്പെടുക, ചുമ, ശരീര വേദന, ചില ആളുകളില്‍ പനി എന്നിവയാണ് ലക്ഷണങ്ങള്‍.

ബാക്ടീരിയ ബാധിച്ചാല്‍ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ തൊണ്ടവേദന തുടങ്ങും. തൊണ്ടയില്‍ വെള്ളനിറത്തിലോ ചാരം കലര്‍ന്ന വെള്ളനിറത്തിലോ പാടയുണ്ടാകും. ഇത് പിന്നീട് അതികഠിനമായ തൊണ്ടവേദനയായി മാറും. തൊണ്ടയില്‍ ശക്തമായി പടരുന്ന പാട ശ്വസനത്തെ തടസ്സപ്പെടുത്തും. ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടും. ഡിഫ്തീരിയ ഉണ്ടാക്കുന്ന ബാക്ടീരിയ ഒരു വിഷം ഉല്‍പാദിപ്പിക്കും. ഈ വിഷം സാവധാനത്തില്‍ ഹൃദയത്തിലെ പേശികളെയും ബാധിക്കും. തുടര്‍ന്ന് ഹൃദയസ്തംഭനമുണ്ടായി മരണവും സംഭവിക്കാം.

സാധാരണയായി രോഗബാധിതരായ കുട്ടികള്‍ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ തെറിക്കുന്ന ചെറുകണികകളിലൂടെ അടുത്തുള്ളവര്‍ക്ക് ശ്വസനവായുവിലൂടെയാണ് രോഗം പകരുന്നത്. രോഗിയുടെ സ്രവങ്ങള്‍ പുരണ്ട ഗ്ളാസ്സുകള്‍, കളിപ്പാട്ടങ്ങള്‍, ടവ്വല്‍, അണുനാശിനിയില്‍ മുക്കാത്ത തെര്‍മോമീറ്റര്‍ ഇവ വഴിയും രോഗം പകരാവുന്നതാണ്. ചിലരില്‍ രോഗാണുബാധ പുറമേ രോഗലക്ഷണങ്ങള്‍ കാണിക്കുകയില്ല.

ഈ രോഗത്തിനുള്ള മരുന്നായി നല്‍കുന്നത് ബാക്ടീരിയ ഉണ്ടാക്കുന്ന ടോക്സിനെ പ്രതിരോധിക്കാനുള്ള ആന്‍റിടോക്സിന്‍ ആണ്. നിര്‍ഭാഗ്യവശാല്‍ ആന്‍റി ടോക്സിന്‍റെ ലഭ്യത വളരെ കുറവാണ്. ശരീരത്തില്‍ അണുബാധ പടരാതിരിക്കാന്‍ ആന്‍റിബയോട്ടിക്കുകള്‍ നല്‍കാറുണ്ട്. രോഗം ബാധിക്കാത്ത കോശങ്ങളെ സംരക്ഷിക്കാന്‍ ആന്‍റിബയോട്ടിക്കുകള്‍ക്ക് സാധിക്കും. ഡി.പി.റ്റി എന്ന ട്രിപ്പിള്‍ വാക്സിന്‍ കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത് 1970കളിലാണ്. രോഗം നിയന്ത്രണാതീതമാകുമ്പോള്‍ മുതിര്‍ന്നവരെയും രോഗം ബാധിക്കാന്‍ സാധ്യതയുണ്ട്. അതിന് മുമ്പ് ജനിച്ചവര്‍ക്ക് ഈ രോഗത്തിനെതിരായ പ്രതിരോധ ശക്തി കുറവാണ്. 

രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല വഴി ചെറുപ്പത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് വാക്സിനുകള്‍ നല്‍കുകയാണ്. ജനിച്ച് ഒന്നര, രണ്ടര, മൂന്നര മാസങ്ങളിലും ഒന്നര വയസ്സിലും പിന്നെ 5 വയസ്സിലുമാണ് ഈ രോഗത്തിനെതിരായുള്ള കുത്തിവെപ്പ്. തുടര്‍ന്ന് 10 വര്‍ഷം കൂടുമ്പോള്‍ ടിഡി വാക്സിന്‍ എന്ന കുത്തിവെപ്പ് എടുക്കുകയാണെങ്കില്‍ പ്രതിരോധശേഷി കുറയാതെ നിലനിര്‍ത്താന്‍ പറ്റും. രോഗം വന്നു കഴിഞ്ഞ് ചികിത്സിക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് രോഗം വരാതെ നോക്കുക എന്നതാണല്ളോ.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.