ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് നഗര വികസന ഫോറത്തില്‍ യു.എ.ഇ. പ്രതിനിധി സംഘം
അബൂദബി: ന്യൂഡല്‍ഹിയില്‍ നടന്ന പതിമൂന്നാമത് ബ്രിക്‌സ് നഗര വികസന ഫോറത്തില്‍ ഭാവി നഗരങ്ങളുടെ നിര്‍മാണത്തിനായുള്ള തങ്ങളുടെ തനത് മാതൃക അവതരിപ്പിച്ച് യു.എ.ഇ. ഊര്‍ജ, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് യു.എ.ഇയില്‍ നിന്നുള്ള പ്രതിനിധി സംഘം ഫോറത്തില്‍ പങ്കെടുത്തത്. 'ജനങ്ങള്‍ക്ക് വേണ്ടിയുള്ള നഗരങ്ങള്‍: ഉള്‍ക്കൊള്ളുന്നതും പ്രതിരോധശേഷിയുള്ളതുമായ നഗര ഭാവിക്കായുള്ള ബ്രിക്‌സ് സഹകരണം' എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ ഫോറം സംഘടിപ്പിച്ചത്. സാങ്കേതികവിദ്യയും ഡേറ്റ അധിഷ്ഠിത സമീപനങ്ങളും പ്രയോജനപ്പെടുത്തി സുസ്ഥിരവും ജനകേന്ദ്രീകൃതവുമായ നഗരങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ യു.എ.ഇ കൈവരിച്ച നൂതന അനുഭവങ്ങള്‍ സമ്മേളനത്തില്‍ വിശദീകരിച്ചു.
ഊര്‍ജ, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയത്തിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് റെഗുലേഷന്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ശൈഖ് നാസര്‍ ബിന്‍ മാജിദ് അല്‍ ഖാസിമിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് യു.എ.ഇയെ പ്രതിനിധീകരിച്ചത്. നഗരസൂത്രണ വകുപ്പ് ഡയറക്ടര്‍ ഡോ. സൈഫ് അല്‍ ഖൈദി, ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഫയേഴ്‌സ് വകുപ്പ് ഡയറക്ടര്‍ എന്‍ജി. മുഹമ്മദ് ഫിക്രി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
സാമ്പത്തിക വളര്‍ച്ച, സുസ്ഥിരത, ജീവിത നിലവാരം എന്നിവയെ സമന്വയിപ്പിക്കുന്ന സമഗ്ര നഗര വികസന മാതൃകയാണ് രാജ്യം വിജയകരമായി നടപ്പാക്കിയതെന്ന് ശൈഖ് നാസര്‍ ബിന്‍ മാജിദ് അല്‍ ഖാസിമി വ്യക്തമാക്കി. സജീവമായ ആസൂത്രണം, ഡിജിറ്റല്‍ പരിവര്‍ത്തനം, നവീകരണം എന്നിവയാണ് ഈ നേട്ടത്തിന് പിന്നിലെന്നും ഇത് ‘വി ദ യു.എ.ഇ 2031’ കാഴ്ചപ്പാടിനെ പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു. ഫോറത്തിലെ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഡോ. എന്‍ജി. സൈഫ് അല്‍ ഖൈദി, ഭൂമിശാസ്ത്രപരമായ വിവര വ്യവസ്ഥകളും നഗര സൂചകങ്ങളും ഉപയോഗിച്ച് എല്ലാവര്‍ക്കും തുല്യമായി അടിസ്ഥാന സൗകര്യങ്ങളും പൊതു സേവനങ്ങളും ലഭ്യമാക്കുന്ന യു.എ.ഇയുടെ മാതൃക വിശദീകരിച്ചു. ഫോറത്തിന് അനുബന്ധമായി റഷ്യന്‍ പ്രതിനിധി സംഘവുമായി യു.എ.ഇ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും സ്മാര്‍ട്ട് സിറ്റി വികസനം, ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ കൈമാറ്റം എന്നിവയില്‍ സഹകരണം ഉറപ്പാക്കുകയും ചെയ്തു. സുസ്ഥിര നഗര വികസനത്തിലും നവീകരണത്തിലും ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കാന്‍ ആഹ്വാനം ചെയ്യുന്ന സംയുക്ത പ്രഖ്യാപനത്തോടെയാണ് ഫോറം സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.