യു.എ.ഇ-ഇന്ത്യ ഫെസ്റ്റിന് ഇന്ന് തുടക്കം: ഒരു ഉത്സവത്തില്‍ മൂന്ന് ആഘോഷങ്ങള്‍

അബൂദബി: ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍ററിന്‍െറ (ഐ.എസ്.സി) നേതൃത്വത്തില്‍ വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്ന യു.എ.ഇ-ഇന്ത്യ ഫെസ്റ്റിന് പൊലിവുകള്‍ ഏറെ. ഇന്ത്യന്‍ റിപബ്ളിക് ദിനം, ഐ.എസ്.സിയുടെ സുവര്‍ണ ജൂബിലി, പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് എന്നിവയുടെ ആവേശങ്ങള്‍ യു.എ.ഇ-ഇന്ത്യ ഫെസ്റ്റില്‍ സംഗമിക്കുകയാണ്.  
ഇന്ത്യന്‍ റിപബ്ളിക് ദിനത്തോട് അനുബന്ധിച്ച് ഐ.എസ്.സി സംഘടിപ്പിക്കുന്ന ഏഴാമത് ഉത്സവമാണിത്. ഇന്ത്യ ഫെസ്റ്റ് എന്ന പേരിലായിരുന്നു ഇതുവരെ നടത്തിയിരുന്നത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റിപബ്ളിക് ദിന മുഖ്യാതിഥിയാകുന്നത് പരിഗണിച്ച് യു.എ.ഇ-ഇന്ത്യ ഫെസ്റ്റ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തിന് ശക്തി പകരാന്‍ ഉത്സവം ഉപകരിക്കും. യു.എ.ഇക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കുമിടയില്‍ സാംസ്കാരിക വിനിമയത്തിനും ഉത്സവം വേദിയാകും.
1967ല്‍ ചെറിയൊരു കെട്ടിടത്തിനകത്ത് ഓഫിസ് സജ്ജീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ ഐ.എസ്.സി അമ്പത് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. നിലവില്‍ 2500ലധികം അംഗങ്ങളുള്ള ഐ.എസ്.സിക്ക് അബൂദബിയിലെ ഇന്ത്യന്‍ സമൂഹത്തിന്‍െറ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കാന്‍ സാധിച്ചിട്ടുണ്ട്. സുവര്‍ണ ജൂബിലിയുടെ നിറവിലത്തെിയ വര്‍ഷം തന്നെയാണ് ഐ.എസ്.സിക്ക് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ലഭിച്ചത്. ബംഗളുരുവില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിലാണ് പുരസ്കാരം സമ്മാനിച്ചത്. പുരസ്കാരം ലഭിച്ചതിന് ശേഷം ഐ.എസ്.സി സംഘടിപ്പിക്കുന്ന പ്രധാന പരിപാടിയും യു.എ.ഇ- ഇന്ത്യ ഫെസ്റ്റാണ്.
യു.എ.ഇ എക്സ്ചേഞ്ച്, എക്സ്പ്രസ് മണി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഇന്ത്യന്‍ എംബസി, യു.എ.ഇ സാംസ്കാരിക-വിജ്ഞാന വികസന മന്ത്രാലയം, അബൂദബി പൊലീസ്, അബൂദബി നഗരസഭ-ഗതാഗത വകുപ്പ് എന്നിവയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 11.30 വരെ, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം നാല് മുതല്‍ രാത്രി 11.30 വരെ എന്നിങ്ങനെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ബോളിവുഡ് പിന്നണി ഗായകരായ നരേഷ് അയ്യര്‍, ശരണ്യ ശ്രീനിവാസ് എന്നിവര്‍ നയിക്കുന്ന ഗാനമേള, ചലച്ചിത്ര നടി ലക്ഷ്മി ഗോപാലസ്വാമിയുടെ ലൈവ് ഷോ, ശബരീഷ് പ്രഭാകറിന്‍െറ സംഗീത പരിപാടി, ആയോധന കലാ പ്രകടനങ്ങള്‍, ഖലീജ് നൃത്തം, അയാല നൃത്തം, മാജിക് ഷോ തുടങ്ങിയവ ഫെസ്റ്റിവലിലെ പ്രധാന ആകര്‍ഷണങ്ങളാണ്. മൂന്ന് ദിവസങ്ങളിലായി ഇന്ത്യയില്‍നിന്നും യു.എ.ഇയില്‍നിന്നുമുള്ള നൂറിലധികം കലാകാരന്മാര്‍ വേദിയിലത്തെും. വ്യാപാര പ്രദര്‍ശനവുമുണ്ടാകും. പത്ത് ദിര്‍ഹമാണ് ഫെസ്റ്റിവലിലേക്കുള്ള പ്രവേശന ടിക്കറ്റ് ഫീ. മൂന്ന് ദിവസത്തേക്കും ഈ ടിക്കറ്റ് ഉപയോഗിക്കാം. സന്ദര്‍ശകര്‍ക്കായി നടത്തുന്ന നറുക്കെടുപ്പില്‍ റിനോള്‍ട്ട് ഡസ്റ്റര്‍ കാര്‍ ഉള്‍പ്പെടെ 25 സമ്മാനങ്ങള്‍ നല്‍കും. മൊത്തം 40,000 പേര്‍ ഫെസ്റ്റ് സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വസ്ത്രം, ട്രാവല്‍ -ടൂറിസം, സൗന്ദര്യവര്‍ധക വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കമ്പ്യൂട്ടര്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍, ബാങ്കുകള്‍, പുസ്തകശാലകള്‍ തുടങ്ങിയവയുടെ സ്റ്റാളുകള്‍ ഫെസ്റ്റിലുണ്ടാകും. പത്ത് ലക്ഷം ദിര്‍ഹമാണ് ഫെസ്റ്റിന്‍െറ ചെലവായി കണക്കാക്കുന്നത്. ഫെസ്റ്റില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍െറ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കും.

News Summary - uae-india fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.