യു.എ.ഇ പുറംകടലിൽ 18 ഇന്ത്യന്‍ യുവാക്കള്‍ക്ക്​ ദുരിതജീവിതം

റാസല്‍ഖൈമ: ഒരു മലയാളി ഉള്‍പ്പെടെ 18 ഇന്ത്യന്‍ യുവാക്കള്‍ യു.എ.ഇ പുറംകടലില്‍ തീക്ഷ്ണമായ പരീക്ഷണ ചുഴികളിലകപ്പെട്ടുഴലുന്നു. ഭക്ഷണവും ശുദ്ധ ജലവുമില്ലാതെ വിസ കാലാവധിയും കഴിഞ്ഞ് പുറംകടലില്‍ നങ്കൂരമിട്ട കപ്പലില്‍ എട്ട് മാസത്തോളമായി ദുരിത ജീവിതം നയിച്ച് വരികയാണ് തങ്ങളെന്ന് തൂത്തുക്കുടി സ്വദേശി മൈക്കിള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അജ്മാന്‍ തീരത്ത് നിന്ന് 18 നോട്ടിക് മൈല്‍ ദൂരത്താണ് തങ്ങളുള്ളത്. മല്‍സ്യ ബന്ധന ബോട്ടുകളിലെത്തുന്ന തൊഴിലാളികളില്‍ നിന്നും ഇതു വഴി പോകുന്ന കപ്പലുകളില്‍ നിന്നുമുള്ളവരുടെ കനിവിലാണ് തങ്ങളുടെ ജീവന്‍ നിലനില്‍ക്കുന്നതുമെന്ന വിവരം തേങ്ങലോടെയാണ് മൈക്കിള്‍ വിവരിച്ചത്. തിരുവനന്തപുരം പാറശ്ശാല സ്വദേശി സന്തോഷും ഇക്കൂട്ടത്തിലുണ്ട്.

24 മുതല്‍ 30 വരെ പ്രായമുള്ളവരുടെ സംഘത്തില്‍ മൈക്കിളിന് പുറമെ യുവരാജ് ചെന്നൈ, മണികണ്ഠന്‍ വേളാങ്കണ്ണി, ആന്ധ്ര സ്വദേശികളായ രവിഭദ്ര, സിമാച്ചല്‍, നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള സുദീപ് ശര്‍മ, സത്തന്തര്‍, പവന്‍കുമാര്‍, പ്രമോദ്കുമാര്‍, അനുഭവ് ഓജ, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ഭോശിം, റഹ്മാന്‍, ഹരിപ്രസാദ് ചൗഹാന്‍, അഞ്ജിത്ത് സിംഗ്, സുനില്‍കുമാര്‍, അങ്കുത്ത് ചൗഹാന്‍ എന്നിവരാണുള്ളതെന്ന് സന്തോഷ് പറഞ്ഞു. മറൈന്‍ മെക്കാനിക്കല്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ തനിക്ക് നേരത്തെ മലേഷ്യയിലായിരുന്നു ജോലി. സമാനമായ കോഴ്സുകള്‍ പൂര്‍ത്തിയാക്കി തൊഴില്‍ പരിചയമുള്ളവരും പുതുക്കക്കാരുമാണ് പുറം കടലിലെ കപ്പലില്‍ തങ്ങള്‍ക്കൊപ്പമുള്ളത്. 2016 ആഗസ്റ്റ് അവസാനമാണ് ചെന്നൈയിലെ ഏജൻറ് മുഖാന്തിരം താനും യുവരാജും മുംബൈയിലെ പ്രധാന ഏജൻറിനടുത്തത്തെുന്നത്. മറ്റുള്ളവരെല്ലാം മുംബൈ ഏജന്‍റുമായി നേരിട്ടാണ് ബന്ധപ്പെട്ടിരുന്നത്. 1.60 ലക്ഷം രൂപയാണ് താന്‍ വിസക്ക് നല്‍കിയത്. 1.40 ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ മുടക്കിയവര്‍ ഈ സംഘത്തിലുണ്ട്. തൊഴില്‍ പരിചയമുള്ളവര്‍ക്ക് 450 ഡോളറും പുതുക്കക്കാര്‍ക്ക് 350 ഡോളറുമായിരുന്നു ശമ്പളം വാഗ്ദാനം ചെയ്തതെന്ന് സന്തോഷ് പറഞ്ഞു.

2016 സെപ്റ്റംബറില്‍ മുംബൈയില്‍ നിന്ന് വിമാന മാര്‍ഗം ഷാര്‍ജയിലത്തെിയ ഉടന്‍ തങ്ങളെ ഉള്‍ക്കടലില്‍ ‘സീ പട്രോള്‍’ കപ്പലില്‍ എത്തിക്കുകയായിരുന്നുവെന്ന് യുവരാജ് ചെന്നൈ വ്യക്തമാക്കി. ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് തട്ടിപ്പിലകപ്പെട്ട വിവരം ബോധ്യപ്പെടുന്നത്. ഏജൻറുമാരുടെ വാക്ചാതുരിയില്‍ തൊഴില്‍ കരാറിനെക്കുറിച്ചോ യു.എ.ഇയിലെ ഷിപ്പിങ് കമ്പനിയെക്കുറിച്ചുമുള്ള വിവരങ്ങളോ തിരക്കാതെ വിസക്ക് പണം നല്‍കിയതാണ് യുവാക്കള്‍ക്ക് വിനയായത്. ഇവര്‍ക്ക് ലഭിച്ചത് 90 ദിവസത്തെ കാലാവധിയുള്ള വിസയാണ്. 

ഇറാന്‍ പൗരനില്‍ നിന്നും ഇന്ത്യക്കാരന്‍ വാടകക്കെടുത്ത കപ്പലാണ് ‘സീ പട്രോള്‍’ എന്ന വിവരമാണ് യുവാക്കളില്‍ നിന്ന് ലഭിക്കുന്നത്. 
വിവിധ രാജ്യങ്ങളില്‍ നിന്നായി തുടക്കത്തില്‍ 33 പേര്‍ കപ്പലില്‍ ഉണ്ടായിരുന്നു. 15 പേര്‍ പല വഴികളില്‍ കൂടി ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് സന്തോഷ് പറഞ്ഞു. 

ജോലി നേരെയായി കുടിശ്ശിക ശമ്പളം ഉള്‍പ്പെടെ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആദ്യ മൂന്നു മാസങ്ങള്‍ തള്ളി നീക്കിയത്. ശമ്പള കുടിശ്ശികയെങ്കിലും ലഭ്യമാക്കി തങ്ങളെ നാട്ടിലത്തെിക്കാന്‍ ഏജൻറിനോടും ഉടമയോടും ഞങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ ഇവരുടെ പ്രതികരണങ്ങളില്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇവരുടെ ഫോണുകളെല്ലാം പ്രവര്‍ത്തന രഹിതമാണ്.  ജീവന്‍ നിലനിര്‍ത്തുന്നത് കടല്‍ വെള്ളം കുടിച്ചും ഇതു വഴി പോകുന്നവര്‍ എറിഞ്ഞ് നല്‍കുന്ന റൊട്ടി കഷ്ണങ്ങള്‍ ‘രുചി’ച്ചുമാണെന്നും സന്തോഷും സംഘവും പറയുന്നു. 

സഹായമഭ്യര്‍ഥിച്ച് മന്ത്രി സുഷമ സ്വരാജിന് ട്വിറ്റര്‍ സന്ദേശവും അയക്കുകയും തിരുവനന്തപുരം നോര്‍ക്ക, ഇന്ത്യന്‍ എംബസി തുടങ്ങിയിടങ്ങളില്‍ തങ്ങളുടെ ദുരിതങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. കേന്ദ്ര ഭരണകക്ഷിയുടെ തിരുവനന്തപുരം ഓഫീസ് വഴിയും പരാതി സമര്‍പ്പിച്ചിരുന്നു. 
എന്നാല്‍, ഇതുവരെ പ്രതീക്ഷ ലഭിക്കുന്ന മറുപടി ലഭിച്ചില്ലെന്ന് ഇവർ പറയുന്നു.  ദിവസങ്ങള്‍ക്ക് മുമ്പ്  യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന ‘ദ മിഷൻ ടു സീഫാറേർസ് ഡിഎംകോ’ പ്രതിനിധി ഫാ. നെല്‍സണ്‍ എം. ഫെര്‍ണാണ്ടസുമായി ബന്ധപ്പെടാനായതില്‍  സമാശ്വാസമര്‍പ്പിച്ചാണ് ഓരോ നിമിഷവും തള്ളി നീക്കുന്നതെന്നും ‘ദുരിത കടലി’ല്‍ നിന്ന് ഇന്ത്യന്‍ യുവാക്കള്‍ വ്യക്തമാക്കി.

News Summary - uae employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.