റമദാന്‍ മുഹമ്മദ്

ഇത് പിറന്നാള്‍ സമ്മാനം; അബൂദബിയിലെ ഹൂതി ആക്രമണത്തില്‍ രക്ഷപ്പെട്ട ഇന്ത്യക്കാരന്‍

അബൂദബി: 'ഇതെനിക്ക്​ കിട്ടിയ പിറന്നാള്‍ സമ്മാനമാണ്. ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിക്കുമ്പോള്‍ തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ദൈവത്തിനു സ്തുതി'- ഇതു പറയുമ്പോള്‍ റമദാന്‍ മുഹമ്മദ് റാത്തിന്‍റെ കണ്ണുകളില്‍ ഓരേ സമയം ഭയവും സന്തോഷവും മിന്നി മറഞ്ഞു. മൂന്നു സഹപ്രവര്‍ത്തകരുടെ മരണത്തിനിടയാക്കിയ ഹൂതി ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട അഡ്‌നോക് ജീവനക്കാര്‍ ദുരന്തത്തിന്‍റെ ആഘാതത്തില്‍നിന്ന് മുക്തരായി വരുന്നതേയുള്ളൂ.

അതേസമയം അദ്ഭുതകരമായി അപകടത്തില്‍നിന്നു രക്ഷപ്പെട്ടതിന്‍റെ ആശ്വാസവും ആശുപത്രി കിടക്കയില്‍നിന്ന് ഇവര്‍ പങ്കുവയ്ക്കുന്നു. തിങ്കളാഴ്ചയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിച്ച് രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താനിയുമാണ് കൊല്ലപ്പെട്ടത്.24ാമത് പിറന്നാള്‍ ദിനത്തിലായിരുന്നു സ്‌ഫോടനത്തില്‍നിന്ന് പുനര്‍ജന്മം പോലൊരു രക്ഷപ്പെടലുണ്ടായതെന്നാണ് ഇന്ത്യക്കാരനായ റമദാന്‍ പറയുന്നത്. ഭീതിജനകമായ ശബ്ദമായിരുന്നു അത്. ത‍െൻറ ജീവിതകാലത്ത് അത്തരമൊരു ശബ്ദം കേട്ടിട്ടില്ല. ഇടതു കാലിലേറ്റ മുറിവിനെ തുടര്‍ന്ന് പത്തുതുന്നിക്കെട്ടുകളുമായി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് റമദാന്‍. കാലിനടിയിലെ മണ്ണ് അപ്രത്യക്ഷമായതുപോലെ തോന്നി. ദൈവമാണ് രക്ഷിച്ചത്.

ഇപ്പോഴും ആ ശബ്ദം കേള്‍ക്കാനാവുന്നുണ്ട്. ആരെങ്കിലും സമീപത്ത് നിന്ന് ഉറക്കെ സംസാരിക്കുന്നതു പോലും പേടിപ്പെടുത്തുകയാണെന്നും ആക്രമണ നിമിഷത്തെ കുറിച്ച് യുവാവ് പറയുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് തെറിച്ചുവന്ന ഇരുമ്പുകഷ്ണം തറച്ചത് ഒരല്‍പ്പം മാറിയിരുന്നെങ്കില്‍ താനും മരണപ്പെട്ടേനെയെന്ന് പാക് പൗരനായ സഈദ് നൂര്‍ ജബ്ബാര്‍ ഖാന്‍ പറയുന്നു. യുവാവിന്‍റെ ഇടതുതോളിലൂടെ മൂര്‍ച്ചയേറിയ വസ്തുവാണ് തുളച്ചുകയറിയത്. ലോറിയിലേക്ക് കയറാന്‍ തുടങ്ങുമ്പോഴായിരുന്നു സ്‌ഫോടനമുണ്ടായതെന്ന് 33കാരനായ സഈദ് പറഞ്ഞു. സ്‌ഫോടന ശബ്ദത്തില്‍ ഞെട്ടിത്തരിച്ചതിനാല്‍ പരിക്കേറ്റ വിവരം അറിഞ്ഞിരുന്നില്ല. ഷര്‍ട്ടിലൂടെ രക്തം കുതിച്ചൊഴുകിയപ്പോള്‍ മാത്രമാണ് പരിക്കേറ്റ വിവരമറിയുന്നതെന്നും സഈദ് നൂര്‍ പറഞ്ഞു.

അതേസമയം, ഹൂതി വിമതരുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികില്‍സയാണ് അധികൃതര്‍ നല്‍കിവരുന്നത്. ഇന്ധന ടാങ്കറുകള്‍ കത്തിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ അബൂദബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ജീവനക്കാരെ കമ്പനി സി.ഇ.ഒ. ഡോ. സുല്‍ത്താന്‍ അല്‍ ജാബിര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. യു.എ.ഇ രാഷ്ട്ര നേതൃത്വത്തിന്‍റെയും അഡ്‌നോക് മേധാവികളുടെയും പിന്തുണയും അദ്ദേഹം അറിയിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായും ഡോ. സുല്‍ത്താന്‍ സംസാരിച്ചിരുന്നു. മുസഫയിലെ സംഭരണകേന്ദ്രത്തിലും അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിര്‍മാണ മേഖലയിലുമായാണ് തിങ്കളാഴ്ച സ്‌ഫോടനമുണ്ടായത്. ആക്രമണത്തിനു പിന്നാലെ യമനിലെ ഹൂതി വിമതര്‍ ഇതി‍െൻറ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

Tags:    
News Summary - This is a birthday present; Indian man survives Houthi attack in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.