ഫുജൈറ കോട്ടക്ക് മനോഹരമായ  പടിപ്പുര; നിര്‍മാണം പുരോഗമിക്കുന്നു

ഷാര്‍ജ: ചരിത്ര പ്രിസദ്ധമായ ഫുജൈറ കോട്ടക്ക് അതിമനോഹരമായ പടിപ്പുര നിര്‍മിക്കുന്നു. തദ്ദേശിയ വാസ്തുകലയിലാണ് പരിപ്പുര വാര്‍ത്തെടുക്കുന്നത്. ഇതിന്‍െറ നിര്‍മാണം പാതിവഴി പിന്നിട്ട് കഴിഞ്ഞു. വാള്‍ റൗണ്ടബൗട്ടിന് എതിര്‍വശത്ത് മുഹമ്മദ് ബിന്‍ മത്താര്‍ റോഡ് സന്ധിക്കുന്ന ഭാഗത്താണ് ആര്‍ച്ചും മുഖപ്പുകളും അഴക് വിരിക്കുന്ന പൗരാണിക ഭംഗിയുള്ള പ്രവേശന കവാടം ഒരുങ്ങുന്നത്. 
കവാടത്തിന്‍െറ ചുവരുകളില്‍ ഫുജൈറയുടെ ചരിത്ര ചിത്രങ്ങളും ഒരുങ്ങുകയാണ്. രാവില്‍ വര്‍ണ കുടമാറ്റം നടക്കുന്ന കോട്ടക്ക് പടിപ്പുര കൂടി വരുന്നതോടെ ചന്തം കൂടും. അഞ്ച് നൂറ്റാണ്ടിലേറെ പഴക്കം കണക്കാക്കുന്ന ഫുജൈറ കോട്ട പ്രവാസി മലയാളികള്‍ക്കും കേരളത്തിലും പ്രസിദ്ധമാണ്. നിരവധി മലയാള സിനിമകളിലെ പ്രധാന രംഗങ്ങളില്‍ കോട്ട ഇടം പിടിച്ചിട്ടുണ്ട്. ഇതിലേറെ ശ്രദ്ധേയമായ ചിത്രമാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥ. കല്ലും ചെമണ്ണും കൊണ്ട് തീര്‍ത്തതാണ് കോട്ടയുടെ ചുവരുകള്‍.  പടിപ്പുരയില്‍ നിന്ന് ചെമണ്ണ് വിരിച്ച നടപ്പാതയിലൂടെയാണ് കോട്ടക്ക് സമീപത്ത് എത്തുക. കോട്ട ചുറ്റി നടന്ന് കാണാം. കോട്ടയുടെ പിറക് വശത്തുള്ള മണ്ണില്‍ നിര്‍മിച്ച വീടുകള്‍ കാലാന്തരങ്ങളെ അതിജീവിച്ച് അതിമനോഹരമായി നിലനിറുത്തിയിട്ടുണ്ട് നഗരസഭ. ഫുജൈറയുടെ പുരാതന ജീവിതത്തെ അടയാളപ്പെടുത്തുന്ന നിരവധി വസ്തുക്കള്‍ കോട്ടയുമായി ചേര്‍ന്നുള്ള മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. 
കലപ്പ, കൈക്കോട്ട്, മണ്ണണ്ണയില്‍ പ്രവര്‍ത്തിക്കുന്ന പങ്ക, തുകല്‍ സഞ്ചി, തുന്നല്‍ യന്ത്രം, പാത്രങ്ങള്‍, തോണികള്‍, നാണയങ്ങള്‍ എല്ലാം ഇവിടെ കാണാന്‍ കഴിയും. കാര്‍ഷിക-കാലി വളര്‍ത്തല്‍ മേഖലയില്‍ അന്നും ഇന്നും ഫുജൈറ സജീവമാണ്. മലയും തോടും ആടും കഴുതയും കൃഷിയും അണക്കെട്ടുകളും എല്ലാം ചേര്‍ന്ന ജൈവികത ഫുജൈറയുടെ അഴകാണ്. 
യു.എ.ഇയിലെ രണ്ടാമത്തെ ഏറ്റവും വലിയ പള്ളിയായ ശൈഖ് സായിദ് ഗ്രാന്‍റ് മോസ്ക് കൂടി വന്നതോടെ ഫുജൈറ വിനോദ സഞ്ചാരികളുടെ ഇഷ്ട മേഖലയായിട്ടുണ്ട്. തദ്ദേശിയമായ കൃഷിയില്‍ നിന്ന് ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും സ്വന്തം അങ്ങാടികളായ മസാഫിയിലും ദഫ്തയിലുമാണ് ഫുജൈറ വില്‍പ്പന നടത്തുന്നത്. മലമുകളില്‍ നിന്ന് ശേഖരിക്കുന്ന തേനാണ് ഇതിലേറെ പ്രധാനപ്പെട്ടത്. ഫുജൈറയുടെ ഉപനഗരമായ ദിബ്ബ, ബിദിയ എന്നിവിടങ്ങളിലും കാര്‍ഷിക മേഖല സമ്പന്നമാണ്. ബിദിയയിലെ പുരാതന പള്ളിയും ശ്രദ്ധാകേന്ദ്രമാണ്. നാല് മിനാരങ്ങളെ ഒറ്റകല്ലില്‍ താങ്ങി നില്‍ക്കുന്ന പള്ളി 1446ലാണ് നിര്‍മിച്ചത്. കടലിനും മലക്കും ഇടയില്‍ നില്‍ക്കുന്ന പള്ളിയിലേക്ക് ആര്‍ക്കും കയറാം.

News Summary - uae tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.