യമനിൽ രണ്ടു മാസത്തെ വെടിനിർത്തൽ

ദുബൈ: ഏഴു വർഷത്തെ പ്രതിസന്ധിക്കൊടുവിൽ യമൻ സംഘർഷത്തിന്​ താൽകാലിക വിരാമം. യു.എൻ മധ്യസ്ഥതയിൽ രണ്ടുമാസത്തെ വെടിനിർത്തലിനാണ്​ തീരുമാനിച്ചിട്ടുള്ളത്​. ഇരു വിഭാഗവും അഗീകരിക്കുകയാണെങ്കിൽ വെടിനിർത്തൽ നീട്ടാവുന്നതാണ്​ എന്നും ധാരണയായിട്ടുണ്ട്​​.

യു.എൻ നിർദേശം അംഗീകരിച്ചാണ്​ ഇരുവിഭാഗവും സംഘർഷമവസാനിപ്പിക്കാൻ ധാരണയിലെത്തിയതെന്നും ഏപ്രിൽ രണ്ട്​ ശനിയാഴ്ച വൈകുന്നേരം ഏഴു മണി മുതൽ വെടിനിർത്തൽ നിലവിൽ വരുമെന്നും യമനിലെ ഐക്യരാഷ്ട്ര സഭ പ്രത്യേക ദൂതൻ ഹാൻസ്​ ഗ്രുൻഡ്ബെർഗ്​ പ്രസ്താവനയിൽ പറഞ്ഞു. കര, ​വ്യോമ, സമുദ്ര മേഖലകൾ വഴി യമനിനകത്തും പുറത്തുമുള്ള എല്ലാ ആക്രമണങ്ങളും തിരിച്ചടിയും അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യമൻ തലസ്ഥാനമായ സൻആയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനം പുനസ്ഥാപിക്കാനും ധാരണയായിട്ടുണ്ട്​. യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് വെടിനിർത്തലിനെ അഭിനന്ദിക്കുകയും കരാർ നടപ്പാക്കുന്നതിന് എല്ലാ കക്ഷികളുടെയും പിന്തുണ അഭ്യർഥിക്കുകയും ചെയ്തു.​ യമൻ ഗവൺമെന്‍റ്​ വൃത്തങ്ങളും സർക്കാറിനെ പിന്തുണക്കുന്ന സൗദി നേതൃത്വത്തിലുള്ള സംയുക്ത സേനാ സഖ്യവും ഹൂതി വിമതരും വെടിനിർത്തൽ അംഗീകരിച്ചിട്ടുണ്ട്​.

2016ന്​ ശേഷം ആദ്യമായാണ്​ യമനിൽ സമ്പൂർണ വെടിനിർത്തലിന്​ ധാരണയാകുന്നത്​. യു.എൻ കണക്കനുസരിച്ച്​ നാലു ലക്ഷത്തോളം ജനങ്ങൾക്ക്​ യെമൻ പ്രതിസന്ധി കാരണമായി ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്​. സൗദിയിലെ വിവിധ സ്ഥലങ്ങളിലും യു.എ.ഇ തലസ്ഥാനമായ അബൂദബിയിലും ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ സംഘർഷം രൂക്ഷമാകുമെന്ന ആശങ്കകൾക്കിടെയാണ്​ വെടിനിർത്തൽ കരാറിലെത്തിയത്​. സമാധാന കരാർ അമേരിക്ക, സൗദി, കുവൈത്ത്​, ബഹ്​റൈൻ തുടങ്ങിയ രാജ്യങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്​.

Tags:    
News Summary - Two-month ceasefire in Yemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.