ദുബൈ: സ്വപ്നങ്ങളുടെ ട്രാക്കിൽ ആ ട്രെയിൻ പുതുചരിത്രത്തിലേക്ക് കുതിച്ചുതുടങ്ങി. യു.എ.ഇയുടെ ഗതാഗത ചരിത്രത്തിൽ പുതിയൊരു സുവർണ അധ്യായം എഴുതിച്ചേർത്തുകൊണ്ട് ‘ഇത്തിഹാദ് റെയിൽ’ പാസഞ്ചർ ട്രെയിൻ സർവിസിന് ഇന്ന് തുടക്കമായി. അബൂദബി-ഫുജൈറ റൂട്ടിലാണ് ആദ്യ സർവിസ് ആരംഭിച്ചത്. വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടാണ് എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള രാജ്യത്തെ ആദ്യ യാത്രാ ട്രെയിൻ കുതിച്ചുപായുന്നത്.
അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ നിന്നും ഫുജൈറയിലെ അൽ ഹിലാൽ സിറ്റി സ്റ്റേഷനിലേക്കാണ് ചൊവ്വാഴ്ച മുതൽ സർവിസ് നടത്തുന്നത്. യാത്രക്ക് എടുക്കുന്ന സമയം വെറും 105 മിനിറ്റാണ്. റോഡ് മാർഗം മണിക്കൂറുകൾ നീളുന്ന അബൂദബി-ഫുജൈറ യാത്ര ഒരു മണിക്കൂർ 45 മിനിറ്റിൽ പൂർത്തിയാക്കാം എന്നതാണ് ഇത്തിഹാദ് റെയിലിന്‍റെ പ്രധാന ആകർഷണം. മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വേഗതയിലാണ് യാത്രാ ട്രെയിനുകൾ സഞ്ചരിക്കുക. ഒരു ട്രെയിനിൽ ഒരേസമയം 400 യാത്രക്കാർക്ക് സഞ്ചരിക്കാനാകും.
ആദ്യ ഘട്ടത്തിൽ ഇരുവശങ്ങളിലേക്കുമായി ദിവസേന മൂന്നു സർവീസുകൾ വീതം ഉണ്ടാകും. ശനി, ഞായർ ദിവസങ്ങളിൽ രണ്ടു സർവീസുകൾ വീതമായിരിക്കും. അബൂദബിയിൽ നിന്ന് രാവിലെ 8.19, ഉച്ച 1.53, വൈകുന്നേരം 6.39 എന്നീ സമയങ്ങളിലാണ് സർവിസ്. ഫുജൈറയിൽനിന്ന് പുലർച്ചെ 5.34, രാവിലെ 10.59, വൈകുന്നേരം 5. 28 എന്നീ സമയങ്ങളിലാണ് ട്രെയിൻ. റെയിൽവേ സ്റ്റേഷനുകൾ ദിവസവും രാവിലെ 5.00 മുതൽ രാത്രി 11:00 വരെ തുറന്നുപ്രവർത്തിക്കും.
ടിക്കറ്റ് നിരക്കുകളും ക്ലാസുകളും
യാത്രക്കാർക്കായി രണ്ട് ക്ലാസുകളാണ് ഇത്തിഹാദ് റെയിലിൽ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിന്‍റെ ഭാഗമായി ടിക്കറ്റ് നിരക്കിൽ വലിയ ഡിസ്കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്
ടിക്കറ്റുകൾക്ക് വൻ ഡിമാൻഡാണുള്ളത്. ഇത്തിഹാദ് റെയിൽ മൊബൈൽ ആപ്പ് വഴിയും ഒഫീഷ്യൽ വെബ്‌സൈറ്റ് വഴിയും ടിക്കറ്റ് ബുക്കിങ് ജൂൺ 23ന് ആരംഭിച്ചിരുന്നു.ജൂലൈ അഞ്ചു വരെയുള്ള ഭൂരിഭാഗം പ്രീമിയം ടിക്കറ്റുകളും ഇതിനകം തന്നെ വിറ്റുതീർന്നിട്ടുണ്ട്. ഇത്തിഹാദ് റെയിൽ മൊബൈൽ ആപ്പ് വഴിയും https://www.etihadrail.ae/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ടിക്കറ്റുകൾ വാങ്ങാം.
കണക്റ്റിവിറ്റി ബസ് സർവീസ്
യാത്രക്കാരുടെ സൗകര്യാർഥം അബൂദബിയിൽ കേവലം 10 ദിർഹം നിരക്കിൽ ഷട്ടിൽ ബസ് സർവീസും ഇത്തിഹാദ് റെയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ബസുകൾ റെയിൽവേ സ്റ്റേഷനെ അഡ്നോക് ഹെഡ്ക്വാർട്ടേഴ്‌സ്, അഡ്നെക് സെന്‍റർ, റീം മാൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും.
ദുബൈ, ഷാർജ സ്റ്റേഷനുകൾ സെപ്റ്റംബർ 30ന്
രാജ്യത്തെ 11 നഗരങ്ങളെയും മേഖലകളെയും ബന്ധിപ്പിക്കുന്നതാണ് 900 കിലോമീറ്റർ നീളമുള്ള ഈ ദേശീയ റെയിൽ ശൃംഖല. ഘട്ടങ്ങളായാണ് മറ്റ് സ്റ്റേഷനുകൾ തുറക്കുക. ദുബൈ (ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്), ഷാർജ (അൽ ദൈദ്) സ്റ്റേഷനുകൾ 2026 സെപ്റ്റംബർ 30ന് പ്രവർത്തനം ആരംഭിക്കും. ദുബൈ, ഷാർജ സ്റ്റേഷനുകൾ തുറക്കുന്നതോടെ സെപ്റ്റംബർ 30ന് ഔദ്യോഗികമായി ഉദ്ഘാടനം നടക്കും.
അബൂദബി-ദുബൈ യാത്രക്ക് വെറും 57 മിനിറ്റാണ് എടുക്കുക. അൽ ദഫ്റ മേഖലയിലെ സ്റ്റേഷനുകൾ (അൽ സില, അൽ മിർഫ, മദീനത്ത് സായിദ് തുടങ്ങിയവ) ഡിസംബർ 30ന് യാത്രക്കാർക്കായി തുറന്നുകൊടുക്കും. 2027 മാർച്ച് 30ന് ഷാർജ യൂനിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ തുറക്കുന്നതോടെ പദ്ധതി പൂർണരൂപത്തിലാകും. 2030-ഓടെ പ്രതിവർഷം 3.6 കോടി യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്..
മണിക്കൂറിൽ 200 കി.മീ. വേഗം
ഇത്തിഹാദ് റെയിൽ യാത്രാ ട്രെയിനുകൾ പരമാവധി മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുക. ഫ്ലീറ്റിൽ 13 യാത്രാ ട്രെയിനുകളാണുള്ളത്. ഓരോന്നിനും 400 യാത്രക്കാരെ വരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. സ്പാനിഷ് കമ്പനിയായ സി.എ.എഫ് രൂപകൽപന ചെയ്ത ഇതിലെ സീറ്റുകൾ ഉയർന്ന തലത്തിലുള്ള സൗകര്യത്തിനും ധാരാളം ലെഗ്‌റൂമിനുമായി രൂപപ്പെടുത്തിയവയാണ്. ചില റൂട്ടുകളിൽ കൂടുതൽ ഉയർന്ന നിലവാരമുള്ള, 15 കോച്ചുകളുള്ള സർവീസ് സൃഷ്ടിക്കുന്നതിനായി ഇത്തിഹാദ് റെയിൽ ഇറ്റാലിയൻ ആഡംബര ഹോസ്പിറ്റാലിറ്റി കമ്പനിയായ ആർസെനലെയുമായി കൈകോർത്തിട്ടുണ്ട്.
എന്താണ് ഇത്തിഹാദ് റെയിൽ പദ്ധതി?
യു.എ.ഇ നാഷനൽ റെയിൽവേ നെറ്റ്‌വർക്ക് എന്നറിയപ്പെടുന്ന 1,200 കിലോമീറ്റർ റെയിൽവേ ശൃംഖല ഇത്തിഹാദ് റെയിൽ നിർമിച്ച് വരികയാണ്. പൂർത്തീകരണത്തോടടുക്കുന്ന ഇത് യു.എ.ഇക്കുള്ളിലെ നഗരങ്ങളെയും മിഡിൽ ഈസ്റ്റിന്‍റെ മറ്റ് ഭാഗങ്ങളുമായും ബന്ധിപ്പിക്കും. ഇത് രാജ്യത്തുടനീളം പടിഞ്ഞാറൻ സൗദി അതിർത്തിയിൽ നിന്ന് ഇന്ത്യൻ മഹാസമുദ്ര തീരം വരെ വളഞ്ഞുപുളഞ്ഞു പോകുന്നു. ഇത് ഒമാനിലേക്ക് നീട്ടാനുള്ള കൂടുതൽ പദ്ധതികളുമുണ്ട്.
ഈ വികസനം യു.എ.ഇ നാഷനൽ റെയിൽവേ പ്രോഗ്രാമിന്‍റെ ഭാഗമാണ്. യു.എ.ഇയിലെ ഏറ്റവും വലിയ കര റെയിൽ ശൃംഖലയാണിത്. ഈ ലൈനിൽ യാത്രാ ഗതാഗത സേവനങ്ങൾ സൃഷ്ടിക്കുന്നതിനായി ഇത്തിഹാദ് റെയിൽ 199 കോടി ദിർഹം നിക്ഷേപിക്കുന്നുണ്ട്. യു.എ.ഇയെ സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന 10000 കോടി ഡോളറിന്‍റെ ജി.സി.സി റെയിൽ ശൃംഖലയുടെ പ്രധാന ഭാഗം കൂടിയാണിത്.
റെയിൽവേയുടെ ഭൂരിഭാഗം അടിസ്ഥാന സൗകര്യങ്ങളും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു, കഴിഞ്ഞ വർഷം മുതൽ ചരക്ക് ഗതാഗതം നടത്തുന്നുമുണ്ട്. പദ്ധതി യാഥാർഥ്യമാക്കാൻ ആകെ 6.5 കിലോമീറ്റർ നീളമുള്ള ഒമ്പത് തുരങ്കങ്ങളും 593 പാലങ്ങളും നിർമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.