ഇന്ത്യയിൽ കുട്ടികളിലെ കാൻസർ വർധിക്കുന്നുവെന്ന് പഠനം; കൂടുതൽ രക്താർബുദ കേസുകൾ

ന്യൂഡൽഹി: ഇന്ത്യയിലെ കുട്ടികളുടെ മരണത്തിലെ പ്രധാന കാരണങ്ങളിലൊന്നായി കാൻസർ മാറുന്നുവെന്ന് ആരോഗ്യ വിദഗ്ധർ. 2023ലെ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസസിലെ കണക്കനുസരിച്ച് രാജ്യത്ത് പകർച്ചവ്യാധികൾ കുറയുമ്പോഴും കാൻസർ പോലുള്ള രോഗങ്ങൾ കുട്ടികൾക്ക് ഭീഷണിയാകുന്നതായി പറയുന്നു. കുട്ടികളുടെ മരണ കാരണങ്ങളിൽ പത്താമത്തെ കാരണമായി കാൻസർ മാറുന്നുണ്ടെന്നും ഇത് പൊതുജനാരോഗ്യ രംഗത്ത് കടുത്ത വെല്ലുവിളി ഉയർത്തുന്നതായും അവർ പറയുന്നു.

നേരത്തേ കുട്ടികളിലെ അർബുദം അപൂർവമായിരുന്നു. എന്നാൽ, ഇപ്പോൾ കേസുകൾ കൂടിവരുന്നുണ്ട്. രോഗം നേരത്തേ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെങ്കിലും പല കേസുകളും വൈകിയാണ് കണ്ടെത്തുന്നത്. ഇത് മരണനിരക്ക് കൂട്ടുന്നുവെന്നും വിദഗ്ധർ പറയുന്നു. ഐ.സി.എം.ആറിന്റെ നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്സ് ആൻഡ് റിസർച്ച് പ്രകാരം 2022ൽ റിപ്പോർട്ട് ചെയ്ത ​കാൻസർ രോഗങ്ങളിൽ മൂന്ന് മുതൽ അഞ്ചുശതമാനം വരെ കുട്ടികളിലെ കാൻസറാണെന്ന് പറയുന്നു.

0 -14 വയസ്സ് പ്രായമുള്ള കുട്ടികളിൽ 50,000 രൂപ മുതൽ 60,000 വരെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായും ഇത് ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണെന്നും അവർ പറയുന്നു. ആഗോളതലത്തിൽ 2023ൽ 3,77,000 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 1,44,000 മരണങ്ങളും റി​പ്പോർട്ട് ചെയ്തതായി ലാൻസെറ്റ് റിസർച്ച് പേപ്പറിൽ പറയുന്നു.

ലുക്കീമിയ അഥവാ രക്താർബുദമാണ് ഇന്ത്യയിലെ കുട്ടികളിലെ കാൻസറിൽ അധികവും. രക്താർബുദത്തിന് പിന്നാലെ ലിംഫോമ, നാഡീവ്യൂഹ മുഴകൾ തുടങ്ങിയവയാണ് പട്ടികയിൽ ആദ്യം ഇടംപിടിച്ചിരിക്കുന്നവ. ഡൽഹി പോലുള്ള നഗരങ്ങളിൽ രോഗനിരക്ക് അധികമാണെന്നും ഗ്രാമീണ മേഖലകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യാതെ പോകുന്നുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.

‘ഇന്ത്യയിൽ രോഗനിർണയം വളരെ വൈകിയാണ് നടക്കുന്നത്. പനി, ക്ഷീണം, ഭാരക്കുറവ്, വീക്കം തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങളെ പലരും അവഗണിക്കുന്നു’ -ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഓങ്കോളജിസ്റ്റ് പറയുന്നു. രോഗം മൂർച്ഛിച്ച ഘട്ടങ്ങളിൽ മാത്രമാണ് കുട്ടികളെ കാൻസർ സെന്ററുകളിൽ എത്തിക്കുന്നത്. അപ്പോഴേക്കും ചികിത്സ കൂടുതൽ സങ്കീർണ്ണവും ചെലവേറിയതും വിജയിക്കാനുള്ള സാധ്യത കുറവുമായി മാറുന്നതായും അദ്ദേഹം പറയുന്നു.

കാൻസർ ചികിത്സക്ക് വേണ്ടിവരുന്ന ചെലവ് ഭീമമാണെന്നും ഇത് പലപ്പോഴും സാധാരണ കുടുംബങ്ങൾക്ക് താങ്ങാൻ കഴിയാറില്ലെന്നും വിദഗ്ധർ പറയുന്നു. കാൻസറിന്റെ തരം, രോഗനിർണയ ഘട്ടം, കുട്ടിയെ എവിടെയാണ് ചികിത്സിക്കുന്നത് എന്നിവയെ ആശ്രയിച്ച് രോഗമുക്തി വ്യത്യാസപ്പെടാമെന്നും ഐ.സി.എം.ആർ പറയുന്നു. ശിശുക്കളിലെ കാൻസർ തടയുന്നതിന് പ്രത്യേക അടിസ്ഥാന സൗകര്യങ്ങൾ, പരിശീലനം ലഭിച്ച ആരോഗ്യ സംരക്ഷണ വിദഗ്ധർ, ശക്തമായ റഫറൽ സംവിധാനങ്ങൾ എന്നിവ ആവശ്യമാണെന്നും ഐ.സി.എം.ആർ ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - Childhood cancers rise as 10th leading cause of deaths among India's kids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.