കൊച്ചി: ജില്ലയിലെ 35 ഭക്ഷണശാലകളിൽ ഭക്ഷ്യ സുരക്ഷാ സ്ക്വാഡ് ശനിയാഴ്ച പരിശോധന നടത്തി. പരിശോധനയിൽ ഗുരുതര വീഴ്ച കണ്ടെത്തുകയും ലൈസൻസില്ലാതെ പ്രവർത്തിക്കുകയും ചെയ്ത കലൂർ മെട്രോ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ഗ്രീൻ ആപ്പിൾ -ജ്യൂസ് ആൻഡ് ഷേക്സ്, വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന മുപ്പത്തടം ഷാറ ഫുഡ് കോർട്ട്, കോലഞ്ചേരി കുക്കുമ്പ ജൂസി ഹട്ട് ടീ ആൻഡ് സ്നാക്ക്സ് ഷോപ്പ്, പാടിവട്ടം സർബത്ത് ഷമീർ എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിച്ചു.
ഒൻപത് സ്ഥാപനങ്ങൾക്ക് പിഴ ചുമത്താനുള്ള നോട്ടീസും കൂടാതെ അഞ്ച് സ്ഥാപങ്ങൾക്ക് ന്യൂനതകൾ പരിഹരിക്കുന്നതിനുള്ള നോട്ടീസും നൽകി. ഗുരുതരമായ വീഴ്ച കണ്ടെത്തുകയും ലൈസൻസില്ലാതെ പ്രവർത്തിക്കുകയും ചെയ്ത ഏഴ് സ്ഥാപങ്ങളിൽ നിന്ന് 58,500 രൂപ പിഴ ഈടാക്കി.
പരിശോധനയിൽ ആദർശ് വിജയ്, സിന്ധ്യ ജോസ്, നിമിഷ ഭാസ്കർ, നിഷ റഹ്മാൻ, എം. എൻ ഷംസിയ എന്നിവർ പങ്കെടുത്തു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസില്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻറ് കമ്മീഷണർ ജോൺ വിജയകുമാർ അറിയിച്ചു. കോട്ടയം ജില്ലയിൽ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ പ്രത്യേക നിർദേശപ്രകാരമാണ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.