കശുമാങ്ങയും കശുവണ്ടിയും പോഷക കലവറ

നമ്മുടെ നാട്ടില്‍ സാധാരണ കാണാറുള്ള ഒരു വൃക്ഷമാണ് കശുമാവ്. പഴയ തലമുറയിലുള്ളവര്‍ കശുമാവും പ്ളാവും മാവും ഒക്കെ നട്ടുപിടിപ്പിക്കാറുണ്ടായിരുന്നെങ്കിലും പുതിയ തലമുറ ഇതിനൊന്നും മെനക്കെടാറില്ല എന്നതാണ് സത്യം. അവര്‍ക്ക് ‘ഫല’മില്ലാത്ത ഓര്‍ക്കിഡും അക്കേഷ്യയുമൊക്കെ വളര്‍ത്താനാണ് താല്‍പര്യം. പോഷക സമൃദ്ധമായ ഫലമാണ് കശുമാങ്ങ. പറങ്കിമാങ്ങ എന്ന പേരിലും അറിയപ്പെടുന്ന ഈ ഫലം പോര്‍ട്ടുഗീസുകാരാണ് മലയാളികളെ പരിചയപ്പെടുത്തിയത്. തെക്കേ അമേരിക്കയിലെ ബ്രസീലിലാണ് ഇത് ജന്മമെടുത്തത്. ഏറ്റവും കൂടുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണെങ്കിലും ഇന്ത്യയില്‍ കൂടുതല്‍ കാണുന്നത് കേരളം, ഗോവ, ബംഗാള്‍ എന്നിവിടങ്ങളിലാണ്.

മാവ് ‘മൂച്ചി’ എന്ന് അറിയപ്പെടുന്നതിനാല്‍ ‘പറങ്കിമൂച്ചി’യെന്നും ഇതിന് പേരുണ്ട്. കപ്പല്‍വഴി വിദേശത്തു നിന്ന് വന്നതുകൊണ്ടാവാം കപ്പല്‍ മാങ്ങയെന്നും അറിയപ്പെടുന്നു.  അനാകാര്‍ഡിയേസി കുടുംബത്തിലുള്ള ഇതിന്‍്റെ ശാസ്ത്രീയ നാമം അനാകാര്‍ഡിയം ഓക്സിഡെന്‍്റേല്‍ (അിമരമൃറശൗാ ീരരശറലിമേഹല) എന്നാണ്. പൊതുവെ ഇതിന്‍്റെ തടി കുറുകിയ രീതിയിലാണ് കാണപ്പെടുന്നത്. 10-12 മീറ്ററില്‍ കൂടുതല്‍ വളരാറില്ല. ഇലക്ക് ഓവല്‍ ആകൃതിയാണുള്ളത്. മഞ്ഞ നിറത്തിലുള്ള ചെറിയ പൂക്കളാണ് ഇതിനുള്ളത്. ചിലപ്പോള്‍ ഇതിന്‍്റെ ഇതളുകളില്‍ പിങ്ക് നിറത്തിലുള്ള വരകളുണ്ടാവും. വൃക്കയുടെ ആകൃതിയാണ് കശുവണ്ടിക്കുള്ളത്.

ഉദ്യാനകൃഷി ശാസ്ത്രത്തില്‍ പഴമായി പറയപ്പെടുന്നത് കശുമാങ്ങയെയാണെങ്കിലും സസ്യശാസ്ത്രപരമായി പഴമെന്ന് പ്രതിപാദിക്കുന്നത് കശുവണ്ടിയെയാണ്. പോഷകപരമായി നോക്കുകയാണെങ്കില്‍ രണ്ടും പ്രയോജനകരമാണ്. കശുമാവിന്‍്റെ ഇലകള്‍, മരതൊലി, പഴം, കറ എന്നിവ ഒൗഷധമാണ്.  കൂടുതല്‍ നീരും കുറച്ച് ചണ്ടിയുമാണ് കശുമാങ്ങയിലുള്ളത്. സാധാരണ  പറമ്പില്‍ നിന്ന് കശുവണ്ടിയെടുത്തിട്ട് കശുമാങ്ങ വലിച്ചെറിഞ്ഞു കളയുന്ന പതിവാണ് നമുക്കുള്ളത്. കുട്ടികളാരെങ്കിലും എടുത്ത് തിന്നാല്‍ അവരെ വിലക്കാനും അമ്മമാര്‍ മടിക്കില്ല. തൊണ്ട കാറുമെന്നും മറ്റും ഭയപ്പെടുത്തിയാണ് ഈ വിലക്ക്.

എന്നാല്‍ നാം ആപ്പിളും ഓറഞ്ചും മുന്തിരിയുമൊക്കെ വലിയ വില കൊടുത്ത് വാങ്ങി കഴിക്കുമ്പോലെ തമിഴ്നാട്ടില്‍ കശുമാമ്പഴം തെരുവുകളില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നതു കാണാം. പഞ്ചസാരയും ശതമാന അളവില്‍ 0.2 മാംസ്യം, 0.1 കൊഴുപ്പ്, 0.2 ധാതുലവണങ്ങള്‍, 11.6 അന്നജം, 0.09 കരോട്ടിന്‍, 0.53 ടാനിന്‍ എന്നിവ കശുമാങ്ങയിലുണ്ട്. കശുമാങ്ങയുടെ നീര് ഗാസ്ട്രോ എന്‍ട്രൈറ്റിസിന് അത്യുത്തമമാണ്. പഴുത്ത മാങ്ങ തന്നെ ഉപയോഗിക്കണമെന്നു മാത്രം. പഴുക്കാത്തവ ചിലര്‍ക്ക് ഛര്‍ദ്ദിയുണ്ടാക്കുന്നതായി കാണാറുണ്ട്.

വിറ്റമിന്‍-സി ഏറെ അടങ്ങിയിരിക്കുന്ന ഈ പഴത്തിന്‍്റെ നീര് ഛര്‍ദ്ദിക്കും അതിസാരത്തിനും ശമനം ലഭിക്കാനും ഉതകുന്നതാണ്. ചൂടു കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ക്ക് കശുമാങ്ങ ഫലപ്രദമാണ്. ഇതിന്‍്റെ ദീപനശക്തി പേരുകേട്ടതാണ്. കുട്ടികള്‍ക്കുണ്ടാകുന്ന ഗ്രഹണിക്കും ഉത്തമമാണ്. കശുമാമ്പഴം സ്ക്വാഷ് ഉണ്ടാക്കാനും മറ്റും ഉപയോഗിക്കുന്നുണ്ട്. അണുബാധ കൊണ്ടുണ്ടാകുന്ന നീര്‍ക്കെട്ട്, പല്ല് വേദന, വായിലെ വരള്‍ച്ച്, വയറിളക്കം, മൂത്ര തടസം എന്നിവ മാറാന്‍ ഇലയും പട്ടയും നല്ലതാണ്.

കശുവണ്ടിതോടിലെ കറ കൃമി ശല്യം മാറാന്‍ ഉപകരിക്കുന്നു. കശുവണ്ടി കറ ശരീരത്തിലെ പൊള്ളല്‍, ആമാശയത്തിലെ അസിഡിറ്റി, അള്‍സര്‍ എന്നിവക്ക് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഉപയോഗിച്ചാല്‍ ശമനം ലഭിക്കും. കശുവണ്ടിയിലെ പാല്‍ ഗര്‍ഭിണികള്‍ കഴിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗര്‍ഭഛിദ്രത്തിന് ഇത് കാരണമായേക്കാം എന്നതു കൊണ്ടാണത്.

കശുവണ്ടിയുടെ പുറത്തെ പാട മാറ്റി  ഉണക്കി വറുത്ത് കഴിച്ചാല്‍ പോഷക ആഹാരമാണ്. കശുമാവിന്‍്റെ തടിയില്‍ നിന്നുള്ള കറ നല്ല ഒരു കീടനാശിനിയുമാണ്. കശുവണ്ടി പരിപ്പും ബദാം പരിപ്പും ചേര്‍ത്ത് ലേഹ്യമുണ്ടാക്കി കഴിക്കുന്നത് വാജീകരണ ഒൗഷധമാണ്. ധാതുബലം വര്‍ധിപ്പിക്കാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ ഫലപ്രദമാണിത്.

Tags:    
News Summary - abundant of vitamin in cashew apple and cashew nuts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.