ഇ-സ്കൂട്ടർ പാതയിൽ തെരുവുവിളക്കിന്റെ അറ്റകുറ്റപ്പണി നടത്തുന്ന ജീവനക്കാർ
ഇ-സ്കൂട്ടർ പാതകളിൽ തെരുവുവിളക്ക്; അറ്റകുറ്റപ്പണി പൂർത്തിയാക്കി
ദുബൈ: എമിറേറ്റിലെ ഇ-സ്കൂട്ടർ, സൈക്ലിങ് പാതകളിൽ 2,173 തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). അൽ ഖുദ്റ, ജുമൈറ, നദ്ദ് അൽ ശെബ, മിർദിഫ്, മുശ്രിഫ് എന്നീ പാതകളിലാണ് തെരുവുവിളക്കുകൾ സജ്ജീകരിച്ചത്. രാത്രിയിലും ഇത്തരം പാതകൾ ഉപയോഗപ്പെടുത്തുന്നവർക്ക് സൗകര്യമൊരുക്കുന്നതിനാണ് നടപടി സ്വീകരിച്ചത്. സുരക്ഷിതത്വവും ദൃശ്യതയും വർധിപ്പിക്കാനും താമസക്കാരുടെയും സന്ദർശകരുടെയും ക്ഷേമം ഉറപ്പുവരുത്താനും ഇത് സഹായിക്കുമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
സൈക്ലിങ്, ഇ-സ്കൂട്ടർ പാതകൾ ഉപയോഗിച്ച് കായിക പരിശീലനം നേടാൻ ഉദ്ദേശിക്കുന്നവർക്ക് സന്തോഷത്തോടെ ഉപയോഗിക്കാനുള്ള അടിസ്ഥാന സൗകര്യം രൂപപ്പെടുത്താൻ ആർ.ടി.എ പ്രതിജ്ഞാബദ്ധമാണെന്ന് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ റോഡ്, അടിസ്ഥാന സൗകര്യ അറ്റകുറ്റപ്പണി വകുപ്പ് ഡയറക്ടർ അബ്ദുല്ല ലൂത്ത പറഞ്ഞു. ആർ.ടി.എയുടെ ആസ്തികൾ സംരക്ഷിക്കുന്നതിലും ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിലും സുസ്ഥിരത വർധിപ്പിക്കുന്നതിലും ലൈറ്റിങ് യൂനിറ്റുകളുടെ അറ്റകുറ്റപ്പണി വളരെ പ്രധാനപ്പെട്ടതാണ്. പാതകൾ ഉപയോഗിക്കുന്നവർക്ക് വ്യക്തമായ ദൃശ്യപരതയും എളുപ്പത്തിലുള്ള യാത്രക്കും ഇത് സൗകര്യമൊരുക്കുകയും ചെയ്യും -അദ്ദേഹം കൂട്ടിച്ചേർത്തു.
വാർഷിക പദ്ധതിയുടെ ഭാഗമായാണ് ആർ.ടി.എ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്തിവരുന്നത്. രണ്ട് രീതിയിൽ അറ്റകുറ്റപ്പണികൾ നടത്തിവരുന്നുണ്ട്. ഇവയിൽ കേടുപാടുകൾ ഉണ്ടാകുന്നത് തടയുന്നതിനുള്ള പരിശോധന, ശുചീകരണം, ഇലക്ട്രിക് കണക്ഷനുകളുടെ നിലവാര പരിശോധന എന്നിവയാണ് ആദ്യവിഭാഗത്തിൽ ഉൾപ്പെടുന്നത്.
തെരുവുവിളക്കുകൾ പ്രവർത്തിക്കാതിരിക്കുമ്പോഴാണ് അറ്റകുറ്റപ്പണികൾ നടത്തുന്ന രണ്ടാമത്തെ സാഹചര്യം. ഈ രണ്ട് രീതിയിലും പ്രവർത്തനം മുന്നോട്ടുപോകുന്നത് തെരുവുവിളക്കുകൾ എല്ലാ സമയത്തും പ്രവർത്തനക്ഷമമായിരിക്കുന്നത് ഉറപ്പുവരുത്തുന്നതാണ്.
ഫീൽഡ് പരിശോധകരുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മാത്രമല്ല, ആർ.ടി.എ കാൾ സെന്ററുകൾ വഴിയും ആർ.ടി.എ ആപ്പിലെ ‘മദീനതീ’ സർവിസ് വഴിയും ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയും അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ സമൂഹത്തിലെ അംഗങ്ങളുടെയും ആർ.ടി.എ പങ്കാളികളുടെയും പരിശ്രമങ്ങളെ അധികൃതർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.