ഷേരി, സാഫി മത്സ്യങ്ങള്‍ക്ക്  വിലക്ക് ഇന്നു മുതല്‍ 

ദുബൈ:പ്രജനന കാലമായതിനാല്‍ ഷേരി,സാഫി എന്നീ മത്സ്യങ്ങള്‍ പിടിക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള നിരോധം ബുധനാഴ്ച രാജ്യമെങ്ങും പ്രാബല്യത്തില്‍ വരും. എല്ലാ വര്‍ഷവും മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 30 വരെയാണ് നിരോധം ഏര്‍പ്പെടുത്താറ്. 
ഇതിന്‍െറ ഭാഗമായി ദുബൈയില്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ മത്സ്യമാര്‍ക്കറ്റുകളിലും പൊതു വിപണികളിലും പരിശോധന ശക്തിപ്പെടുത്തുമെന്ന് നഗരസഭ പരിസ്ഥിതി വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ ഖാലിദ് ഷരീഫ് അല്‍ അവാദി പത്രക്കുറിപ്പില്‍ അറിയിച്ചു. 
2015ലെ 501ാം നമ്പര്‍ പ്രത്യേക മന്ത്രിസഭാ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് ഈ അറബ് ഇനം മത്സ്യങ്ങളുടെ വംശനാശം തടയുന്നതിന്‍െറ ഭാഗമായി നിരോധനം ഏര്‍പ്പെടുത്തിയത്.

ഈ കാലയളവില്‍ ഷേരി,സാഫി എന്നിവ പിടികൂടിയാല്‍ ഉടന്‍ തന്നെ അവയെ കടലിലേക്ക് സുരക്ഷിതമായി മോചിപ്പിക്കണം.  
ഇവ വില്‍ക്കുന്നതിനും രാജ്യവ്യാപകമായി നിരോധമുണ്ട്. പുറത്തുനിന്നു കൊണ്ടുവന്ന് വില്‍ക്കാനും പാടില്ല. പുതിയതോ, ഉണക്കിയതോ, ഉപ്പിട്ടതോ, ടിന്നിലടച്ചതോ, പുകയിട്ടതോ ആയ ഈ ഇനം മത്സ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും പുനര്‍ കയറ്റുമതി ചെയ്യുന്നതും വിലക്കിയതായി ഖാലിദ് ഷരീഫ് അറിയിച്ചു.
നിയമം കര്‍ശനമായി നടപ്പാക്കാന്‍ എല്ലാ വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
മീന്‍ പിടിത്തക്കാര്‍ക്കും വില്‍പ്പനക്കാര്‍ക്കുമിടയില്‍ നിയമം സംബന്ധിച്ച് ബോധവല്‍ക്കരണം ജനുവരിയില്‍ തന്നെ തുടങ്ങിയിരുന്നു. ഹോട്ടലുകളിലൂം  കാറ്ററിങ് കമ്പികളിലും ഷോപ്പിങ് മാളുകളിലും ഇതുസംബന്ധിച്ച സര്‍ക്കുലറുകള്‍ വിതരണം ചെയ്തിട്ടുണ്ട്.  

News Summary - uae fishmarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.