ദുബൈ: 30 ലക്ഷം ദിർഹത്തിലേറെ വില വരുന്ന ആഡംബര വാച്ചുകളും രത്നാഭരണങ്ങളും ദേഹത്ത് കെട്ടിവെച്ച് കടത്താൻ ശ്രമിച്ചയാൾ വിമാനത്താവളത്തിൽ പിടിയിൽ. ഒരു കിഴക്കനേഷ്യൻ രാജ്യത്തു നിന്നുള്ള വിമാനത്തിൽ ദുബൈയിലെത്തിയ യൂറോപ്യൻ പൗരെൻറ കള്ളക്കടത്ത് ശ്രമമാണ് ദുബൈ കസ്റ്റംസ് പൊളിച്ചത്.
അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3ൽ എത്തിയ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതായി ദുബൈ കസ്റ്റംസ് യാത്രാ വിഭാഗം ഡയറക്ടർ ഇബ്രാഹിം കമാലി പറഞ്ഞു. തുടർന്ന് എക്സ്റേ പരിശോധന നടത്തിയപ്പോൾ വസ്ത്രത്തിനുള്ളിൽ സമർഥമായി കെട്ടിപ്പൊതിഞ്ഞുവെച്ച വസ്തുക്കൾ വെളിപ്പെട്ടു. 76 വാച്ചുകളും ആറ് ആഭരണങ്ങളുമാണ് കണ്ടെടുത്തത്. ഇതിന് 3,016,000 ദിർഹം വില വരും. കസ്റ്റംസ് തീരുവ നൽകാതെ വിലപിടിപ്പുള്ള ആഡംബര വസ്തുക്കൾ കടത്താൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളും.
വളരെ ശ്രദ്ധാപൂർവമാണ് പ്രതി കള്ളക്കടത്തിന് ശ്രമിച്ചതെങ്കിലും അതിലേറെ ശ്രദ്ധ പുലർത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതക്കു മുന്നിൽ അതു വിഫലമാവുകയായിരുന്നു. പല ആളുകളും ഇത്തരത്തിൽ നിയമവിരുദ്ധമായി വസ്തുക്കൾ കടത്താൻ ശ്രമിക്കുന്നുണ്ടെന്നും ഏതെങ്കിലും തരത്തിലെ സംശയമുയർന്നാൽ നിയമലംഘനം നടക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ പരിശോധനാ നടപടി സ്വീകരിക്കുമെന്നും ഇബ്രാഹിം കമാലി വ്യക്തമാക്കി. അത്യാധുനിക ഉപകരണങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. തീരുവ നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പാക്കലും ദുബൈയുെട സമ്പദ് വ്യവസ്ഥ സംരക്ഷിക്കലും ദുബൈ കസ്റ്റംസ് പ്രതിജ്ഞാബദ്ധമാണ്. ഏതാനും ആഴ്ച മുൻപ് മയക്കുമരുന്നുകൾ വിദഗ്ധമായി കടത്താനുള്ള ശ്രമങ്ങളും ദുബൈ കസ്റ്റംസ് തകർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.