അബൂദബി: കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും എതിരായ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ രണ്ട് വിദേശ ബാങ്കുകളുടെ ശാഖകൾക്ക് യു.എ.ഇ സെൻട്രൽ ബാങ്ക് കനത്ത പിഴചുമത്തി. ആകെ 1.81 കോടി ദിർഹമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഒരു ബാങ്കിന് 1.06 കോടി ദിർഹമും രണ്ടാമത്തെ ബാങ്കിന് 75 ലക്ഷം ദിർഹമുമാണ് പിഴ വിധിച്ചത്. സെൻട്രൽ ബാങ്ക് നടത്തിയ അന്വേഷണത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്.
നടപടിക്ക് വിധേയരായ ബാങ്കുകളുടെ പേരുവിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സാമ്പത്തിക ഇടപാടുകളുടെ സുതാര്യതയും സമഗ്രതയും നിലനിർത്തുന്നതിനും യു.എ.ഇ സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമായി എല്ലാ ബാങ്കുകളും അവരുടെ ജീവനക്കാരും സെൻട്രൽ ബാങ്ക് രൂപപ്പെടുത്തിയ നിയമങ്ങൾ, ചട്ടങ്ങൾ, മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രമിക്കുന്നു -പ്രസ്താവനയിൽ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും എതിരായ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിരവധി നടപടികൾ അധികൃതർ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ബാങ്കുകൾക്കെതിരായ നടപടി. കഴിഞ്ഞ ആഴ്ച കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും എതിരായ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ നധവിനിമയ സ്ഥാപനത്തിന് 20 കോടി ദിർഹം പിഴ ചുമത്തിയിരുന്നു. കൂടാതെ സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജർക്ക് 5 ലക്ഷം ദിർഹം പിഴയും യു.എ.ഇയിൽ ലൈസൻസുള്ള ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിൽനിന്ന് വിലക്കും ഏർപ്പെടുത്തിയിരുന്നു.
മാർച്ച് മാസത്തിൽ യു.എ.ഇയിൽ പ്രവർത്തിക്കുന്ന അഞ്ച് ബാങ്കുകൾക്കും രണ്ട് ഇൻഷുറൻസ് കമ്പനികൾക്കും നികുതി നിയമങ്ങൾ പാലിക്കാത്തതിന് പിഴ ചുമത്തിയിരുന്നു. കോമൺ റിപ്പോർട്ടിങ് സ്റ്റാൻഡേർഡ്, ഫോറിൻ അക്കൗണ്ട് ടാക്സ് കംപ്ലയൻസ് ആക്ട് മാർഗനിർദേശങ്ങൾ പ്രകാരം ആവശ്യമായ നടപടിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടതിനാണ് ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും സെൻട്രൽ ബാങ്ക് മൊത്തം 26.21 ലക്ഷം ദിർഹമിന്റെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.