അബൂദബി: മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും (മെന) ആദ്യത്തെ സ്വയംനിയന്ത്രിത (ഡ്രൈവറില്ലാ) പൊതുഗതാഗത ബസ് സര്‍വിസ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കാന്‍ അബൂദബി ഒരുങ്ങുന്നു. നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സ്മാര്‍ട്ട് യാത്രാസംവിധാനങ്ങളും ഡ്രൈവറില്ലാ ഗതാഗത ശൃംഖലകളും എമിറേറ്റില്‍ വേഗത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
മുനിസിപ്പാലിറ്റി ഗതാഗത വകുപ്പിന് (ഡി.എം.ടി.) കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (അബൂദബി മൊബിലിറ്റി), യു.എ.ഇ. ആസ്ഥാനമായ സ്മാര്‍ട്ട് മൊബിലിറ്റി കമ്പനിയായ ലുമോയുമായി പൈലറ്റ് പ്രൊജക്റ്റ് നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി. സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സിലിന്റെ പിന്തുണയോടെ നടന്ന യോഗത്തില്‍ പരീക്ഷണ സര്‍വിസ് ആരംഭിക്കാനുള്ള നടപടിക്രമങ്ങളും സഹകരണവും ഇരുവിഭാഗവും ചര്‍ച്ച ചെയ്തു.
കൂടുതല്‍ കാര്യക്ഷമവും സുസ്ഥിരവുമായ യാത്രാ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ അന്താരാഷ്ട്ര തലത്തിലെ മികച്ച മാതൃകകളും സാങ്കേതിക പഠനങ്ങളും ഇരുവിഭാഗവും യോഗത്തില്‍ അവലോകനം ചെയ്തു.
2040ഓടെ എമിറേറ്റിലെ മൊത്തം യാത്രകളുടെ 25 ശതമാനവും സ്മാര്‍ട്ട് സ്വയംനിയന്ത്രിത ഗതാഗത സംവിധാനങ്ങളിലേക്ക് മാറ്റുകയെന്ന 'അബൂദബി സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് മൊബിലിറ്റി സ്ട്രാറ്റജി'യുടെ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമാണ് ഈ പദ്ധതി.
ഗതാഗത മേഖലയില്‍ അത്യാധുനിക സാങ്കേതികവിദ്യകളും കൃത്രിമബുദ്ധിയും പ്രയോജനപ്പെടുത്തുന്നതില്‍ ഈ പരീക്ഷണം നാഴികക്കല്ലാണെന്ന് അബൂദബി മൊബിലിറ്റിയിലെ ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റംസ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹമദ് ആദില്‍ അല്‍ അഫീഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.