ഷാര്‍ജ: വെയിലും മഴയും ഒന്നിച്ച് വന്നാല്‍ കുറുക്കന്‍െറ കല്യാണമാണെന്ന പഴം ചൊല്ല് മലയാളികളുടെ മനസില്‍ മാരിവില്ലാല്‍ വരച്ചിട്ടാണ് വ്യാഴാഴ്ച പകല്‍ മഴ പെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ തുടങ്ങിയ ചാറല്‍ മഴ വ്യാഴാഴ്ച രാത്രിയും പിന്‍വാങ്ങിയിട്ടില്ല. അത് കൊണ്ട് തന്നെ വെള്ളിയാഴ്ച അവധിയും മഴനനയുമെന്ന് ഏറെകുറെ ഉറപ്പായി. അവധി മഴക്കാഴ്ചകള്‍ കാണാനുള്ള യാത്രക്കായി മാറ്റിവെച്ചിരിക്കുകയാണ് മഴപ്രേമികള്‍.
ദീര്‍ഘയാത്ര ചെയ്യുന്നവര്‍ റോഡുകളിലെ വഴുക്കല്‍ ശ്രദ്ധിക്കണം. വാഹനം തെന്നിമാറി മറിയാന്‍ സാധ്യത കൂടുതലാണ്. മുന്‍വര്‍ഷങ്ങളില്‍ മഴപെയ്ത ദിവസങ്ങളില്‍ ഇത്തരം അപകടങ്ങളില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്.
ഷാര്‍ജ-മലീഹ റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പലഭാഗത്തും പാതകളുടെ എണ്ണം കുറക്കുകയും കൂട്ടുകയും ചെയ്തിട്ടുണ്ട്. ഈ റോഡിലെ പരമാവധി വേഗത മണിക്കൂറില്‍ 120ല്‍ നിന്ന് 100 ആക്കി കുറക്കുകയും ചെയ്തിട്ടുണ്ട് അധികൃതര്‍. റഡാറുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതിന് പുറമെ കൂടുതല്‍ പൊലീസുകാരെയും ഈ ഭാഗത്ത് നിയമിച്ചിട്ടുണ്ട്. വാദി അല്‍ ഹെലോയില്‍ നിന്ന് തുടങ്ങി ഫുജൈറ തുറമുഖം വരെ നീളുന്ന റോഡിലെ കയറ്റിറക്കങ്ങളും മുടിപിന്‍ വളവുകളും മഴക്കാല അപകടങ്ങള്‍ക്ക് പേര് കേട്ടതാണ്. കിടങ്ങുകളും മലകളും തുരങ്കങ്ങളുമുള്ള ഈ റോഡിലൂടെ മഴയുള്ളപ്പോള്‍ വളരെ ശ്രദ്ധിച്ച് വേണം വാഹനം ഓടിക്കാന്‍. ഫര്‍ഫാര്‍ മലകള്‍ക്കിടയിലൂടെ പോകുന്ന ശൈഖ് ഖലീഫ ഫ്രീവേയില്‍ വേഗത മണിക്കൂറില്‍ 120 കിലോമീറ്റര്‍ തന്നെ. എന്നാല്‍ മഴയുള്ള സമയത്ത് വേഗത കുറക്കുന്നതാണ് ഉചിതം. പ്രകൃതി രമണിയ കാഴ്ചകളുടെ നിരവധി താഴ്വരകള്‍ ഈ റോഡിലുണ്ട്.
റോഡില്‍ നിന്ന് നൂറടിയോളം താഴ്ച്ചയില്‍ പ്രവര്‍ത്തിക്കുന്ന തോട്ടങ്ങള്‍, തൊഴുത്തുകള്‍, ആട്ടിന്‍പ്പറ്റങ്ങള്‍, തോടുകള്‍, ചെറിയ ചെറിയ പാര്‍പ്പിട സമുച്ചയങ്ങള്‍ നിറഞ്ഞ കാഴ്ചകളുള്ള റോഡാണിത്. വേഗത കുറച്ച് പോയാല്‍ കാഴ്ചകള്‍ കണ്ടാല്‍ വാഹനം നിറുത്താം. റോഡില്‍ മഴവെള്ളം കെട്ടി നിന്നുള്ള അപകടങ്ങള്‍ ഒഴിവാക്കാനും വെള്ളം അണക്കെട്ടുകളിലേക്ക് ഒഴുകി പോകാനുമുള്ള ചാലുകള്‍ റോഡോരത്തുണ്ട്. മഴയുള്ള സമയത്ത് നല്ലരസമാണ് ഈ തോട്. മസാഫിയിലെ തോട്ടങ്ങളിലെ മഴക്ക് താളമേളങ്ങള്‍ കൂടും. അണക്കെട്ടുകളും മഴയത്ത് കാണാന്‍ നല്ല രസമാണ്. ജലാശയത്തെ കാന്‍വാസാക്കി മഴ ചിത്രം വരക്കുന്നത് കാണാം. ദുബൈയിലെ മനുഷ്യ നിര്‍മിത തടാകമായ അല്‍ ഖുദ്റയും മഴക്കാലത്ത് കാണാന്‍ ഏറെ ചന്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.