മെഡിക്കല്‍ കോളജുകളില്‍ നിന്നും 1382 പി.ജി ഡോക്ടര്‍മാർ മറ്റാശുപത്രിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പി.ജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് ലഭ്യമാക്കിയതായി മന്ത്രി വീണ ജോര്‍ജ്. പി.ജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുന്ന ജില്ലാ റസിഡന്‍സി പ്രോഗ്രാം സംസ്ഥാനതല ഉദ്ഘാടനം ജനറല്‍ ആശുപത്രി അപെക്‌സ് ട്രെയിനിംഗ് സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നും 1382 പി.ജി ഡോക്ടര്‍മാരാണ് മറ്റാശുപത്രിയിലേക്ക് പോകുന്നത്. അതനുസരിച്ച് പെരിഫറല്‍ ആശുപത്രികളില്‍ നിന്നും റഫറല്‍ ചെയ്യുന്ന രോഗികളുടെ എണ്ണം ആനുപാതികമായി കുറയണം. ചുറ്റുമുള്ള അനുഭവങ്ങളിലൂടെയും ആശുപത്രി അന്തരീക്ഷത്തിലൂടെയുമെല്ലാം പ്രഫഷണല്‍ രംഗത്ത് കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്താന്‍ പി.ജി വിദ്യാഥികള്‍ക്ക് സാധിക്കും. സാധാരണക്കാരായ രോഗികള്‍ക്ക് സഹായകരമായ രീതിയില്‍ എല്ലാവരും സേവനം നല്‍കണമെന്നും മന്ത്രി പറഞ്ഞു.

രണ്ട് പതിറ്റാണ്ടുകളായി ആലോചിച്ചിരുന്ന കാര്യമാണ് ഈ സര്‍ക്കാര്‍ യാഥാർഥ്യമാക്കിയത്. മെഡിക്കല്‍ കോളജുകളിലെ രണ്ടാം വര്‍ഷ പി.ജി ഡോക്ടര്‍മാരെ താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളിലേക്കാണ് നിയമിച്ചത്. മൂന്ന് മാസം വീതമുള്ള നാലു ഗ്രൂപ്പുകളായിട്ടാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. 100 കിടക്കകള്‍ക്ക് മുകളില്‍ വരുന്ന താലൂക്കുതല ആശുപത്രികള്‍ മുതലുള്ള 78 ആശുപത്രികളിലാണ് ഇവരെ നിയമിക്കുന്നത്.

പി.ജി വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ ആരോഗ്യ മേഖലയെപ്പറ്റി അടുത്തറിയാനും അതിലൂടെ ലഭ്യമാകുന്ന ചികിത്സയിലും രോഗീപരിചരണത്തിലുമുള്ള അനുഭവങ്ങള്‍ ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും സഹായകരമാകും. താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളുടെ ഭരണസംവിധാനങ്ങള്‍, ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടി, സംസ്ഥാന, ദേശീയ ആരോഗ്യ പദ്ധതികള്‍ എന്നിവ അടുത്തറിയാനാകുന്നു. എല്ലാവരും ഈ സിസ്റ്റത്തിന്റെ ഭാഗമായി ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കണം.

ജില്ലാ റെസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി 75 പി.ജി ഡോക്ടര്‍മാരെയാണ് തിരുവനന്തപുരം ജില്ലയില്‍ നിയമിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 57, ശ്രീ ഗോകുലം മെഡിക്കല്‍ കോളജ് ഒമ്പത്, സി.എസ്‌.ഐ മെഡിക്കല്‍ കോളജ് കാരക്കോണം ആറ്, ആർ.സി.സി മൂന്ന് എന്നിവിടങ്ങളില്‍ നിന്നാണ് നിയമിക്കുന്നത്. 

Tags:    
News Summary - 1382 PG doctors from medical colleges to other hospitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.