പൊറോട്ട കഴിച്ച് പെൺകുട്ടി മരിച്ച സംഭവം; ഗ്ലൂട്ടൻ അലർജി എന്ന വില്ലനെപ്പറ്റി അറിയേണ്ടതെല്ലാം

മൈദയോടും ഗോതമ്പിനോടും അലർജിയുള്ള പതിനാറുകാരി പൊറോട്ട കഴിച്ച് ഗുരുതരാവസ്ഥയിലായതിന് പിന്നാലെ മരിച്ചതായ വാർത്ത പുറത്തുവന്നിരിക്കുകയാണല്ലോ. വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയലിന്റെ മകൾ നയൻമരിയ സിജു (16) ആണ് ഗ്ലൂട്ടൻ അലർജി കാരണം മരിച്ചത്. മൈദ, ഗോതമ്പ് എന്നിവ അടങ്ങിയ ഭക്ഷണ വസ്തുക്കളിൽ നിന്നുള്ള അലർജിയെ തുടർന്ന് കുട്ടി മുൻപ് ചികിത്സാ തേടിയിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ അടുത്തിടെയായി രോഗം ഭേദപ്പെട്ടതായി തോന്നിയതിനെ തുടർന്ന് ചെറിയതോതിൽ ഇത്തരം ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയിരുന്നു.

​വ്യാഴാഴ്ച്ച വൈകിട്ട് പൊറോട്ട കഴിച്ചതോടെ രക്തസമ്മർദ്ദം പെട്ടെന്ന് താഴ്ന്നു പോവുകയും കുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ നില പെട്ടെന്ന് ഗുരുതരമാവുകയും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. ഇതോടെയാണ് ഗ്ലൂട്ടൻ അലർജി വീണ്ടും ചർച്ചാവിഷയമായത്.

എന്താണീ ഗ്ലൂട്ടൻ

ഗ്ലൂട്ടന്‍ എന്ന് നാം മിക്കവരും കേട്ടിട്ടുണ്ടാകും. ഗ്ലൂട്ടന്‍ ഫ്രീ ഫൂഡ് അല്ലെങ്കില്‍ ഗ്ലൂട്ടന്‍ അലര്‍ജി എന്നത് ഇപ്പോൾ അത്ര പുതുമയുള്ള കാര്യവുമല്ല. സാധാരണ, ഈ ഗോതമ്പ് പോലുള്ള ധാന്യങ്ങളില്‍ സാധാരണ കണ്ടുവരുന്ന ഒരു പ്രോട്ടീനാണ് ഗ്ലൂട്ടന്‍. ചിലധാന്യങ്ങളില്‍ പ്രകൃത്യാതന്നെ ഇവ ഉണ്ടെങ്കിലും ചില ഭക്ഷണങ്ങളില്‍ പ്രോട്ടീന്‍ കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഭാഗമായി ഗ്ലൂട്ടന്‍ ചേര്‍ക്കാറുണ്ട്. പ്രോട്ടീന്‍ റിച്ച് എന്നും പറഞ്ഞ് നാം ഉപയോഗിക്കുന്ന പല ഭക്ഷ്യവസ്തുക്കളും ഗ്ലൂട്ടന്‍ ഉണ്ട്. ഇവ എങ്ങിനെയാണ് അലര്‍ജി ഉണ്ടാക്കുന്നതെന്ന് നോക്കാം.


സാധാരണ ഭക്ഷണങ്ങളെല്ലാം കൃത്യമായ രീതിയില്‍ ദഹനപ്രക്രിയയിലൂടെ അതാത് കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയാണ് പതിവ്. എന്നാല്‍, ഗ്ലൂട്ടന്‍ കുറച്ച് വ്യത്യസ്ഥനാണ്. ബാക്കി എല്ലാ പ്രോട്ടീനും മിനറല്‍സും കൃത്യമായി പ്രവര്‍ത്തിക്കുമ്പോള്‍ ഗ്ലൂട്ടന്‍മാത്രം ദഹിക്കാതെ കിടക്കും. ഇങ്ങനെ ദഹിക്കാതെ കിടക്കുന്നതോടെ നമുക്ക് വയറ്റില്‍ പല അസ്വസ്ഥതകളും ഉടലെടുക്കുവാന്‍ ആരംഭിക്കും. അതുകൊണ്ടാണ് ചിലര്‍ക്ക് ഗോതമ്പ്, മൈദ, എന്നിവയെല്ലാം കഴിച്ചുകഴിഞ്ഞാല്‍ വയറു വേദനിക്കുന്നതും ചൊറിച്ചില്‍ അനുഭവപ്പെടുന്നതും വയറ്റില്‍ ഗ്യാസ് നിറഞ്ഞ് അസ്വസ്ഥതകള്‍ രൂപപ്പെടുന്നതുമെല്ലാം. എന്നാല്‍ എല്ലാവരിലും ഇത്തരം പ്രശ്നങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കില്ല.

സീലിയാക് ഡിസീസ്

ഗ്ലൂട്ടന്‍ അടങ്ങിയ എന്ത് ഭക്ഷണം കഴിച്ചാലും ശരീരം തുടര്‍ച്ചയായി അസ്വസ്ഥതകള്‍ കാണിക്കുന്നുവെങ്കില്‍ അതിനെ സീലിയാക് ഡിസീസ് എന്ന് വിളിക്കും. ഈ ഒരു അവസ്ഥയിലേയ്‌ക്കെത്തിയാല്‍ ശരീരത്തിന് വേണ്ട എല്ലാ പോഷകങ്ങളും ലഭിക്കാതിരിക്കുകയും ചെയ്യും. അതുകണ്ടുതന്നെ സീലിയാക് ഡിസീസ് ചികിത്സിച്ചു മാറ്റേണ്ട ഒരു അവസ്ഥയാണ്. ഇവയുടെ പ്രധാന ലക്ഷണങ്ങള്‍ എന്താണെന്ന് നോക്കാം.

ചിലഭക്ഷണങ്ങള്‍ കഴിച്ചുകഴിഞ്ഞാല്‍ വയര്‍ ആകെ നിറഞ്ഞ് ചീര്‍ത്ത് വരുന്നതുപോലെ തോന്നാറുണ്ടോ? ഉണ്ടെങ്കില്‍ ഇത് സീലിയാക് ഡിസീസിന്റെ ലക്ഷണമാണ്. കുറച്ച് കഴിക്കുമ്പോഴേയ്ക്കും വയര്‍ നിറഞ്ഞിരിക്കുന്നതുപോലെ തോന്നുകയും പിന്നീട് ഒന്നും കഴിക്കാന്‍ പറ്റാതെ ശ്വാസം മുട്ടുന്ന അവസ്ഥ തോന്നാം. ഇന്ന് മിക്കവര്‍ക്കും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. എന്നാല്‍, ഡോക്ടറെ സമീപിക്കുന്നതിനുപകരം ഇത് ഗ്യാസിന്റെ പ്രശ്‌നമാണ് എന്നും പറഞ്ഞ് തള്ളിക്കളയുകയാണ് പതിവ്. ഇത്തരം പ്രശ്‌നങ്ങളെ പരിഗണിക്കാതെ പൂര്‍ണ്ണമായും അവഗണിക്കുന്നതോടെ പിന്നീട് കാര്യമായ പ്രശ്‌നങ്ങളിലേയ്ക്ക് ഇവ വഴിവെയ്ക്കും

ലക്ഷണങ്ങൾ

ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ വയറിളകി പോകുന്നത് സീലിയാക് ഡിസീസിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. ഒരു ദിവസത്തില്‍ തന്നെ രണ്ടും മൂന്നും വട്ടം വയറിളകുക. അമിതമായി ക്ഷീണം തോന്നുക ഇതെല്ലാം സീലിയാക് ഡിസീസിന്റെ ലക്ഷണങ്ങളാണ്. കൂടാതെ, ലൂസായോ അല്ലെങ്കില്‍ നല്ല കട്ടിയിലോ മലം പോകുന്നതിനോടൊപ്പംതന്നെ ദുര്‍ഗന്ധവും ഉണ്ടാകും. തുടര്‍ച്ചയായി ഇത്തരത്തില്‍ പോകുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണിച്ച് കൃത്യമായ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ നിര്‍ജലീകരണം സംഭവിച്ച് തളര്‍ന്നുപോകുവാനുള്ള സാധ്യതയുണ്ട്.


വയറ്റിളക്കം പോലെതന്നെ മലബന്ധവും സീലിയാക് ഡിസീസിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. ചിലര്‍ക്ക് പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ വയറ്റില്‍ നിന്നും പോകുവാന്‍ ബുദ്ധിമുട്ടനുഭവപ്പെടാറുണ്ട്. രണ്ട് ദിവസം കൂടുമ്പോള്‍ പോകുന്നതുമെല്ലാം ചികത്സ തേടേണ്ട അസുഖങ്ങളാണ്. ദിവസേന രാവിലെ മലം പോകാതിരിക്കുന്നത് നമ്മളുടെ ഒരു ദിവസം തന്നെ ഇല്ലാതാക്കാം. ഇതുവഴി വയറുവേദനയും പല അസ്വസ്ഥതകളും മാനസികാസ്വസ്ഥതയും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇവ ചികിത്സിക്കാതെ വെച്ചുകൊണ്ടിരുന്നാല്‍ പല അസുഖങ്ങളലേയ്ക്കും ഇവ വഴിതെളിക്കും.

ചിലര്‍ക്ക് ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ വയറ്റില്‍ ഗ്യാസ് നിറഞ്ഞ് ശ്വാസം മുട്ടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ ഗ്യാസ് നിറയുന്നത് തുടര്‍ച്ചയായി ഏമ്പക്കം ഇടുന്നതിനും കീഴ്‌വായു ശല്യം രൂപപ്പെടുന്നതിനും കാരണമാകും. എന്നാല്‍ ഒട്ടുമിക്ക ആളുകളും തനിക്ക് ദഹനത്തിന്റെ പ്രശ്‌നമാണ് എന്നും പറഞ്ഞ് സ്വയം ചികിത്സിച്ച് വീട്ടില്‍ അടങ്ങിയിരിക്കും. കൂടാതെ അമിതമായി ഇത്തരം പ്രശ്‌നം കാണുന്നവരില്‍ കുടലിന് പ്രശ്‌നം രൂപപ്പെടുന്നതിനും അള്‍സറിനും വരെ കാരണമാകാം.

ലാക്‌റ്റോസ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് പ്രത്യേകിച്ച് ബ്രഡ്, കേക്ക്, ബിസ്‌ക്കറ്റ്, സൂപ്പ്‌സ്, ചിപ്‌സ് പ്രോസസ്സ്ഡ് മീറ്റ്‌സ് എന്നിവ കഴിക്കുക വഴി പലര്‍ക്കും പല ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറുണ്ട്. ചിലര്‍ക്ക് ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചതിനുശേഷം ഛര്‍ദ്ദിക്കുവാന്‍ തോന്നുകയും വയറ്റില്‍ അസ്വസ്ഥതയും വേദനയും അനുഭവപ്പെടുകയും ചെയ്യാം. അതേപോലെതന്നെ, മറ്റുചിലര്‍ക്ക് വയറ്റില്‍ മൊത്തം ഗ്യാസ്‌നിറഞ്ഞ് ഒന്നും കഴിക്കുവാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാവുകയും വയറ്റിളക്കം മുതലായ അവസ്ഥയിലേയ്ക്കുവരെ എത്തിച്ചേരാറുണ്ട്. ഇത്തരം അസ്വസ്ഥതകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ലാക്ടോസ് അലര്‍ജി മാത്രമല്ല, അതുവഴി സീലിയാക് ഡിസീസിലേയ്ക്കും വഴിവെയ്ക്കാം. ഇതിനും കൃത്യമായ ചികിത്സ നടത്തിയില്ലെങ്കില്‍ ഭാവിയില്‍ ഇത് പല ബുദ്ധിമുട്ടുകളിലേയ്ക്കും എത്തിക്കുന്നതായിരിക്കും.


കുട്ടികളേയും ശ്രദ്ധിക്കണം

സീലിയാക് ഡിസീസ് വന്നാല്‍ മുതിര്‍ന്നവര്‍ക്കായാലും കുട്ടികള്‍ക്കായാലും ശരീരത്തിലേയ്ക്ക് വേണ്ടത്ര പോഷകകങ്ങള്‍ ലഭിക്കാതിരിക്കുകയും അത് മറ്റു പല അസുഖങ്ങളിലേയ്ക്കും വഴിവെയ്ക്കുകയും ചെയ്യും. പ്രത്യേകിച്ച് കുട്ടികളില്‍ വളരെ ചെറുപ്പത്തില്‍തന്നെ ഇത്തരം അസുഖങ്ങള്‍ ബാധിച്ചാല്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. അതായത്, പല്ലുകളുടെ ഇനാമലിന് പല ക്ഷതങ്ങളും സംഭവിക്കാം. പെണ്‍കുട്ടികളില്‍ ആര്‍ത്തവം ഉണ്ടാകുന്നതിന് കാലതാമസമെടുക്കാം. പ്രായത്തിനൊത്ത തൂക്കം കുട്ടികളില്‍ ഉണ്ടാവാതിരിക്കാം. പലതരത്തിലുള്ള മാനസിക അസ്വസ്ഥതകളും പ്രയാസങ്ങളും കാണിച്ചെന്നുവരാം, ഉയരം വെയ്ക്കാതെ വളര്‍ച്ച മുരടിച്ചുപോകുവാനുള്ള സാധ്യതവരെ ഈ അസുഖം മുലം കുട്ടികള്‍ക്കുവരാം.

മേല്‍പറഞ്ഞ എന്തെങ്കിലും ലക്ഷണങ്ങള്‍ക്ക് നിങ്ങള്‍ക്കുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് അതിന് വേണ്ട കൃത്യമായ ഡയറ്റും മെഡിസിനും എടുക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, ഗ്ലൂട്ടന്‍ ഫ്രീയായിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതായിരിക്കും ഉത്തമം. ഗോതമ്പില്‍ മാത്രമല്ല, നമ്മളില്‍ പലരും രാത്രികാലങ്ങളില്‍ സൂപ്പ് കഴിക്കുവാന്‍ ഇഷ്ടപ്പെടുന്നവരാണ്. വീട്ടില്‍ ഉണ്ടാക്കുന്ന സൂപ്പല്ലാതെ റെഡിമേയ്ഡായി ലഭിക്കുന്ന സൂപ്പില്‍ ഗ്ലൂട്ടന്റെ അംശം കണ്ടുവരുന്നുണ്ട്. അതേപോലെ സാലഡ്, ഐസ്‌ക്രീം, കാന്‍ഡി, ഇന്‍സ്റ്റന്റ് കോഫി, ടിന്നുകളില്‍ ലഭിക്കുന്ന മാംസങ്ങള്‍, കെച്ചപ്പ്, പാസ്ട്രീസ്, പാസ്ത, തൈര് എന്നിവയിലെല്ലാം ഗ്ലൂട്ടന്‍ അംശം ഉള്ളതിനാല്‍ ഇത്തരം അലര്‍ജിയുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

Tags:    
News Summary - Common Signs of Gluten Intolerance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.