ലോക മാനുഷിക ദിനത്തിൽ ജി.ഡി.ആർ.എഫ്.എയും
സി.ഡി.എ ദുബൈയും സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്
ദുബൈ: ലോക മാനുഷിക ദിനമായ ചൊവ്വാഴ്ച ദുബൈയിൽ കാരുണ്യത്തിന്റെ മനോഹരമായ കാഴ്ചയൊരുക്കി ‘സ്നേഹത്താൽ പൊതിഞ്ഞ്’ സംരംഭം. നിശ്ചയദാർഢ്യമുള്ളവരുടെ കൈകളിലൂടെ സ്നേഹത്തിന്റെ സമ്മാനപ്പൊതികൾ ആശുപത്രിയിലെ കുഞ്ഞുമനസ്സുകളിലേക്കെത്തിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജി.ഡി.ആർ.എഫ്.എ ദുബൈ), കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയും (സി.ഡി.എ) ചേർന്നാണ് ഹൃദയസ്പർശിയായ സംരംഭം ഒരുക്കിയത്. ‘സാമൂഹിക വർഷ’ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ‘സ്നേഹത്താൽ പൊതിഞ്ഞ്’ എന്ന ഈ പരിപാടി അരങ്ങേറിയത്.
അൽ ജലീല ചിൽഡ്രൻസ് സ്പെഷാലിറ്റി ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ നിശ്ചയദാർഢ്യ വിഭാഗത്തിലുള്ളവർ അതിഥികളായി. സ്വന്തം കൈകൊണ്ട് സമ്മാനങ്ങൾ തയാറാക്കിയാണ് ആശുപത്രി വാർഡുകളിലെത്തി കുട്ടികൾക്ക് നേരിട്ട് ഇവർ കൈമാറിയത്. ‘മനുഷ്യൻ ആദ്യം’ എന്ന ഞങ്ങളുടെ തത്ത്വത്തിന്റെ ഭാഗമാണ് സംരംഭമെന്നും സമൂഹത്തിലെ എല്ലാവർക്കും നന്മയുടെ പാതയിൽ മുന്നോട്ട് പോകാൻ കഴിയുമെന്ന് നിശ്ചയദാർഢ്യമുള്ളവരുടെ പങ്കാളിത്തം തെളിയിക്കുന്നെന്നും ജി.ഡി.ആർ.എഫ്.എ ദുബൈ നേതൃത്വ, ഭാവി വിഭാഗം അസി. ഡയറക്ടർ ജനറൽ ബ്രി. അബ്ദുൽ സമദ് ഹുസൈൻ അൽ ബലൂഷി പറഞ്ഞു.
നിശ്ചയദാർഢ്യമുള്ളവരെ ഇത്തരം സന്നദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നത് അവരെ ശാക്തീകരിക്കുക മാത്രമല്ല, സമൂഹത്തിന്റെ മൂല്യങ്ങൾ കൂടുതൽ ദൃഢമാക്കുക കൂടിയാണെന്ന് സി.ഡി.എ സോഷ്യൽ ഡെവലപ്മെന്റ് ആൻഡ് കെയർ സെക്ടർ സി.ഇ.ഒ ഹാരിസ് അൽ മുർബിൻ ഹാരിസും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.