ദുബൈ: ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ (സി.ഐ.ഡി) ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു കോടി ദിർഹം കവർച്ച ചെയ്ത സംഭവത്തിൽ രണ്ടുപേർ പിടിയിലായി. ദുബൈ നായിഫ് പ്രദേശത്തെ കമ്പനിയിൽനിന്നാണ് പണം തട്ടിയെടുത്തത്.
ഏഷ്യൻ വംശജരായ രണ്ടുപേർ കമ്പനിയിൽ എത്തി ജീവനക്കാരെ തടവിലാക്കി കവർച്ച നടത്തുകയായിരുന്നു. വ്യാജമായി നിർമിച്ച ഐ.ഡി കാർഡ് കാണിച്ചാണ് ജീവനക്കാരോട് ഇവർ സംസാരിച്ചത്. ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് ഓഫിസിലെ ഒരു മുറിയിൽ തടവിലാക്കുകയായിരുന്നു. ഈ സമയത്ത് ജനറൽ മാനേജറുടെ ഓഫിസിൽനിന്ന് പണം തട്ടിയെടുത്തു. പിന്നീട് ജീവനക്കാർ തടവിൽനിന്ന് രക്ഷപ്പെട്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
അതിവേഗം സംഭവസ്ഥലത്തെത്തിയ നായിഫ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിക്കുകയായിരുന്നു. വിരലടയാളങ്ങളും സി.സി.ടി.വി ചിത്രങ്ങളും സാക്ഷിമൊഴികളും ശേഖരിച്ച ഉദ്യോഗസ്ഥർ, കുറ്റവാളികളെ പിടികൂടാൻ രാജ്യത്താകമാനം വലവിരിക്കുകയായിരുന്നു. കവർച്ച ചെയ്ത പണം മറ്റിടങ്ങളിലേക്ക് അയക്കുന്നതും പ്രതികൾ രാജ്യം വിടുന്നത് ഒഴിവാക്കാനും മുൻകരുതൽ സ്വീകരിച്ചു. തുടർന്ന് നടത്തിയ അതിവേഗ അന്വേഷണത്തിൽ പ്രതികൾ വടക്കൻ എമിറേറ്റിൽ കഴിയുന്നതായി കണ്ടെത്തി. തുടർന്ന് പ്രാദേശിക പൊലീസ് വകുപ്പുമായി സഹകരിച്ച് പ്രതികളെ പിടികൂടുകയും പണം കണ്ടെടുക്കുകയുമായിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതിൽ കമ്പനിയിലെ ഒരു ജീവനക്കാരനും കവർച്ചയിൽ പങ്കുണ്ടെന്ന് കണ്ടെത്തി. പണം സൂക്ഷിച്ച സ്ഥലം സംബന്ധിച്ച് കവർച്ചക്കാർക്ക് വിവരം നൽകിയത് ഇയാളാണ്. കള്ളപ്പണ ഇടപാടുള്ളതിനാൽ പണം തട്ടിയെടുത്താൽ മാനേജർ ഇക്കാര്യം പൊലീസിൽ അറിയിക്കില്ലെന്ന് ഇയാൾ ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മേൽനടപടികൾക്കായി കേസ് ദുബൈ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.