ദുബൈ: ബസ് യാത്രക്കാർക്ക് നൽകുന്ന സേവനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ദുബൈ റോഡ് ഗതാഗത അതോറിറ്റിയുടെ പുതിയ ബസ് സ്റ്റേഷൻ വെള്ളിഴാഴ്ച പ്രവർത്തനമാരംഭിക്കുന്നു. ഏറെ ബസ് യാത്രക്കാരുള്ള ഖിസൈസ് പ്രദേശത്തെ സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തായാണ് സ്റ്റേഷൻ ആരംഭിക്കുന്നത്. യാത്രാ സമയം കുറക്കാനും മറ്റു യാത്രാമാർഗങ്ങളുമായി തടസ്സമില്ലാത്ത കണക്ഷൻ ഉറപ്പുവരുത്താനും സ്റ്റേഷൻ ഉപകരിക്കും. 19, എഫ്22, v23എ, എഫ്23, എഫ്24, ഡബ്ല്യു20 എന്നീ റൂട്ടുകളിലേക്കുള്ള ബസുകൾ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. അതോടൊപ്പം റൂട്ട് 23 ബസുകൾ ഇതുവഴി കടന്നുപോവുകയും ചെയ്യും.
യാത്രക്കാർ ലക്ഷ്യസ്ഥാനങ്ങളിൽ വേഗത്തിൽ എത്തിച്ചേരുന്നത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എക്സ്പ്രസ് ലൈനുകളിൽ റോഡ് ഗതാഗത അതോറിറ്റിയുടെ പൊതുഗതാഗത ഏജൻസി നവീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. 62, എക്സ്02, എക്സ്23, എക്സ്22, എക്സ്13, എക്സ്25, എക്സ്92, എക്സ്64, എക്സ്94 എന്നിവയാണ് മെച്ചപ്പെടുത്തുന്ന റൂട്ടുകൾ. കൂടാതെ അഗോറ മാളിൽ അവസാനിക്കുന്ന തരത്തിൽ എക്സ്28 റൂട്ടിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും.
വാരാന്ത്യങ്ങളിൽ മുസഫ ബസ് സ്റ്റേഷനിൽ സർവിസ് നടത്തുന്നതിനും അൽ ജാഫിലിയ സ്റ്റേഷനും സായിദ് ഇന്റർനാഷനൽ എയർപോർട്ട് ടെർമിനൽ-എക്കും ഇടയിലുള്ള യാത്രാസമയം മെച്ചപ്പെടുത്തുന്നതിനുമായി ഇന്റർ-സിറ്റി ബസ് ലൈൻ ഇ102 പരിഷ്കരിക്കും. കൂടാതെ, 30 റൂട്ടുകളുടെ ഷെഡ്യൂളുകളിൽ മെച്ചപ്പെടുത്തലുകൾ വരുത്താനും തീരുമാനിച്ചിട്ടുണ്ട്. 19, 23, 27, 43, 62, സി 04, സി 10, സി 15, സി 18, ഡി 03, ഇ 102, ഇ 307, ഇ 400, എഫ് 08, എഫ് 17, എഫ് 22, എഫ് 23, എഫ് 23എ, എഫ് 24, എഫ് 51, ഡബ്ല്യു 20, എക്സ് 02, എക്സ് 13, എക്സ് 22, എക്സ് 23, എക്സ് 25, എക്സ് 28, എക്സ് 64, എക്സ്92, എക്സ് 94 എന്നിവയുടെ ഷെഡ്യൂളുകളിലാണ് വെള്ളിയാഴ്ച മുതൽ നവീകരണമുണ്ടാകുക. അതേസമയം റൂട്ട് 91എ റദ്ദാക്കപ്പെടും. അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ജബൽ അലി പോർട്ട് സോണിലേക്കുള്ള ബദൽ റൂട്ട് 91 യാത്രക്കാർക്ക് ഉപയോഗിക്കാമെന്നും ആർ.ടി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.