ദുബൈ: ശീതികരിച്ച 50 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി ദുബൈയിൽ തുറക്കും. അവയും ഉടൻ സജ്ജമാക്കാനിരിക്കുന്ന പത്തെണ്ണവും ചേർന്ന് ദുബൈയിലെ എ.സി ബസ് വെയ്റ്റിങ് ഷെൽറ്ററുകളുടെ എണ്ണം 884 ആയി ഉയരും. ദുബൈയിലെ പുതു മേഖലകളിലും താമസ കേന്ദ്രങ്ങളിലും നിർമാണം പുരോഗമിക്കുന്നതായി റോഡ് ഗതാഗത അതോറിറ്റി ഡയറക്ടർ ജനറലും ചെയർമാനുമായ മത്താർ അൽ തായർ വ്യക്തമാക്കി. ദുബൈ ഇൻവെസ്റ്റ്മെൻറ് പാർക്ക് (ഡി.െഎ.പി)യിൽ ഒമ്പതെണ്ണം നിർമിക്കും. ദുബൈ അക്കാദമിക് സിറ്റി, ഹയർ കോളജ് ഒാഫ് ടെക്നോളജി, ദുബൈ ഇൻഡസ്ട്രിയൽ സിറ്റി, ദുബൈ ഇൻറർനെറ്റ് സിറ്റി, ജുമേര ലേക് ടവേഴ്സ് എന്നിവിടങ്ങളിലും ജനങ്ങൾ കൂടുതൽ ആവശ്യപ്പെടുന്ന മറ്റു പ്രദേശങ്ങളിലും പുതിയ ഷെൽറ്ററുകൾ വരും.
വൈദ്യുതി പാനലുകൾ ഇല്ലാത്ത മേഖലയിൽ സൗരോർജം ഉപയോഗിക്കുന്ന ബസ് ഷെൽറ്ററുകളും പരീക്ഷണാടിസ്ഥാനത്തിൽ നിർമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിളക്കുകളും എ.സിയും സൂചനാ ബോർഡുകളും പ്രവർത്തിപ്പിക്കുന്നതിന് സൗരോർജം പ്രയോജനപ്പെടുത്തും. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുവാനും യാത്രികർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്താനുമുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് ആധുനിക ബസ് ഷെൽറ്ററുകൾ വ്യാപകമാക്കുന്നത്. ദുബൈയിലെ ഗതാഗതം 2020ൽ 20 ശതമാനവും 2030ൽ 30 ശതമാനവും പൊതുഗതാഗത മാർഗങ്ങളിലൂടെയാക്കുക എന്ന വലിയ ലക്ഷ്യത്തിലാണ് പ്രവർത്തനങ്ങൾ നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.