റാശിദ് റോവർ -2ന്റെ വിക്ഷേപണം സംബന്ധിച്ച വിവരങ്ങൾ ശൈഖ് ഹംദാന് മുന്നിൽ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു
ദുബൈ: വീണ്ടും ചന്ദ്രനിലേക്ക് കുതിക്കാനുള്ള സുപ്രധാന കരാറിലെത്തി യു.എ.ഇ. അടുത്ത വർഷം ചന്ദ്രന്റെ ഉപരിതലത്തിലേക്കുള്ള യു.എ.ഇയുടെ രണ്ടാമത്തെ ദൗത്യമായ റാശിദ് റോവർ -2 വിക്ഷേപിക്കുമെന്ന് ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പ്രഖ്യാപിച്ചത്. ഇതിനായി അമേരിക്കൻ കമ്പനിയായ ഫയർഫ്ലൈ എയ്റോസ്പേസുമായി യു.എ.ഇയുടെ ബഹിരാകാശ കേന്ദ്രമായ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററും കരാറിലെത്തി. ചന്ദ്രന്റെ മറുവശത്ത് ലാൻഡിങ് ശ്രമം നടത്തുന്ന ചരിത്രത്തിലെ രണ്ടാമത്തെ രാജ്യമായി യു.എ.ഇയെ മാറ്റുന്നതും ബഹിരാകാശ പര്യവേക്ഷണത്തിൽ രാജ്യത്തെ മുൻപന്തിയിൽ നിർത്തുന്നതുമാണ് ദൗത്യമെന്നും ശൈഖ് ഹംദാൻ വ്യക്തമാക്കി.
കരാർപ്രകാരം ഫയർഫ്ലൈ എയ്റോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് ലാൻഡറിൽ റാഷിദ് -2 റോവർ ചന്ദ്രന്റെ മറുവശത്തേക്ക് വിക്ഷേപിക്കും.
ഫയർഫ്ലൈ എയ്റോസ്പേസിന്റെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ ബ്ലൂ ഗോസ്റ്റ് മിഷൻ 2ൽ ആസ്ട്രേലിയ, യൂറോപ്യൻ സ്പേസ് ഏജൻസി (ഇ.എസ്.എ), നാസ എന്നിവയിൽനിന്നുള്ള ദൗത്യങ്ങൾക്കൊപ്പമാണ് യു.എ.ഇയുടെ സ്വപ്നപദ്ധതിയും ചന്ദ്രനിലേക്ക് കുതിക്കുക. ചന്ദ്രോപരിതലത്തിലേക്കുള്ള ആദ്യ അറബ് ദൗത്യമായ റാഷിദ് റോവർ -1, സോഫ്റ്റ് ലാൻഡിങ്ങിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 2023 ഏപ്രിലിൽ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം റാശിദ് റോവർ -2 പ്രഖ്യാപിച്ചത്. ബഹിരാകാശത്ത് പുതിയ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരുക മാത്രമല്ല, പ്രപഞ്ചത്തെക്കുറിച്ച മനുഷ്യരാശിയുടെ അറിവിന് സംഭാവന നൽകുന്ന അർഥവത്തായ വിജ്ഞാനം സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു.
ഫയർഫ്ലൈ എയ്റോസ്പേസുമായുള്ള കരാർ ദീർഘകാല ശാസ്ത്ര, ബഹിരാകാശ സാങ്കേതിക ലക്ഷ്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നിലധികം കാമറകളും ശാസ്ത്രീയ പേടകങ്ങളുംകൊണ്ട് സജ്ജീകരിച്ച റാഷിദ് -2 റോവർ ചന്ദ്രന്റെ പ്ലാസ്മ പരിസ്ഥിതി, ഭൂമിശാസ്ത്രം, താപ സാഹചര്യങ്ങൾ എന്നിവ പഠിക്കും.
ചന്ദ്രമണ്ണിന്റെ സവിശേഷതകൾ, ഉപരിതല താപനില, ഫോട്ടോ ഇലക്ട്രോൺ കവചം എന്നിവയും ഇത് അന്വേഷിക്കും.
ഇത് ഭാവിയിൽ ബഹിരാകാശ പര്യവേക്ഷണം മുന്നോട്ട് കൊണ്ടുപോകുന്നതിന് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുമെന്നാണ് വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.