ദുബൈ: ആഗോള റാങ്കിങ് പട്ടികയിൽ ഇടംപിടിച്ച് യു.എ.ഇയിലെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങൾ. രാജ്യത്തെ നാല് സർവകലാശാലകളാണ് ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങിലെ 500 മികച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ആഗോള സർവകലാശാല റാങ്കിംഗിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സർവകലാശാല 29 സ്ഥാനങ്ങൾ മുന്നേറി ആഗോളതലത്തിൽ 261ാം സ്ഥാനത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും രാജ്യം നടത്തിയ നിക്ഷേപത്തെ അടയാളപ്പെടുത്തുന്ന നേട്ടമായാണിത് വിലയിരുത്തപ്പെടുന്നത്. ഖലീഫ സർവകലാശാല 28 സ്ഥാനങ്ങൾ മുന്നേറിറി 202ാം സ്ഥാനത്തും, ഷാർജ അമേരിക്കൻ സർവകലാശാല 32 സ്ഥാനങ്ങൾ മുന്നേറി 332ാം സ്ഥാനത്തും എത്തി. അതുപോലെ, ഷാർജ സർവകലാശാല 31 സ്ഥാനങ്ങൾ കയറി 434ാം സ്ഥാനത്തും എത്തിച്ചേർന്നു.
അധ്യാപനത്തിലെ ഗുണനിലവാരം, ഗവേഷണങ്ങളുടെ പ്രതിഫലനം, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ, വ്യവസായിക മേഖലയുമായുള്ള ബന്ധം എന്നിങ്ങനെയുള്ള ഘടകങ്ങൾ വിലയിരുത്തിയാണ് മികച്ച യൂനിവേഴ്സിറ്റികളുടെ പട്ടിക തയ്യാറാക്കുന്നത്. ദേശീയ നയത്തിന്റെ ഭാഗമായി രാജ്യം വിദ്യഭ്യാസ മേഖലയിൽ നടത്തിയ നിക്ഷേപമാണ് കഴിഞ്ഞ വർഷങ്ങളിൽ ആഗോളതലത്തിൽ പുതിയ നേട്ടങ്ങൾക്ക് വഴി തുറന്നത്. വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിനെ സർവകലാശാല റാങ്കിങുകൾ വലിയ രീതിയിൽ സ്വാധീനിക്കാറുണ്ട്. ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ് പോലുള്ള റിപ്പോർട്ടുകൾ നയരൂപകർത്താക്കളും സർക്കാർ ഉദ്യോഗസ്ഥരും ആഗോള മാനദണ്ഡങ്ങളായി ഉപയോഗിക്കുകയും വിദ്യാഭ്യാസ നയങ്ങൾ, ധനസഹായം എന്നിവയിലെ തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്തുവരുന്നുണ്ട്. അതിനാൽ തന്നെ യു.എ.ഇ സർവകലാശാലകളുടെ നേട്ടം വളരെ പ്രധാനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.