അബൂദബി: തലസ്ഥാന നഗരിയിലെ മിന മത്സ്യമാർക്കറ്റിൽ തൊഴിലാളികൾ മീൻ വെട്ടാനിരിക്കു ന്ന കല്ലുകൾക്ക് (ദക്ക) ഒക്ടോബർ ഒന്നു മുതൽ ലൈസൻസ് വേണമെന്ന് അബൂദബി ഫിഷർമെൻ കോഒാപ റേറ്റിവ് സൊസൈറ്റി അറിയിച്ചു. ഇതിെൻറ നിരക്ക് എത്രയാവുമെന്നറിയാതെയും ഈ തൊഴിലിൽനിന്നുള്ള വരുമാനം നിലക്കുമോ എന്ന ആശങ്കയിലുമാണ് 90ഒാളം തൊഴിലാളികൾ. ഇവരിൽ 60 പേരും മലയാളികളാണ്. ഇറാനികളും പാക്കിസ്താനികളുമാണ് മറ്റുള്ളവർ. ആറുമാസം മുമ്പുതന്നെ മിന മത്സ്യമാർക്കറ്റിൽ മീൻ വൃത്തിയാക്കുന്ന ഇടങ്ങൾക്ക് പ്രത്യേക ലൈസൻസ് വേണമെന്ന നിർദേശം ഫിഷർമെൻ കോഒാപറേറ്റിവ് സൊസൈറ്റി തൊഴിലാളികൾക്ക് നൽകിയിരുന്നു. എന്നാൽ ഫീസ് എത്രയാണെന്ന് വ്യക്തമായിട്ടില്ല. പ്രതിമാസം 2100 ദിർഹമാണ് ഓരോ തൊഴിലാളിയും മീൻവെട്ടുന്ന കല്ലുകൾക്ക് വാടകയായി നിലവിൽ കോഒാപറേറ്റിവ് സൊസൈറ്റിക്കു നൽകുന്നത്.
രാവിലെ ആറു മുതൽ രാത്രി പത്തുവരെ ശരാശരി 10 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്യുന്ന ഇവർക്ക് പ്രവൃത്തിദിവസങ്ങളിൽ ശരാശരി 100 മുതൽ 150 ദിർഹം വരെയും വാരാന്ത്യ അവധി ദിവസങ്ങളിൽ 200 മുതൽ 250 ദിർഹം വരെയുമാണ് ലഭിക്കുന്നത്. കിട്ടുന്ന വരുമാനത്തിൽനിന്ന് പ്രതിമാസ വാടകയായി നൽകുന്ന 2100 ദിർഹത്തിന് പ്രതിദിനം 70 ദിർഹം ചെലവ് കണക്കാക്കണം. ബാക്കിയുള്ള നീക്കിയിരിപ്പാണ് വരുമാനം. ഇതിൽനിന്ന് നിത്യചെലവു കഴിഞ്ഞാൽ 50 ദിർഹമാണ് പ്രതിദിന ശരാശരി സമ്പാദ്യം. ചെറിയ മത്സ്യം ഒരു കിലോ നന്നാക്കുന്നതിന് രണ്ടു ദിർഹവും വലിയ മത്സ്യം വെട്ടി വൃത്തിയാക്കുന്നതിന് കിലോഗ്രാമിന് ഒന്നര ദിർഹവുമാണ് ഉപഭോക്താക്കളിൽനിന്ന് കൂലി ഈടാക്കുന്നത്. രണ്ടു വർഷത്തെ വിസ അടിക്കുന്നതിനും ലേബർ കാർഡിനുമായി 5,000 മുതൽ 10,000 ദിർഹം വരെ ഓരോ രണ്ടു വർഷവും സ്പോൺസർക്ക് കൊടുക്കണം. ആരോഗ്യ ഇൻഷുറൻസിന് വർഷത്തിൽ 1200 ദിർഹം വരെ വേണം. വിസ അടിക്കുമ്പോൾ കഫാലത്ത് പണമായി ഈടാക്കുന്ന തുക വ്യക്തികളെ ആശ്രയിച്ചാണ് കൂടിയും കുറഞ്ഞും വരുന്നത്. 5000 ദിർഹം ഈടാക്കുന്നവരും 10,000 ദിർഹം ഈടാക്കുന്നവരുമുണ്ട്.
ഈ ചെലവുകൾക്കു പുറമെയാണ് ദക്കക്കു ഫീസ് ഏർപ്പെടുത്തുന്നത്. ലൈസൻസ് നിർബന്ധമാവുന്നു എന്ന അറിയിപ്പല്ലാതെ അതിനു വരുന്ന ചെലവ് എത്രയാണെന്ന് അറിയിച്ചിട്ടില്ല. എന്നാൽ, 7,000 മുതൽ 10,000 വരെ ഈ ഇനത്തിൽ ചെലവാകുന്ന സ്ഥിതിയാണെങ്കിൽ മീൻ വെട്ടുന്ന തൊഴിൽ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയാണ് തൊഴിലാളികൾ പ്രകടിപ്പിക്കുന്നത്. വേനലവധി കഴിഞ്ഞ് മത്സ്യവിപണികളിലെ പ്രതിസന്ധി മാറിത്തുടങ്ങിയതിനിടെയാണ് ലൈസൻസ് നിർബന്ധമാവുന്നത്. കൊടുംചൂടിനെ തുടർന്ന് മിന മത്സ്യമാർക്കറ്റിൽ കഴിഞ്ഞ മാസാവസാനം വരെ മീൻ വാങ്ങാനെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഇതു കാരണം മീൻവെട്ട് തൊഴിലാളികൾ പ്രതിസന്ധിയിലായിരുന്നു. വേനലവധിക്ക് ഒട്ടേറെ കുടുംബങ്ങൾ നാട്ടിൽ പോയതും കൊടുംചൂടിനെ തുടർന്ന് മത്സ്യബന്ധനം കുറഞ്ഞതും മാർക്കറ്റിൽ കഴിഞ്ഞ മാസാവസാനം വരെ മത്സ്യലഭ്യത കുറയാൻ കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.