ദുബൈ: മംസാർ ബീച്ചിൽ പാർക്ക് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട് ക്രീക്കിലേക്ക് പതിച്ച കാറും കാറോടിച്ചിരുന്ന അറബ് യുവതിയെയും ദുബൈ പൊലീസ് കരകയറ്റി. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ബീച്ചിലെ പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്യുന്നതിനിടെ ബ്രേക്കിനു പകരം ആക്സിലറേറ്ററിൽ ചവിട്ടിപ്പോയതിനെ തുടർന്ന് നിയന്ത്രണംവിട്ട കാർ സ്ത്രീയുമായി ക്രീക്കിലേക്ക് പതിക്കുകയായിരുന്നു. അപകടവിവരം ലഭിച്ചതിനെ തുടർന്ന് ദുബൈ പൊലീസിലെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ സ്ത്രീയെ രക്ഷിച്ച് കരകയറ്റുകയായിരുന്നു.
തിരമാലകൾ കാറിനെ 30 മീറ്റർ വെള്ളത്തിലേക്ക് വലിച്ചിഴച്ചതിനാൽ വിഞ്ച് ഉപയോഗിച്ചാണ് കാർ കരയിലെത്തിച്ചതെന്ന് മാരിടൈം ഡയറക്ടർ ലെഫ്റ്റനൻറ് കേണൽ അലി അബ്ദുല്ല അൽ കാസിബ് അൽ നഖ്ബി പറഞ്ഞു. വെള്ളത്തിൽ പതിച്ച കാറിൽനിന്ന് 41കാരിയായ സ്ത്രീക്ക് പുറത്തുകടക്കാനായി. എന്നാൽ, കാർ അൽപം ദൂരെയായാണ് പതിച്ചത് -അൽ നഖ്ബി ചൂണ്ടിക്കാട്ടി.
വാഹനം പാർക്ക് ചെയ്തെങ്കിലും കാർ പാർക്കിങ് (പി) മോഡിൽ ഇടുന്നതിൽ പരാജയപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. മാത്രമല്ല, കാറിനെ നിയന്ത്രിക്കുന്നതിനായി കാലെടുത്തുവെച്ചപ്പോൾ ബ്രേക്കുകൾക്ക് പകരം ആക്സിലറേറ്ററിൽ അമർന്നതോടെ നിയന്ത്രണംവിട്ട് വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. വാഹനമോടിക്കുന്നവർ ആവശ്യമായ ശ്രദ്ധയും ജാഗ്രതയും പാലിക്കണമെന്ന് അൽ നഖ്ബി അഭ്യർഥിച്ചു. ഡ്രൈവിങ്ങിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ട്രാഫിക് നിർദേശങ്ങളും നിയമങ്ങളും കർശമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.