അബൂദബി: രാജ്യത്തെ അഡ്നോക് പമ്പുകളിൽ പ്രീമിയം സേവനങ്ങൾക്ക് ഈടാക്കിയിരുന്ന 10 ദിർഹം ഫീസ് നവംബർ മൂന്നു മുതൽ നിർത്തലാക്കാൻ തീരുമാനമായി. നിലവിൽ സെൽഫ്, പ്രീമിയം സേവനരീതിയാണ് ഇന്ധനം നിറക്കുന്നതിന് അഡ്നോക് പമ്പുകളിലുള്ളത്. സ്വയം ഇന്ധനം നിറക്കുന്ന സെൽഫ് രീതി ഉപയോഗിക്കുന്നതിന് നിരക്ക് നൽകേണ്ടതില്ലെങ്കിലും പമ്പുകളിലെ ജീവനക്കാർ വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്ന പ്രീമിയം സേവനത്തിന് 10 ദിർഹം ഫീസ് നൽകണമായിരുന്നു. ഇൗ രീതിയാണ് ഞായറാഴ്ച മുതൽ അഡ്നോക് പിൻവലിക്കുന്നത്. കഴിഞ്ഞവർഷം ജൂണിലായിരുന്നു അഡ്നോക് പ്രീമിയം, സെൽഫ് സേവനരീതി അബൂദബിയിലും തുടർന്ന് രാജ്യത്തെ എല്ലാ അഡ്നോക് പമ്പുകളിലും നടപ്പാക്കിയത്.
അഡ്നോക് പമ്പിലെ ജീവനക്കാർ കാറിൽ ഇന്ധനം നിറച്ചുകൊടുക്കുന്ന പ്രീമിയം സേവനത്തിന് 10 ദിർഹം ഫീസ് ഇന്ധന ബില്ലിൽ അധികമായി നൽകേണ്ടിയിരുന്നു. സെൽഫ് സർവീസ് ഓപ്ഷൻ ഉപയോഗിച്ച് സ്വയം ഇന്ധനം നിറക്കുന്നവർ ഈ അധിക നിരക്ക് നൽകേണ്ടതില്ലെങ്കിലും െപട്രോൾ പമ്പിലെ തുറസ്സായ സ്ഥലത്ത് കൊടും ചൂടിലും തണുപ്പിലും പുറത്തിറങ്ങേണ്ട സാഹചര്യം വലിയ പ്രയാസമാണ് ഉണ്ടാക്കിയിരുന്നത്. ഇതോടൊപ്പം ഇന്ധനം നിറക്കുമ്പോഴുണ്ടാകാവുന്ന അപായ സാധ്യതകളും ഉപഭോക്താക്കളിൽ ആശങ്കയുണ്ടാക്കിയിരുന്നു. മുതിർന്ന പൗരന്മാരെയും അംഗവൈകല്യമുള്ളവരെയും വനിതകളെയും പ്രീമിയം സേവനനിരക്കിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യങ്ങൾ മനസ്സിലാക്കി അവരുടെ സംതൃപ്തി പരിഗണിച്ചാണ് പ്രീമിയം സേവന ഫീസ് ഒഴിവാക്കുന്നതെന്ന് അഡ്നോക് ഡിസ്ട്രിബ്യൂഷൻ ആക്ടിങ് സി.ഇ.ഒ സഈദ് മുബാറക് അൽ റാഷിദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.