പണ്ട് മുതൽതന്നെ മലയാളികൽക്ക് സുപരിചിതമാണ് കർക്കടക ചികിത്സ. മലയാള മാസമായ കർക്കടകത്തിൽ നടത്തിവരുന്ന ഈ ചികിത്സാക്രമങ്ങൾക്ക് ആയുർവേദം വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. കടുത്ത വേനൽ സമ്മാനിച്ച അത്യുഷ്ണത്തിന് പിന്നാലെയെത്തുന്ന മഴ പ്രകൃതിയിലെന്ന പോലെ മനുഷ്യന്‍റെ ശരീരത്തിലും മാറ്റങ്ങൾ വരുത്തുന്നുണ്ട്.
പൊതുവെ രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്ന കാലമായാണ് മഴക്കാലത്തെ ആയുർവേദം കാണുന്നത്. അടിസ്ഥാന തത്ത്വങ്ങളായ ത്രിദോഷങ്ങളെ ഏറ്റവും കൂടുതൽ ബാധിക്കുന്നതും ഈ കാലത്താണ്. വാതം, പിത്തം, കഫം എന്നിവയുടെ അസന്തുലിതാവസ്ഥ ഏറ്റവും കൂടുതൽ പ്രകടമാവുന്നതും ഈ കാലത്താണ്.
അടുത്ത കാലത്തായി ഡെങ്കിപ്പനി, ചികുൻ ഗുനിയ, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികളും മഴക്കാലം തുടങ്ങുന്നതോടെ കണ്ടുവരുന്നുണ്ട്. അതുകൊണ്ടുതന്നെ പകർച്ചവ്യാധികളുടെ കാലം കൂടിയാണിത്. ഇവയെ അതിജീവിക്കാനാണ് തണുപ്പുള്ള കാലാവസ്ഥയിൽ ശരീരത്തിന്‍റെ ദഹനശക്തി വർധിക്കുന്ന തരത്തിലുള്ള ലഘുവായ ഭക്ഷണങ്ങൾ കഴിക്കാനും അതോടൊപ്പം അനുയോജ്യ ഔഷധങ്ങൾ ഉപയോഗിക്കാനും ആയുർവേദം നിർദേശിച്ചുവരുന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഇത്തരം മാറ്റങ്ങളെ ഉൾക്കൊണ്ട്, രോഗങ്ങളെ പ്രതിരോധിക്കാൻ മനുഷ്യശരീരത്തെ പ്രാപ്തമാക്കുന്ന ഒരു സവിശേഷ ആയുർവേദ രീതിയാണ് കർക്കടക ചികിത്സ. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ആരോഗ്യകരമായ ജീവിതം പ്രദാനം ചെയ്യുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ, ആരോഗ്യവാന്മാരുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ആയുർവേദത്തിന്റെ അടിസ്ഥാന ആശയമാണ് കർക്കടക ചികിത്സയ്ക്കുള്ളത്.
എന്താണ് കർക്കടക ചികിത്സ?
കേരളത്തെ സംബന്ധിച്ചിടത്തോളം തണുത്തതും ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് മഴക്കാലമായ കർക്കടകത്തിൽ കണ്ടുവരുന്നത്. ഈ കാലാവസ്ഥ ആയുർവേദ ചികിത്സകൾക്ക് ഏറ്റവും അനുയോജ്യമെന്നാണ് കരുതപ്പെടുന്നത്. ജീവിതശൈലിമൂലം ശരീരത്തിൽ അടിഞ്ഞുകൂടിയ വിഷാംശം ഇല്ലാതാക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ആയുർവേദ ചികിത്സക്ക് വിധേയമാവുന്നത് വളരെയധികം ഗുണംചെയ്യും. ആയുർവേദ ശാസ്ത്രപ്രകാരം രോഗങ്ങൾ ഉണ്ടാകുന്നതിന് മുൻപ് 'ചയം, പ്രകോപം, പ്രശമനം' എന്നിങ്ങനെയുള്ള അവസ്ഥകളിലൂടെ ശരീരം കടന്നുപോകുന്നു. കാലാവസ്ഥ മാറുമ്പോൾ ശരീരത്തിലുണ്ടാകുന്ന ഈ മാറ്റങ്ങളെ ക്രമീകരിച്ച് ശരീരത്തെ സംരക്ഷിക്കുക എന്നതാണ് കർക്കടക ചികിത്സയുടെ അടിസ്ഥാനം. എല്ലാ രോഗികൾക്കും ഒരേ ചികിത്സയല്ല നൽകുന്നത്; ആരോഗ്യനിലയും രോഗസ്വഭാവവും അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്.
കർക്കടക ചികിത്സയുടെ ഉദ്ദേശം
ശരീരം കൃത്യമായി പരിചരിച്ചില്ലെങ്കിൽ ജീവിതശൈലീരോഗങ്ങൾ ഉൾപ്പെടെയുള്ള വലിയ അസുഖങ്ങളിലേക്ക് നയിച്ചേക്കാം. അതിനാൽ, അസുഖങ്ങൾ വന്നതിനു ശേഷം ചികിത്സിക്കുന്നതിനേക്കാൾ, അവ വരുന്നതിനു മുൻപ് തന്നെ തടയുക എന്നതാണ് കർക്കടക ചികിത്സയുടെ ലക്ഷ്യം. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക, രോഗങ്ങൾ വരാതെ ഒരു വർഷം മുഴുവൻ ആരോഗ്യത്തോടെയും മരുന്നുകളുടെ ആവശ്യകത കുറയ്ക്കാൻ സഹായിക്കുന്ന തരത്തിൽ ശരീരത്തെ പ്രാപ്തമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം.
ചികിത്സാരീതികൾ
ഉഴിച്ചിൽ
കേരളത്തിലെ ആയുർവേദ ചികിത്സാരീതികളിൽ ഏറ്റവും പ്രചാരമുള്ള ഒന്നാണ് ഉഴിച്ചിൽ അഥവാ അഭ്യംഗം. ഔഷധഗുണമുള്ള തൈലങ്ങൾ ശരീരത്തിൽ പുരട്ടി പ്രത്യേക രീതിയിൽ മസാജ് ചെയ്യുന്ന ചികിത്സയാണിത്. കർക്കടക ചികിത്സയുടെ ഭാഗമായും രോഗചികിത്സയുടെ ഭാഗമായും ആരോഗ്യസംരക്ഷണത്തിനായും ഉഴിച്ചിൽ നടത്താറുണ്ട്. ശരീരപ്രകൃതി, പ്രായം, രോഗാവസ്ഥ എന്നിവ പരിഗണിച്ച് തൈലങ്ങൾ നിശ്ചയിക്കുന്നു. പലപ്പോഴും ഇതിനുശേഷം സ്വേദനം (ആവി ചികിത്സ) നൽകാറുണ്ട്. ഔഷധതൈലത്തിന്റെ ഗുണവും ഉഴിച്ചിലിലൂടെ ലഭിക്കുന്ന ഉത്തേജനവും ചേർന്നാണ് ചികിത്സയുടെ ഫലം ലഭിക്കുന്നത്. ശരീരത്തിന് ഉന്മേഷം നൽകുക, പേശികളുടെയും സന്ധികളുടെയും കാഠിന്യം കുറയ്ക്കുക, ചലനശേഷി മെച്ചപ്പെടുത്തുക, ചർമ്മം മൃദുവാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ശരീരത്തിലെ രക്തചംക്രമണം നടക്കാനും ഉഴിച്ചിൽ സഹായിക്കുന്നു. എന്നാൽ രോഗാവസ്ഥ, പ്രായം, ഗർഭകാലം എന്നിവ പരിഗണിച്ച് വിദഗ്ധനായ ആയുർവേദ ഡോക്ടറുടെ നിർദേശപ്രകാരമാണ് ഉഴിച്ചിൽ ചെയ്യേണ്ടത്.
ആവിക്കുളി (സ്വേദനം)
ഉഴിച്ചിലിന് ശേഷമാണ് ആവിക്കുളി നടത്തുന്നത്. ശരീരത്തിൽ ഔഷധസസ്യങ്ങൾ ചേർത്ത് തയ്യാറാക്കിയ നീരാവിയോ ചൂടോ പ്രയോഗിച്ച് വിയർപ്പുണ്ടാക്കുന്ന ചികിത്സയാണിത്. ശരീരത്തെ പഞ്ചകർമ്മ ചികിത്സകൾക്ക് തയ്യാറാക്കുന്നതിനും വിവിധ വേദനകളും പേശികളുടെ മുറുക്കവും കുറയ്ക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. ബാഷ്പസ്വേദം, നാഡിസ്വേദം, ഇലക്കിഴി, നവരക്കിഴി, പൊടിക്കിഴി എന്നിങ്ങനെ നിരവധി സ്വേദനരീതികൾ ആയുർവേദത്തിൽ വിവരിച്ചിട്ടുണ്ട്.
പഞ്ചകർമ്മ ചികിത്സ
ആയുർവേദ സിദ്ധാന്തങ്ങൾ പ്രകാരം ശരീരത്തിലെ ദോഷങ്ങളുടെ സമതുലിതാവസ്ഥ പുനഃസ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ചികിത്സയാണ് പഞ്ചകർമ്മം. അഞ്ച് പ്രധാന ചികിത്സകളാണിവ
വമനം: ചികിത്സാപരമായി ഛർദ്ദി ഉണ്ടാക്കുന്ന രീതി. പ്രധാനമായും കഫദോഷം കൂടുതലുള്ള രോഗങ്ങളിലും ചില ശ്വാസകോശ-അലർജി സംബന്ധമായ രോഗങ്ങളിലും ഉപയോഗിക്കുന്നു.
വിരേചനം: ഔഷധങ്ങളിലൂടെ മലവിസർജ്ജനം വർദ്ധിപ്പിച്ച് പിത്തദോഷം കുറയ്ക്കുന്ന ചികിത്സ. ചില ചർമ്മരോഗങ്ങൾ, കരൾ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്നു.
ബസ്തി: ഔഷധതൈലമോ കഷായമോ മലദ്വാരത്തിലൂടെ നൽകുന്ന ചികിത്സ. വാതദോഷം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ചികിത്സയാണിത്. സന്ധിവേദന, നടുവേദന തുടങ്ങിയ അവസ്ഥകളിൽ ഉപയോഗിക്കുന്നു.
നസ്യം: ഔഷധതൈലമോ ഔഷധരസമോ മൂക്കിലൂടെ നൽകുന്ന ചികിത്സ. സൈനസൈറ്റിസ്, തലവേദന, മൂക്കടപ്പ് തുടങ്ങിയ പ്രശ്നങ്ങളിൽ ഉപയോഗിക്കുന്നു.
രക്തമോക്ഷണം: ദുഷ്ടരക്തം പുറത്തെടുക്കുന്ന ചികിത്സ. ചില പ്രത്യേക ചർമ്മരോഗങ്ങളിലും രക്തസംബന്ധമായ അവസ്ഥകളിലും ഇത് ഉപയോഗിക്കുന്നു.
എല്ലാ വ്യക്തികൾക്കും എല്ലാ പഞ്ചകർമ്മ ചികിത്സകളും ആവശ്യമായി വരില്ല. രോഗാവസ്ഥയും ശരീരപ്രകൃതിയും വിലയിരുത്തി ആയുർവേദ ഡോക്ടറാണ് അനുയോജ്യമായ ചികിത്സ നിർദേശിക്കുന്നത്.
കർക്കടകക്കഞ്ഞി
കർക്കടക മാസത്തിൽ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി കർക്കടകക്കഞ്ഞി ഉപയോഗിച്ചുവരുന്നു. ശരീരത്തിന് ബലം നൽകാനും ദഹനശേഷി മെച്ചപ്പെടുത്താനും രോഗപ്രതിരോധശേഷി നിലനിർത്താനും ഇത് സഹായിക്കുമെന്ന് ആയുർവേദത്തിൽ പരാമർശിക്കുന്നു.
വിവരങ്ങൾക്ക് കടപ്പാട്: ഡോ.മനോജ് കാളൂർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.