ഹൃദയാഘാതം: തൃശൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ തേടിയ പ്രവാസി ആശുപത്രിയിൽ മരിച്ചു. തൃശൂർ നാട്ടിക പുതിയപറമ്പത്തു വീട്ടിൽ നജീബ് ആലിമോനാണ് (56) അബൂദബി മഫ്രക്ക് ആശുപത്രിയിൽ മരിച്ചത്.
മുസഫ ഷാബിയയിൽ താമസക്കാരനായ നജീബ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടന്നാണ് അടുത്തുള്ള ഫോണിക്സ് ആശുപത്രിയിലേക്ക് പോയത്. വേദനയുണ്ടെന്നും ആശുപത്രിയിൽ പോയി വരാമെന്നും ഭാര്യയെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. പരിശോധനയ്ക്കിടെ രോഗം ഗുരുതരമാണെന്ന് കണ്ടെത്തിയ ആശുപത്രി അധികൃതരാണ് മഫ്രക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ, ഇവിടെ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
അബൂദബിയിൽ ഫുഡ് സ്റ്റഫ് കമ്പനിയുടെ സെയിൽസ് സൂപ്പർവൈസർ ആയിരുന്നു. 31ന് നജീബിനെ കാണാതെ വന്നതോടെ ഒപ്പമുള്ള സുഹൃത്തുക്കൾ അന്വേഷണം നടത്തിയിരുന്നു. പിന്നീടാണ് ആശുപത്രിയിൽ മരിച്ച വിവരം അറിയുന്നത്. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്ന് ബന്ധുക്കൾ പറഞ്ഞു.
പിതാവ്: പരേതനായ അലിമോൻ. മാതാവ്: റുഖിയ്യ. ഭാര്യ: ആബിദ. മക്കൾ: നാദിയ, നാജിയ, നിഗാർ അലി. മരുമകൻ: സനു ശരീഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.