ദുബൈ: എത്രയെത്ര മാലിന്യമാണ് നാം ഭൂമിയുടെ മാറിലേക്ക് വലിച്ചെറിയുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? അതറിയാൻ അവ കൂട്ടിവെക്കണം. അതിെൻറ കനമറിയാൻ ഒന്ന് പൊക്കിനോക്കണം. അപ്പോൾ മനസ്സിലാകും കോടിക്കണക്കിന് മനുഷ്യർ മാലിന്യം കൊണ്ട് ഭൂമിക്ക് നൽകുന്ന ഭാരമെത്രയെന്ന്.
ഏതായാലും ഇൗയൊരു പരീക്ഷണത്തിന് രണ്ടും കൽപിച്ചിറങ്ങിയിരിക്കുകയാണ് ദുബൈയിൽ താമസിക്കുന്ന മാറിത്ത പീറ്റേഴ്സും മറിസ്ക നീലും. ഒാരോ ദിവസവും തങ്ങൾ ‘ഉൽപാദിപ്പിക്കുന്ന’ മാലിന്യം വസ്ത്രരൂപത്തിൽ അണിയുകയാണ് ഇവർ. ഭൗമമണിക്കൂർ ആചരിച്ച മാർച്ച് 24നാണ് ഇവർ ഇൗ യജ്ഞം ആരംഭിച്ചത്. ഭൗമദിനമായി ആചരിക്കുന്ന ഏപ്രിൽ 22 വരെ ഇത് തുടരാനാണ് തീരുമാനം.
ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കൾ വളരെ കുറച്ച് സുസ്ഥിര ജീവിതരീതി പിന്തുടരുന്ന യുവതിയാണ് മാറിത്ത. ഇതിനായി ചായക്കപ്പുകളും സ്പൂണുകളുമെല്ലാം കൂടെ കൊണ്ടുനടക്കുകയാണ് ഇവർ. അതിനാൽ ഇത്ര ദിവസം പിന്നിട്ടിട്ടും രണ്ട് കിലോയിൽ കുറഞ്ഞ മാലിന്യമേ ഇവർ വഹിക്കുന്നുള്ളൂ.
എന്നാൽ, ശരാശരി ജീവിതം നയിക്കുന്ന മറിസ്ക ഒരു ദിവസം രണ്ട് മുതൽ മൂന്ന് വരെ കിലോഗ്രാം മാലിന്യം ‘ഉൽപാദിപ്പിക്കുന്നു. 35 കിലോഗ്രാമിലധികം ഭാരമുള്ള ‘മാലിന്യവസ്ത്ര’മാണ് ഇപ്പോൾ ഇവർ വഹിക്കുന്നത്. കൂടാതെ ഒരു ട്രോളിയിൽ മാലിന്യം വേറെയുമുണ്ട്. മാലിന്യവസ്ത്രം ധരിച്ചത് കണ്ട് ആളുകൾ അന്ധാളിച്ച് നോക്കുന്നതായി മറിസ്ക ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. ചോദ്യങ്ങളുമായെത്തുന്നവരോട് മാലിന്യം കുറക്കേണ്ടതിെൻറ ആവശ്യകതയെ കുറിച്ച് സംസാരിച്ച് ബോധവത്കരണം നടത്തി മുന്നേറുകയാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.