ദുബൈ: വിസ പുതുക്കലിന് അപേക്ഷകർ കുറഞ്ഞതിനാൽ ദുബൈയിലെ രണ്ട് ഫിറ്റ്നെസ് സെൻററു കൾ പൂട്ടാൻ ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) തീരുമാനിച്ചു. അൽ ബദായിലെയും അൽ മൻകൂളിലെയും ഫിറ്റ്നെസ് സെൻററുകളാണ് അടച്ചത്. വിസ പുതുക്കലിനോടനുബന്ധിച്ചുള്ള വൈദ്യ പരിശോധന നടത്തുന്ന കേന്ദ്രങ്ങളാണ് പൂട്ടിയത്. ഇവിടെയെത്തുന്നവരെ ഇപ്പോൾ മറ്റ് സെൻററുകളിലേക്ക് പറഞ്ഞുവിട്ടുകൊണ്ടിരിക്കുകയാണ്. വിസ പുതുക്കൽ മാത്രമാണ് ഇവിടെ നടന്നിരുന്നതെന്നും അതിന് ആവശ്യക്കാർ കുറഞ്ഞതോടെയാണ് കേന്ദ്രങ്ങൾ പൂട്ടാൻ തീരുമാനിച്ചതെന്നും ഡി.എച്ച്.എ. അധികൃതർ പറഞ്ഞു. ഇൗ കേന്ദ്രങ്ങളിലെ ജീവനക്കാരെ നോളഡ്ജ് വില്ലേജിലെ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് മറ്റ് ഏത് കേന്ദ്രത്തിൽ നിന്നും സേവനം ലഭ്യമാണെന്നും വക്താക്കൾ അറിയിച്ചു.
അൽ കരാമ മെഡിക്കൽ ഫിറ്റ്നെസ് എക്സ്പ്രസ് സർവീസ് സെൻറർ, ജുമൈറ ലേക്ക് ടവേഴ്സ് മെഡിക്കൽ സ്ക്രീനിങ് സെൻറർ, അൽ ഖൂസ് മാൾ മെഡിക്കൽ ഫിറ്റ്നസ് സെൻറർ എന്നിവിടങ്ങളിൽ വിസ പുതുക്കൽ നടപടിക്ക് സൗകര്യമുണ്ട്. നിലവിൽ 19 മെഡിക്കൽ ഫിറ്റ്നസ് സെൻററുകളാണ് ദുബൈ എമിറേറ്റിൽ ഉള്ളത്. മുഹൈസിനയിലെ ഫിറ്റ്നെസ് സെൻറർ ദിവസം മുഴുവൻ പ്രവർത്തിക്കുന്നുണ്ട്. സാധാരണ സേവനത്തിന് പുറമെ വി.െഎ.പി., 24 മണിക്കൂർ, 48 മണിക്കൂർ എന്നിങ്ങനെ വിവിധ തരത്തിലുള്ള സേവനങ്ങൾ ലഭ്യമാണ്. ‘തവാജ്ദ്’ എന്ന പേരിൽ കോർപറേറ്റ് ജീവനക്കാർക്കുള്ള അതിവേഗ സേവനവും ഡി.എച്ച്.എ് ഏർപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ ലഭിക്കുന്നതനുസരിച്ച് ഒാഫീസിലോ താമസസ്ഥലത്തോ എത്തി പരിശോധന നടത്തുന്ന രീതിയാണിത്. പരമാവധി 70 പേരെ വരെ പരിശോധിക്കാനുള്ള സൗകര്യമാണ് നൽകുന്നത്. ബിസിനസുകാർക്കും മറ്റും ഏറെ സൗകര്യപ്പെടുന്ന രീതിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.