ദുബൈ: ദായേഷ് ഭീകരത തകർത്ത മൊസൂളിലെ രണ്ട് ചർച്ചുകൾ പുനർനിർമിക്കാൻ സഹിഷ്ണുതയുടെ ആഗോള തലസ്ഥാനമായ യു.എ.ഇ യുനെസ്കോയുമായി കൈകോർക്കുന്നു. മൊസൂളിെൻറ ആത്മാവ് വീണ്ടെടുക്കുക എന്ന പ്രമേയത്തിൽ ഒരുക്കുന്ന ദൗത്യത്തിലെ പങ്കാളിത്ത ഉടമ്പടി പാരീസിലെ യുെനസ്കോ ആസ്ഥാനത്ത് ഒപ്പുവെച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ നഗരത്തിെൻറ സാംസ്കാരിക പൈതൃക പുനർനിർമാണത്തിന് 50.4 ദശലക്ഷം ഡോളർ നൽകാനുള്ള തീരുമാനത്തിെൻറ സഹിഷ്ണുതാ വർഷ തുടർച്ചയാണ് ഇൗ തീരുമാനം.
ഇരുൾ മൂടിയെന്ന് തോന്നിക്കുന്ന കാലത്ത് വെളിച്ചം വീശുന്ന സന്ദേശമാണ് ഇൗ ഉടമ്പടിയെന്ന് ഒപ്പുവെക്കൽ ചടങ്ങിൽ സംബന്ധിച്ച യു.എ.ഇ സാംസ്കാരിക-വൈജ്ഞാനിക വികസന മന്ത്രി നൂറ അൽ കഅബി പറഞ്ഞു. പഴമയുടെ ഒരു ഭാഗം പുനർനിർമിക്കുക വഴി ഇറാഖിന് അതിെൻറ ഭാവിയെ സഹിഷ്ണുതയിലൂന്നി പടുത്തുയർത്താൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. ഇറാഖിലെ ചർച്ചുകൾ പുനർനിർമിക്കുന്ന ആദ്യ ലോക രാഷ്ട്രമാണ് യു.എ.ഇ. 800 വർഷം പഴക്കമുള്ള അൽ താഹിറ സിറിയൻ കാത്തലിക് ചർച്ച്, 18ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട അൽ സആ ചർച്ച് എന്നിവയുടെ പുനർനിർമാണ ദൗത്യമാണ് യു.എ.ഇ ഏറ്റെടുത്തത്.
വിവിധ മത-വംശ സംഘങ്ങൾ പരസ്പര സഹകരണത്തിൽ കഴിഞ്ഞു പോന്ന നഗരത്തിെൻറ യഥാർഥ സത്ത തിരിച്ചുപിടിക്കാൻ ഇൗ ദൗത്യം വഴിയൊരുക്കുമെന്ന് യുനെസ്കോ ജനറൽ ഡയറക്ടർ ഒൗഡ്രീ അസോലേ അഭിപ്രായപ്പെട്ടു. ഇൗ യത്നത്തിെൻറ പ്രാരംഭഘട്ടം മുതൽ പിന്തുണയൊരുക്കുന്ന യു.എ.ഇയോടുള്ള കടപ്പാടും അദ്ദേഹം രേഖപ്പെടുത്തി. 840 വർഷം പഴക്കമുള്ള അൽ നൂറി പള്ളി 45 മീറ്റർ ഉയരമുള്ള അൽ ഹദ്ബ മിനാരമുൾപ്പെടെ പുനർനിർമിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളാണ് ആദ്യഘട്ടത്തിൽ ഉള്ളത്. തകർക്കപ്പെട്ട പള്ളികളുടെ ഭാഗങ്ങൾ ചേർത്തു വെച്ച് മ്യൂസിയവും ഇവിടെ ഒരുക്കും. ഇറാഖി യുവജനങ്ങൾക്കായി ആയിരത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.