ഡോ. നിയാസ് ഖാലിദ്

പത്തുലക്ഷത്തിൽ ഒരാൾക്ക് വരുന്ന അപൂർവ രോഗം; ചികിത്സിച്ച്​ ഭേദമാക്കി മലയാളി ഡോക്ടർ

അബൂദബി: ലോകത്തിൽ പത്തു ലക്ഷത്തിൽ ഒന്നോ രണ്ടോ പേർക്ക് മാത്രം വരാൻ സാധ്യതയുള്ള അതീവ ഗുരുതരവും അപൂർവവുമായ രോഗം ബാധിച്ച 34കാരനെ കൃത്യമായ രോഗനിർണയത്തിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് മലയാളി ഡോക്ടർ. അബൂദബി ബുർജീൽ ഹോസ്പിറ്റലിലെ ഇന്‍റേണൽ മെഡിസിൻ സ്പെഷലിസ്റ്റും മലപ്പുറം സ്വദേശിയുമായ ഡോ. നിയാസ് ഖാലിദിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് സമയോചിത ഇടപെടലിലൂടെ രോഗിയെ സുഖപ്പെടുത്തിയത്. 'അഡൽറ്റ്-ഓൺസെറ്റ് സ്റ്റിൽസ് ഡിസീസ്' എന്ന അപൂർവ ഓട്ടോഇമ്യൂൺ രോഗമാണ് യുവാവിനെ ബാധിച്ചിരുന്നത്. ഇന്‍റേണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. അബ്ദുൽ ഹക്കീം മുഹമ്മദും ചികിത്സാ സംഘത്തിലുണ്ടായിരുന്നു.

പൂർണ ആരോഗ്യവാനായിരുന്ന യുവാവിന് രണ്ടാഴ്ചയിലധികമായി വിട്ടുമാറാത്ത കടുത്ത പനി അനുഭവപ്പെടുകയായിരുന്നു. വിവിധ ആശുപത്രികളിൽ വിപുലമായ ടെസ്റ്റുകൾ നടത്തിയെങ്കിലും പനിയുടെ യഥാർഥ കാരണം കണ്ടെത്താനായില്ല. ദിവസങ്ങൾ കഴിയുംതോറും പനി കൂടുകയും കടുത്ത സന്ധിവേദന, കഠിനമായ ക്ഷീണം, അണുബാധയുടെ ലക്ഷണങ്ങൾ എന്നിവ പ്രകടമാകുകയും ചെയ്തു.

സാധാരണ കാണാറുള്ള മറ്റ് അണുബാധകളുടെയും രോഗങ്ങളുടെയും ലക്ഷണങ്ങളുമായി ഇതിന് ഏറെ സാമ്യമുണ്ടായിരുന്നു, അതാണ് 'എ.ഒ.എസ്.ഡി' തിരിച്ചറിയാൻ ബുദ്ധിമുട്ടായതെന്ന് ഡോ. നിയാസ് ഖാലിദ് വ്യക്തമാക്കി. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം അമിതമായി ഉത്തേജിപ്പിക്കപ്പെടുകയും അത് സ്വന്തം ശരീരകോശങ്ങളെത്തന്നെ ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.

രോഗം സ്ഥിരീകരിച്ചതോടെ മെഡിക്കൽ സംഘം ഉയർന്ന ഡോസിലുള്ള കോർട്ടിക്കോസ്റ്റീറോയിഡ് തെറാപ്പി ആരംഭിച്ചു. ചികിത്സ തുടങ്ങി 24 മണിക്കൂറിനുള്ളിൽ പനി പൂർണമായും മാറി. 48 മണിക്കൂറിനുള്ളിൽ സന്ധിവേദന കുറഞ്ഞു. നിലവിൽ രോഗമുക്തനായെങ്കിലും, എ.ഒ.എസ്.ഡി രോഗം ഭാവിയിൽ വീണ്ടും വരാൻ നേരിയ സാധ്യതയുള്ളതിനാൽ കൃത്യമായ തുടർപരിശോധനകൾ ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

Tags:    
News Summary - A rare disease that affects one in a million people; Malayali doctor cures it by treating it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.